2013 ജൂൺ 14 :
തിരുവനന്തപുരത്ത് ടെക്നോ പാർക്കിൽ അന്ന് ഞാൻ സർവ്വ സ്വതന്ത്ര പരിപോഷിതനായി വിരാചിച്ചിരുന്ന കാലം. എൻ്റെ സുഹൃത്തും സഹമുറിയനും ആയ ജോർജിന്റെ കൂടെ അത്താഴം കഴിക്കാൻ ഇറങ്ങിയപ്പോളാണ് ആ പോസ്റ്റർ കണ്ണിൽ പെടുന്നത്.
'COCKTAIL', ഈ അടുത്ത കാലത്ത് ' തുടങ്ങിയ നിലവാരമുള്ള ചിത്രങ്ങളുടെ സംവിധായകൻ അരുൺ കുമാർ അരവിന്ദിൻറെ "ലെഫ്റ് റൈറ്റ് ലെഫ്റ് " എന്ന ചലച്ചിത്രത്തിന്റെ വ്യത്യസ്തമായ ഒരു പോസ്റ്റർ ആയിരുന്നു അത് . ഭക്ഷണത്തിനു കാത്തിരിക്കുന്ന ഇടവേളയിൽ കണ്ട ട്രൈലെർ നന്നേ ബോധിച്ചത് കൊണ്ടും , വീട്ടിൽ പോയി ചെയ്യാൻ പ്രത്യേകിച്ച് ഒന്നും ഇല്ലാത്തത് കൊണ്ടും അത്താഴത്തിനു ശേഷം നേരെ കഴക്കൂട്ടം കൃഷ്ണ തീയ്യറ്റർ വെച്ചു പിടിച്ചു.
ഒരു നല്ല ആസ്വാദകനും, സിനിമാ പ്രേമിയും, അതിലുപരി അതീവ രസികനും ആയ ശംഭു എന്ന സുഹൃത്തിനേയും കൂടെ കൂട്ടി. ഇടതുപക്ഷ അനുഭാവിയായ ജോർജ് എൻ്റെ വലതുഭാഗത്തും വലതുപക്ഷ സഹയാത്രികനായ ശംഭു എൻ്റെ ഇടതുഭാഗത്തും ആണ് അന്ന് സിനിമ കാണാൻ ഇരുന്നത് എന്നത് തികച്ചും യാദർശ്ചികം മാത്രം ! അതിനാൽത്തന്നെ നേരെ നോക്കുക എന്നതാണ് എനിക്കുണ്ടായിരുന്ന ഒരേയൊരു
പോം വഴി ....
പിന്നെ ഉള്ള രണ്ടര മണിക്കൂറിൽ ഞങ്ങൾ കണ്ടത് അന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും കെട്ടുറപ്പുള്ള , നട്ടെല്ലുള്ള രാഷ്ട്രീയ സിനിമയാണ്. സത്യത്തെ അന്തസത്തയിൽ വെള്ളം ചേർക്കാതെ , വളച്ചൊടിക്കാതെ നേരിനെ നേരായി കാണിച്ചുള്ള ഉള്ള അവതരണം; അത് തുറന്നു പറയാനുള്ള ധൈര്യം ഞങ്ങളെ ഞെട്ടിച്ചു. തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഞങ്ങളുടെ മനസ്സിൽ കുടിയേറിയത് ഇന്ദ്രജിത്ത് എന്ന വിശാലമായ റെയ്ഞ്ചുള്ള ഒരു യുവനടനും മുരളി ഗോപി എന്ന ആണത്ത്വമുള്ള , കരുത്തുറ്റ ഒരു തിരക്കഥാകൃത്തുമാണ്. ഗോപിസുന്ദറിന്റെ ഇനിയും കോപ്പിയടി പൂർണമായി സ്ഥാപിക്കാത്ത ആ ഗാനവും മനസ്സിൽനിന്ന് മാഞ്ഞില്ല ..... തിരക്കും ബഹളവും ഉണ്ടാക്കാതെ വന്ന ആ കൊച്ചു സിനിമ കേരള രാഷ്ട്രീയത്തെ പിടിച്ച കുലിക്കി ഒടുക്കം ചുവപ്പിൽ അലിഞ്ഞു ഇല്ലാതായി !!
2017 ജൂലൈ 07 :
കന്നഡ മണ്ണിലാണ് ഇപ്പോൾ 3 വർഷമായി വാസം. നല്ല മലയാളം മറുത്തു ഹോഗിതേ, ക്ഷമിക്കണം , മറന്നു തുടങ്ങിയിരിക്കുന്നു !
ഞാൻ മേൽപ്പടി ഉന്നയിച്ച കാര്യ കാരണങ്ങളാൽ "റിബൽ" സ്ക്രിപ് റ്റുമായി മുരളി ഗോപിയും അഭിനയ
മികവുമായി ഇന്ദ്രജിത്തും , കൂടെ നിലവാരമുള്ള മലയാള സിനിമയുടെ അംബാസഡർ ആയ പൃഥ്വിരാജുo ഒരുമിച്ചപ്പോൾ മറ്റൊന്നും ചിന്ദിക്കാതെ "ടിയാൻ" എന്ന ബിഗ് ബജറ്റ് ത്രില്ലറിന് ടിക്കറ്റ് പ്രീബുക്ക് ചെയ്തു. സിനിമയുടെ ട്രൈലർ കത്തുന്ന പ്രതീക്ഷയിൽ എണ്ണയൊഴിച്ചു; ആദ്യ ഗാനം പുറത്തു വന്നതോടെ ആ പ്രതീക്ഷ ആളിക്കത്താൻ തുടങ്ങി.
ഗാഗ്രാവാഡിയെന്ന ഉത്തർ പ്രദേശിലെ ഗ്രാമമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. വികസനവും പ്രാഥമിക സൗകര്യങ്ങളും ഇന്നും അന്യമായ ഒരു അർദ്ധവിജ്രംഭിച്ച ഭൂമികയാണ് ഗാഗ്രാവാഡി. കുറച്ചു മലയാളി കുടുംബങ്ങൾ ഭൂരിപക്ഷ ഹിന്ദി സമൂഹത്തിനോട് ഇടചേർന്നു അവിടെ കച്ചവടം ചെയ്തു ജീവിക്കുന്നു. ശ്രീ ശങ്കരാചാര്യരുടെ പിൻ തലമുറക്കാരനായ പട്ടാഭിരാമ ഗിരി എന്ന തമിഴ് ബ്രാഹ്മണൻ (ഇന്ദ്രജിത്) വാഴുന്ന ആശ്രമം അവിടെ ആണ് കുടികൊള്ളുന്നത് . ആ ആശ്രമത്തിലെ കിണറിലെ വെള്ളമാണ് ആ ഗ്രാമത്തിന്റെ ഏക നീരുറവ. പട്ടാഭിരാമ ഗിരി അന്നാട്ടിലെ കുട്ടികൾക്കും ചില വിദേശി കുതുകികൾക്കും (പാരീസ് ലക്ഷ്മി) വേദപാഠങ്ങൾ പഠിപ്പിക്കുന്നതിലൂടെ ഉപജീവനം കണ്ടെത്തുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആശ്രമത്തിന്റെ രക്ഷാധികാരിയാണ് പട്ടാഭിരാമൻ.
ഒരു സുപ്രഭാതത്തിൽ അവിടെ ആൾ ദൈവമായ മഹാശയ ഭഗവാന്റെ മഹാശയ ആശ്രമം സ്ഥാപിക്കാൻ ഉള്ള ഒരുക്കങ്ങൾ നടക്കുന്നു ; അതിനായി ഗ്രാമവാസികളെ ഒഴിപ്പിക്കുന്നു ; ഒഴിയാത്തവരെ ബലം പ്രയോഗിച്ചു നീക്കം ചെയ്യുന്നു. അവസാനം ശിവാവതാരം ആയ മഹാശയ ഭഗവാന്റെ ആശ്രമത്തിന്റെ നന്ദിദ്വാരം ഗിരിയുടെ ആശ്രമത്തിന്റെ കവാടമുഖത്തു നിശ്ചയിക്കുന്നു. ഗിരിയോട് ആശ്രമം വിലക്കുവാങ്ങാൻ ഉള്ള ശ്രമം പരാജയപ്പെടുമ്പോൾ ഭീഷണിയുടെ പാതയിൽ കാര്യങ്ങൾ നീളുന്നു. സാത്വികനായ ഗിരിക്ക് കൂട്ടായി അസ്‌ലാൻ മുഹമ്മദ് (പൃഥ്വിരാജ് ) ചേര്ന്നു. ഇതാണ് പരന്ന അർത്ഥത്തിൽ ടിയാൻ.
ചർമ്മ ആഴത്തിനു താഴെ പോകേണ്ടാത്തവർക്ക് ആസ്വദിക്കാൻ പൃഥ്‌വിരാജിന്റെ ഒരു ആക്ഷൻ രംഗം, മൂന്നു നാല് പഞ്ച് ഡയലോഗ് എന്നിവ മാത്രമേ ഈ സിനിമയിലുള്ളു. പടം വകക്ക് കൊള്ളില്ല, "ലാഗ്" ആണ് , കഥ പോരാ, ലിങ്ക് ഇല്ല , കാശുപോയി എന്നൊക്കെ പറഞ്ഞു ഈ സിനിമയെ എന്ത് വിലകൊടുത്തും ബോക്സ് ഓഫീസിൽ പരാജയപ്പെടുത്താൻ അക്ഷീണം പ്രയത്‌നിക്കാം. ഒരു പുലിമുരുഗാനോ , ഗ്രേറ്റ് ഫാദറൊ , പ്രേമമോ , ചാർളിയോ പ്രതീക്ഷിക്കുന്നവർ ഈ സിനിമക്ക് സമയം കളയരുത്. താഴെ എഴുതിയതും നിങ്ങൾക്കുള്ളതല്ല. പടം ഫ്ലോപ്പ് ; ശുഭം !!
സീരിയസ് ആയി സമീപിക്കുന്നവർ ഈ ചിത്രത്തിന്റെ ഗഹനമായി വശങ്ങൾ തിരിച്ചറിയും എന്ന്
വിശ്വസിക്കുന്നു. ഇനി പറയുന്നത് അത്തരക്കാരോട് മാത്രമാണ് . . . .
ടിയാൻ ഒരു ക്ലാസിക് പൊളിറ്റിക്കൽ റെട്രോസ്‌പെക്റ്റിവ് സിനിമയാണ്. മലയാളികൾക്ക് തീരെ പരിചിതമല്ലാത്ത ഈ പേരിന്റെ അർഥം പോലെ തന്നെ ആധാരങ്ങളിൽ അധിഷ്ഠിതമാണ് ഇതിന്റെ പ്രമേയവും. " When Man Meets Miracle, EPIC is Born " എന്ന ടാഗ്‌ലൈൻ അന്വർത്ഥമാക്കുന്നു ഈ സിനിമ . ഇതിന്റെ പശ്ചാത്തലം UP ആണ് എന്നത് ഒരു യാദ്ര്ശ്ചികത ആയി തോന്നുന്നില്ല ! ഗ്രാമത്തിലെ 'വറ്റാത്ത ഏക കിണറും' വലിയ അർഥങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
പട്ടാഭിരാമ ഗിരി തലമുറകൾ പഴക്കമുള്ള ഭാരത ഹൈന്ദവ സംസ്ക്കാരത്തിന്റെ പ്രതീകമാണ്. സുരാജിന്റെ നായർ കഥാപാത്രം ഇന്നാട്ടിലെ ദൈനംദിന ലാഭങ്ങൾക്ക് വേണ്ടി അഭിപ്രായങ്ങൾ മാറ്റിപ്പറയാൻ നിർബന്ധിതനാകുന്ന , എന്നാൽ ചുറ്റും നടക്കുന്നതൊന്നും മനസ്സിലാകാത്ത അഭിനവ ഭാരതീയ ഭൂരിപക്ഷമാണ്. അസ്‌ലാൻ പല മാനങ്ങളുള്ള കഥാപാത്രമാണ്. മുസ്ലിം മതവിശ്വാസി ആയി ജനിച്ച അദ്ദേഹം ഒരു അവധൂതനായി പര്യവസാനിക്കുന്നു , 'ദൈവത്തിന്റെ പോരാളി' എന്നാണു കഥാകൃത്തു ഈ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. കുറച്ചു ഫിക്ഷൻ ഉള്ള കഥാപാത്ര ശ്രിഷ്ട്ടിയാണ് അസ്‌ലാന്റേത്. ഭാവിയുടെ രക്ഷകനായ അസലാനെ നമ്മൾ കണ്ടെത്തണം എന്നായിരിക്കാം ഭാവന. മഹാശായ് ഭഗവൻ (മുരളി ഗോപി) ഇന്ന് കാണുന്ന ഏതൊരു ആൾ ദൈവത്തിന്റെയും മത - വർഗീയവാദിയുടേയും , വർഗ്ഗീയ റിയൽ എസ്റ്റേറ്റ് കോർപ്പറേറ്റ് സംഘടനയുടേയും പ്രതിനിധി ആണ്.
ഈ ചിത്രം പോരായ്മകൾ ഇല്ലാത്ത സർഗ്ഗ സൃഷ്ട്ടിയൊന്നുമല്ല. സാത്വികനായ ഗിരി താൻ തന്നെ ആണ് അസ്‌ലാൻ എന്ന തിരിച്ചറിവ് നേടുന്നത് സ്വൽപ്പം അതിമാനുഷികമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. " തത്വമസി " ഗിരിയെ പഠിപ്പിക്കാതെ രക്ഷകനായി അസ്‌ലാനു നേരിട്ട് ശത്രു നിഗ്രഹം നടത്താമായിരുന്നു ; 'നിയോഗം അതല്ല' എന്ന് വ്യാഘ്യാനിക്കാം വേണമെങ്കിൽ അതിനെ. മരിച്ച കുഞ്ഞിന് ഇന്ദ്രജിത്ത് ജീവൻ തിരിച്ച നൽകുന്ന 'മിറാക്കിൾ' പലർക്കും ദഹിക്കാൻ സാധ്യതയില്ല. അതിനെ ദൈവഹിതമായി കണ്ടാൽ സിനിമ ആസ്വദിക്കാം. സാത്ത്വികനായ ഗിരി നിയന്ത്രണം കൈവിടുന്ന രംഗങ്ങളിൽ ഉള്ള വൈരുധ്യം , ബ്രഹ്മണണ്യത്തോടുള്ള അമിത വിധേയത്വം തുടങ്ങിയവ ഒഴിവാക്കാമായിരുന്നു . സ്വന്തം മകൾ മരിക്കുമ്പോൾ അസ്‌ലാൻ 'മിറാക്കിൾ' എന്തേ കാണിക്കാഞ്ഞത് എന്ന് ഗിരിക്ക് ചോദിക്കാമായിരുന്നു !! അല്ലാത്ത പക്ഷം പ്രേക്ഷകർ അത് സ്വീകരിക്കാൻ സാധ്യത കുറവാണു .
പൃഥ്‌വി തന്റെ കഥാപാത്രം അതർഹിക്കുന്ന അർത്ഥതലങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചു. ഇന്ദ്രജിത് വൈകാരിക നിമിഷങ്ങളിൽ തിളങ്ങി. മുരളി ഗോപി എല്ലാ ആൾദൈവങ്ങളെയും വെറുപ്പിക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചു. സൂരജ് ഒരു സാധാരക്കാരനായി ജീവിച്ചു. രവി സിങ് ആണ് എടുത്ത് പറയേണ്ട മറ്റൊരു കലാകാരൻ. ഘോർപടെ ആയി അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗോപിസുന്ദർ മികച്ച ശ്ശബ്‌ദ വിസ്മയമാണ് ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പിന്റെ ക്യാമറ മനോഹരം. സിനിമയുടെ രണ്ടാം പകുതിയിലെ വിരസത കുറക്കാൻ സാധിച്ചിരുന്നെങ്കിൽ 'ജിയെൻ ' മറ്റൊരു ഹരിഹരൻ ആയിപ്പോയേനെ.
ചിത്രത്തിന്റെ ' കാച്ചിക്കുറിക്കുയ തങ്കം ' ഇനി പറയുന്നവയാണ് . മുരളി ഗോപി , ഒരു അഘോരിയെ കൊണ്ട് " അള്ളാഹു അക്ബർ " എന്നും അസ്‌ലാനെ കൊണ്ട് " നമഃശിവായ " എന്നും പറയിക്കാൻ നിങ്ങൾക്കേ ചങ്കൂറ്റം ഉള്ളു ; അഭിനന്ദനങ്ങൾ. അതിന്റെ അർത്ഥ വ്യാപ്തി തിരിച്ചറിയുന്ന ജനങ്ങളും തിരിച്ചറിയാത്ത രാഷ്ട്രീയ കോമരങ്ങളും ആണ് ഈ നാടിൻറെ ശാപം എന്ന് പറയാതെ പറഞ്ഞതിന് നന്ദി. ആശ്രമത്തിൽ കോർപറേറ്റ് പ്രതിനിധികൾ "imported beef burger" കഴിക്കുന്നതിന് പിന്നിലെ സർക്കാസം നന്നേ ബോധിച്ചു. പോലീസുകാരന്റെ ' ഉപദേശം ' അസ്സൽ. നമ്മുടെ രാഷ്ട്രീയ കോമരങ്ങൾ 'പ്രമുഖ' പ്രതിയുടെ പിന്നാലെ ആയതിലാൽ വിവാദം ഒഴിവായി !!
ഈ നാട്ടിലെ മനുഷ്യ ദൈവങ്ങളും രാഷ്ട്രീയ കോമരങ്ങളും മത തീവ്രവാദികളും കോർപ്പറേറ്റ് ഭീമന്മാരും ഈ സിനിമയെ അട്ടിമറിക്കും. തെലുങ്കു - തമിഴ് റീമേക്കുകൾ അഭയമാക്കിയവരും , 'പ്രമുഖ' ഹാസ്യ കോപ്രായങ്ങൾ , പുതുതലമുറ തെറിവിളി തുടങ്ങിയവ മാത്രം ഹിറ്റ് ആകുന്നവരും നിങ്ങളെ പരിഹസിക്കും ; തളരരുത് .... കാരണം , അവർ 'അമ്മ'യുടെ കൂട്ടത്തിൽ കൂവി വിളിക്കുന്ന ചാവാലികൾ മാത്രമാണ് ; അവർ നാളെ നിങ്ങളുടെ ചിത്രങ്ങളെ ഞെട്ടലോടെ കാണാൻ ഭയപ്പെടുന്നതിനാൽ ആളിക്കത്തുകയാണ് .
ഇതു ഒരു തുടക്കം ആയിരിക്കട്ടെ . നിങ്ങൾ ഈ കാണിച്ച ധൈര്യം കുറച്ച യുവാക്കൾക്കെങ്കിലും ഒരു പ്രതീക്ഷയാണ്, പ്രത്യാശയാണ് . മഹാശയ ഭഗവന്മാർ വിഴുങ്ങുന്നതിനു മുൻപ് ഈ മണ്ണ് ആരുടേതാണ് എന്ന് ചിന്ദിക്കാൻ ഈ തലമുറക്ക് ആകട്ടെ. ഇത്തരം സിനിമകൾ എടുക്കാൻ കൂടുതൽ ഹനീഫ് മുഹമ്മദുമാർ ഉണ്ടാകട്ടെ. പുതു തലമുറ അസ്‌ലാൻ മാരും പട്ടാഭിരാമ ഗിരിയും "ഞാൻ കൂടെ ഉണ്ട് " എന്ന് പരസ്പരം പറയുന്ന ഒരു കാലം ഈ ആദി ശങ്കരന്റെ മണ്ണിൽ വിരിയട്ടെ.
അതുവരേക്കും "അള്ളാഹു അക്ബർ ; ഓം നമഃ ശിവായ ; ഈശോ മിശിഖായ്ക്ക് സ്തുതി ആയിരിക്കട്ടെ " !
- ടി യാ ൻ .






