[" കുറച്ചു കാലമായി ഈ ആസുഖം ഇല്ലായിരുന്നു. ഈ അടുത്ത് പിന്നെയും തുടങ്ങീയിരിക്കുന്നു. സസ്നേഹം സഹിക്കുക."]
പുതുതായി എന്തെങ്കി ലും ചെയ്യണം എന്ന ആഗ്രഹമുള്ള, എന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത [കഴിവില്ലാതെയല്ല, അതിനെ മറികടക്കുന്ന അലസതയുടെ ആധിഘ്യം ഉള്ള ] ഒരു പറ്റം ചെറുപ്പക്കാര്‍ പതിവുപോലെ ഒരു സന്ധ്യക്ക് [ഉദ്ദേശ്യം രാത്രി 10 മണിക്ക്] കട്ടന്‍ ചായ കുടിക്കാനായി ഗോവിന്ദ ഗൌഡയുടെ ചായക്കടയില്‍ ഒത്തുക്കൂടി.
അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി മാറ്റാനുള്ള ഉപായങ്ങള്‍ ചര്‍ച്ച ചെയ്തു മടുത്തു. ഇന്ത്യ - പാകിസ്ഥാന്‍ പ്രശനം ഒരു 100 തവണ പരിഹരിച്ചു കഴിഞ്ഞതാണ്. ബംഗാളൂരില്‍ മെട്രോ തീവണ്ടി കൊണ്ടുവരുത്തിച്ചു. മന്ത്രി രാജയെ രാജി വെപ്പിച്ചു. ഐശ്വര്യയേ ബച്ചന്‍ മോനെക്കൊണ്ട് [ അങ്ങനെ വിശ്വസിക്കുന്നു ] അമ്മയാക്കി. പെട്രോള്‍ വില വര്‍ധന അങ്ങനെ ഒരു പരിധിവരെ എണ്ണക്കംമ്പനികളോട് പറഞ്ഞു കൂട്ടാതെ നിര്‍ത്തി വെച്ചിരിക്കുന്നു. ബഡ്ജറ്റില്‍ ഡീസല്‍ കാറുകളുടെ വില വര്‍ധിപ്പിക്കണ്ട എന്ന് തീരുമാനിപ്പിച്ചു. സച്ചിനെ ശല്ല്യം ചെയ്തു സഹിക്കാനാകാതെയാക്കി നൂറു സെഞ്ച്വറി അടിപ്പിച്ചു. ഇനി എന്ത് എന്നാലോചിച്ചു വീര്‍പ്പുമുട്ടുന്ന സമയം. ഈ നൈമിഷിക ലോകത്തിന്റെ വീര്‍പ്പുമുട്ടലുകളില്‍ നിന്ന് ഒരു ആശ്വാസം തേടി ഒരു തീര്‍ത്തയാത്ര പോകാം എന്ന് തീരുമാനമെടുത്തു.
എങ്ങോട്ട് പോകണം എന്നതായി അടുത്ത പ്രശനം. ആത്മീയത തേടിയുള്ള യാത്ര ആണ്. എല്ലാ ആത്മീയവാദികളും അവരവരുടെ ഇഷ്ട്ടദേവന്‍റെ വാസസ്ഥലങ്ങള്‍ തേടി പോകാം എന്ന് പറഞ്ഞു ചാടിവന്നു. യാത്രാസ്ഥലം നിശ്ചയിക്കല്‍ ഒരു ലോകമഹായുദ്ധം സൃഷ്ട്ടിക്കുമെന്നായപ്പോള്‍ ഈയുള്ളവന്‍ എല്ലാ ആത്മീയവാദികള്‍ക്കും ഒരേപോലെ ഇഷ്ട്ടമാകുന്ന ഒരു തീര്‍ഥാടന കേന്ദ്രം നിര്‍ദേശിച്ചു. "ഗോവ" ! ! കേട്ട പാതി കേള്‍ക്കാത്ത പാതി എല്ലാവരും പറഞ്ഞു "ഇതാണ് ഉത്തമം, ഇതാകുമ്പോള്‍ എല്ലാര്ക്കും ഒരേപോലെ പ്രാര്‍ഥിക്കാം. ഇതു മതി ". അങ്ങനെ അതിലും ഒരു തീരുമാനമായി.
ജീവിത സാഗരത്തില്‍ പ്രശ്നങ്ങള്‍ തീരില്ലല്ലോ. ഇപ്പോളത്തെ പ്രശനം എന്ന് പോകണം എന്നതായി. 1 മുതല്‍ 31 വരെ ഉള്ള എല്ലാ ഡേറ്റുകളും പലര്‍ക്കും പ്രശനം ആയതിനാല്‍ അതും ഈ പാവം നിശ്ചയിച്ചു. "നാളെ വൈകുന്നേരം പുറപ്പെടാം". ശുഭസ്യ ശീഘ്രം എന്നാണല്ലോ ! ഇത്തവണയും എല്ലാരും എന്നെ അനുകൂലിച്ചു. ദൈവത്തിനു സ്തുതി.
അങ്ങനെ അടുത്ത ദിവസം രാത്രി 10 മണിയോടെ ഞങ്ങള്‍ ബംഗ്ലൂരില്‍ നിന്നും യാത്ര പുറപ്പെട്ടു. ആത്മീയതയും ലാളിത്യവും യാത്രയുടെ ഉദ്ദേശം ആയതിനാല്‍ ആ ലാളിത്യം ഞങ്ങളുടെ വേഷവിധാനങ്ങളിലും പ്രകടമായിരുന്നു. പണ്ട് സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ ഇതിലും വലിയ ട്രൌസര്‍ ആണ് എല്ലാരും ഇട്ടിരുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വിശ്വാസം, അതല്ലേ എല്ലാം! തുംകൂര്‍ വഴി ആണ് ഗോവക്കുള്ള യാത്ര. പോകുന്ന വഴിക്ക് ഭിക്ഷക്കാര്‍ക്ക് [ടോള്‍ ബൂത്ത് ] വേണ്ടുവോളം ദാനധര്‍മങ്ങള്‍ നടത്താന്‍ ഞങ്ങള്‍ മടിച്ചില്ല. മടിച്ചാലും ഇലനക്കി പട്ടികളുടെ ചിറിനക്കി പട്ടികളായ ഇവര്‍ ഭിക്ഷ കടിച്ചു വാങ്ങും. തടിക്കു കേട് പറ്റരുതല്ലോ എന്ന് കരുതി ഞങ്ങള്‍ ദാനധര്‍മങ്ങള്‍ അനസ്യൂതം തുടര്‍ന്നു. " ശിവനെ, കാത്തോളണേ"; പുറകില്‍നിന്നും ഉണ്ണിമോന്റെ [ പേര് ഉണ്ണികുട്ടന്‍; 23 വയസ്സ് ; 5 അടി 6 ഇഞ്ച് പൊക്കം; 55 കിലോഗ്രാം തുക്കം; ഇളം നിറം; മലയാളം , തമിള്‍, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ സംസാരിക്കും; കാണുന്നവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.] നിഷ്കളങ്ക പ്രാര്‍ഥന ഞങ്ങള്‍ക്ക് ശക്തി പകര്‍ന്നു.
കര്‍ണാടകത്തില്‍ ഈ ഭിക്ഷക്കാരുടെ ശല്ല്യം അനുദിനം കൂടി വരികയാണ്. ഒരേ വീടിന്റെ ഒരു മുറിയില്‍ നിന്നും അടുത്ത മുറിയിലേക്ക് കടക്കുമ്പോള്‍ പോലും ഭിക്ഷ [ടോള്‍] കൊടുക്കേണ്ടിവരുന്ന കാലം വിദൂരമല്ല! ഞങ്ങള്‍ ഭിക്ഷ കൊടുത്ത തുക ഉണ്ടായിരുന്നെങ്കില്‍ നാട്ടില്‍ 5 സെന്റു പറമ്പും ഒരു വീടും വെക്കാമായിരുന്നു. കേരളത്തില്‍ 3 രൂപ ടോള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ സമരം ചെയ്ത പാര്‍ട്ടിക്കാര്‍ തുടര്‍ച്ചയായി 15 വര്‍ഷമായി ഭരിക്കുന്ന കര്‍ണാടകത്തില്‍ എന്തായാലും ടോളിനു ഒരു പഞ്ഞവുമില്ല; കൊടുക്കാന്‍ സമരങ്ങളുടെ ദത്തു പുത്രന്മാരായ മലയാളികള്‍ക്ക് ഒരു മനസ്താപവും ലവലേശം ഇല്ല! എന്തായാലും കര്‍ണാടക വളരട്ടെ ! പാവം മലയാളികള്‍ ഭിക്ഷാം ദേഹികളായി ജീവിതം തീര്‍ക്കട്ടെ. സോറി, ഞാന്‍ മാറ്ററില്‍ നിന്ന് പോയി !! !!
രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഹുബ്ലിയില്‍ എത്തിയ ഞങ്ങള്‍ അവിടുത റോഡരികില്‍ ഉണ്ടായിരുന്ന വഴിയമ്പലത്തിലെ [തട്ടുകട] ഊട്ടുപുരയില്‍നിന്നും നെദ്യച്ചോറും തീര്‍ഥവും [ ഓംലെറ്റും ചായയും ] കഴിച്ചു യാത്ര തുടര്‍ന്നു. ഇടക്കിടെ ഉണരുന്ന ഉണ്ണിമോന്‍ ശിവസ്തുതികള്‍ പാടി ഞങ്ങളുടെ ഉറക്കം കെടുത്തി. ഒരു ഉത്തമ ശിവ ഭക്തന്‍ കൂടെ ഉള്ളപ്പോള്‍ എന്ത് അപടം വരാനാണു എന്നത് ഞങ്ങള്‍ക്ക് ധൈര്യം തന്നു. അതിരാവിലെ തുറമുഖപട്ടണമായ കാര്‍വാറില്‍ ഞങ്ങള്‍ എത്തി. പ്രഭാത സ്നാനം കഴിഞ്ഞു ചുവപ്പുപട്ടണിഞ്ഞു വരുന്ന സൂര്യദേവന്‍ അവിടെ ഞങ്ങളെ സ്വീകരിച്ചാനയിച്ചു. അതിമനോഹരമായ കടല്‍ തീരത്ത് കുറച്ചു സമയം വിശ്രമിക്കുമ്പോള്‍ എല്ലാവരും മനസ്സുകൊണ്ട് ഗോവയില്‍ എത്തിയിരുന്നു. പ്രഭാതഭക്ഷണത്തിന് ശേഷം പ്രിയ കര്‍ണാടകയോട് വിടപറഞ്ഞു ഞങ്ങള്‍ ഗോവാ ബോര്‍ഡര്‍ കടന്നു. ബോര്‍ഡര്‍ കഴിഞ്ഞപ്പോളേ മണ്മറഞ്ഞ പോര്‍ച്ചുഗീസ് സംസ്കാരത്തിന്റെ അവശിഷ്ട്ടങ്ങള്‍ ഞങ്ങളുടെ ദ്രിഷ്ട്ടി മേഘലയെ വാരിപ്പുണരാന്‍ തുടങി. ഇന്ത്യയെ ലോകത്തിനു മുന്‍പില്‍ ആദ്യമായി വ്യപിച്ചരിച്ച ആ സംസ്ക്കാരത്തിന്റെ കാല്‍പ്പാടുകളിലൂടെ അധികം പോകേണ്ടി വന്നില്ല ഞങ്ങള്‍ക്ക് ആ സൌന്ദര്യത്തിന്റെ മൂര്‍ത്തിമത് ഭാവത്തെ നേരില്‍ കാണാന്‍.
ഈറനുടുത്ത് തെല്ലൊരു നാണത്തോടെ മിഴിമുനകളാല്‍ മാടി വിളിക്കുന്ന സുന്ദരിയാണ് ഗോവ. അതിലും മനോഹരമാണ് അവളുടെ തോഴികളായ നിഷ്കലങ്ങകളായ മദാമ സഹോദരികള്‍. മദാമമാരെക്കാള്‍ നിഷ്കലങ്ങകളാണ് ഇന്ത്യന്‍ മദാമകള്‍; ലാളിത്യമാണ് അവരുടെയും മുഖമുദ്ര. രണ്ടാം ക്ലാസ്സില്‍ അച്ഛന്‍ വാങ്ങിക്കൊടുത്ത ഉടയാടകള്‍ ഇരുപതാം വയസ്സിലും അവര്‍ ഉപേക്ഷിച്ചിട്ടില്ല. പിതൃ സ്നേഹം അവരില്‍നിന്നു പഠിക്കാം. കടലമ്മയെ കാണുമ്പോള്‍ അവര്‍ക്ക് പിതൃസ്നേഹം പിന്നെയും കൂടും. 2 വയസ്സുള്ളപ്പോള്‍ അച്ഛന്‍ വാങ്ങികൊടുത്ത ഉടയടകളാണ് അത്തരം സാഹചര്യങ്ങളില്‍ അവര്‍ അണിയുക. അവര്‍ക്ക് കുറച്ചുകൂടെ സ്നേഹം അച്ഛനോട് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആശിച്ചു പോയി. നേരം ഉച്ചയായപ്പോള്‍ ചിലര്‍ക്ക് പിതൃസ്നേഹം പിന്നെയും കൂടി! അത് ഞങ്ങളിലെ ആത്മീയതയെ പരിപോഷിപ്പിച്ചു.
സ്നേഹം സഹിക്കവയ്യാതെ ആയപ്പോള്‍ ഞങ്ങള്‍ കടല്‍ക്കര വിട്ടു ഒരു മുറി എടുത്ത് വിശ്രമിക്കാന്‍ തീരുമാനിച്ചു. ഒരു ഉച്ചര ഉചെമുക്കാള്‍ ആയപ്പോള്‍ ഞങ്ങള്‍ ദാഹം സഹിക്കവയ്യാതെ നാരങ്ങ വെള്ളം കുടിക്കാന്‍ പുറത്തിറങ്ങി. തൂവാനംതുംബികളിലെ മോഹന്‍ലാലിനെപോലെ ഐസ് ഇട്ട നാരങ്ങവെള്ളം ഞങ്ങള്‍ക്കും കിട്ടിയില്ല. എന്തൊക്കെ ആയാലും കര്‍ണാടകത്തില്‍ നിന്നാണ് ഞങ്ങള്‍ വരുന്നത് എന്നോര്‍മ ഉള്ളതുകൊണ്ടും, തികഞ്ഞ ദേശസ്നേഹിയും സര്‍വോപരി ഗാന്ധിയനും ആയ ആളാണ് "വിജയ് മല്ല്യ" എന്നതുകൊണ്ടും മൂപ്പരുടെ തട്ടുകടയിലെ ജീരക സോഡാ കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഗാന്ധിജിയുടെ സാധന സമഗ്രഹികള്‍ ലേലത്തില്‍ വാങ്ങാനും ഇന്ത്യക്ക് സിന്ദൂരവര്‍ണമുള്ള, നിഷ്കളങ്കകളും ലാളിത്യ സമ്പന്നരുമാരായ എയര്‍ ഹോസ്ടസ്സുമാരെ കാഴ്ച വെക്കാനും മനസ്സ് കാണിച്ച മഹാനാണ് അദ്ദേഹം. സദാസമയവും തീര്‍ത്ഥം മാത്രം കഴിച്ചു സന്യാസി ജീവിതം നയിക്കുന്ന കലിയുഗ യോഗിയാണ് ആ മഹാനുഭാവന്‍. വിമാനം പറത്തി നഷ്ട്ടം വന്ന ആ പാവം ഞങളുടെ കയ്യില്‍ നിന്നും വാങ്ങിയ സോഡാ വിട്ടു കിട്ടിയ കാശുകൊണ്ട് രക്ഷപ്പെടട്ടെ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ റൂമിലേക്ക് നടന്നു. വഴിനീളെ ഉണ്ണി ശിവനെ സ്മരിച്ചുകൊണ്ടേ ഇരുന്നു. ഭക്തന് സമയവും കാലവും ഇല്ലല്ലോ.
കൂടെ ഉള്ളവരില്‍ മറ്റൊരു വ്യത്യസ്തനായ മാന്യനാണ് ജീന്‍സ് [ 'സവാള' എന്നാണ് ഓമന പേര് ]. പേര് പോലെ തന്നെ കഠിനമാണ് ആളും. ഇന്ത്യ മുഴുവന്‍ 2 ദിവസം കൊടുത്താല്‍ ഓടിച്ചു കാണിച്ചു തരും ഇദ്ദേഹം. ഏതു നാട്ടിലേയും ഇടവഴികള്‍ മൂപ്പര്‍ക്ക് മനപ്പാഠം! കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഹൈവേ വരുന്നതിനു മുന്‍പ് ഇടവഴികളിലൂടെ 1 ദിവസം കൊണ്ട് റോഡുമാര്‍ഗം സഞ്ചരിച്ച മഹാനുഭാവന്‍. ഇടവഴിയില്‍ ആനന്ദം കണ്ടെത്തുകയാണ് ജീവിത ലക്‌ഷ്യം. ഇന്ത്യയുടെ ആത്മാവ് ഇടവഴിയില്‍ ആണെന്നാണ് മൂപരുടെ വാദം. ക്ഷീണം, വിശ്രമം എന്നീ പദങ്ങള്‍ മൂപ്പരുടെ ഡിക്ഷ്ണറിയില്‍ ഇല്ല. അതിനാല്‍ തന്നെ ബാക്കി ഉള്ളവരെ അതിനു സമ്മതിക്കുകയും ഇല്ല. ഒരു ഇടവഴിയില്‍ നിന്നും മറ്റൊരു ഇടവഴിയിലീക്ക് നീളുന്ന സഞ്ചാരം. മൂപരുടെ സഹായം കൊണ്ട് മാത്രമാണ് ഞങ്ങള്‍ ഗോവ 2 ദിവസം കൊണ്ട് കണ്ടു തീര്‍ത്തത്. കണ്ണ് തുറന്നടക്കുന്ന സമയം കൊണ്ട് മൂപ്പര്‍ ഞങ്ങളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടെത്തിച്ചു, എല്ലാം ഇടവഴിയിലൂടെ മാത്രം. മൂപ്പരുടെ കൂടെ യാത്ര ചെയ്തു 56 ടക്കീല സ്ഥിരമായി കഴിച്ചിട്ടും തളരാത്ത സതീഷ് മോന്‍ വരെ ഓരൊറ്റ മല്ല്യ സോഡാ കഴിച്ചപ്പോള്‍ തളര്‍ന്നു വീണു ! സതീഷിനെ വീഴ്ത്തിയതിന്റെ ക്രെഡിറ്റ് മല്ല്യക്കോ ജീന്‍സ് മോനോ എന്നത് ഇന്നും തര്‍ക്ക വിഷയമാണ്.
ഗോവയിലെ വാട്ടര്‍ റൈഡ്സ് ആരെയും ഭയപ്പെടുതുന്നവയാണ്. ദുര്‍ബല ഹൃദയനായ ഞാന്‍ കാശു കൊടുത്തു പേടിക്കാന്‍ നിന്നില്ല. കൂടെ ഉള്ളവരില്‍ സഹസികനാണ് സന്തു മോന്‍. വെള്ളം മൂപര്‍ക്കൊരു ഹരമാണ്. മണിച്ചിത്രതാഴിലെ പപ്പുവിനീപ്പോലെ എവിടെ വെള്ളം കണ്ടാലും അത് ചാടി / നീന്തി കടക്കും. ഇല്ലെങ്ങില്‍ സമാധാനം കിട്ടില്ല്യ. "കടല്‍ കുറേ കണ്ടവനാണ് ഈ K.A. സന്തോഷ്" എന്ന് പറഞ്ഞു പോയ സന്തുവിനെപറ്റി വാട്ടര്‍ രൈഡിനു ശേഷം ഞാന്‍ കേള്‍ക്കുന്നത് 'ബീച്ചില്‍ പേടിച്ചു ഓടി നടന്നു ശര്‍ഥിച്ചു' എന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് ! .
കഞ്ചാവ് തേടി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ യാത്ര ചെയ്തു എത്തുന്ന മദാമ സഹോദരികളെ സസ്നേഹം സ്വീകരിച്ചു അതീവ സൂക്ഷ്മതയോടെ കഞ്ഞാവ് ബീഡി വലിപ്പിക്കുന്ന സഹോദരന്‍മാര്‍; കഞ്ചാവ് വലിച് തളരുന്ന അതിഥികളെ സ്വന്തം കിടപ്പറയില്‍ കിടത്തി ഉറക്കുന്നത് ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ അത്യന്ധാതുനിക പകര്‍പ്പ്. തളര്‍ന്നു വീഴുന്നവരെ ഉപേക്ഷിക്കരുത് എന്ന് യേശു പറഞ്ഞതുകൊണ്ടാകണം അവര്‍ മദാമകളുടെ കൂടെ തന്നെ കിടന്നുറങ്ങാന്‍ തീരുമാനിച്ചതും. സാമ്പത്തിക പ്രതിസന്ധി ബാധിച്ചു അവശരായ സായിപ്പന്മാരെക്കാളും മെച്ചം ഇന്ത്യന്‍ കഞ്ചാവ് വില്പ്പനക്കാറാണെന്നു മദാമകള്‍ വൈകിയെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു. ഈ കാഴ്ച കണ്ടു മനം നൊന്തു ഉണ്ണിമോന്‍ ശിവനെ ഉറക്കെ വിളിച്ചു കരഞ്ഞു. കരയാന്‍ മാത്രം വിധിക്കപ്പെട്ട സാധാരണക്കാരന്റെ വിളി ആരുകേള്‍ക്കാന്‍ !
ശിവന്‍ കേട്ടാലും ഇല്ലെങ്കിലും ഇത്തവണ ആ വിളി ജീന്‍സ് മോന്‍ കേട്ടു! "ഇനി നീ 'ശിവന്‍' എന്ന് മിണ്ടിയാല്‍ നിന്നെ കൊന്നു കളയും; കുറേ ആയി ഞാന്‍ ആ പേര് കേള്‍ക്കുന്നു. എവിടെയാണെന നിന്റെ ശിവന്‍? എനിക്കൊന്നു കാണണം മൂപ്പരെ." പറഞ്ഞു തീരുമ്പോളേക്കും " ഞാന്‍ ലേറ്റ് ആയോ എത്താന്‍" എന്ന് ചോദിച്ചു ഒരാള്‍ കയറി വന്നു. അദ്ധേഹത്തെ കണ്ട ഉണ്ണിമോന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. "എവിടെപ്പോയി കിടക്കായിരുന്നു, എത്ര നേരമായി ഞാന്‍ അന്വേഷിക്കുന്നു" എന്ന് പറഞ്ഞു ഉണ്ണി അയാളെ വാരിപ്പുണര്‍ന്നു. അല്‍പ്പനേരത്തെ സംഭാഷണത്തിന് ശേഷം ഉണ്ണി മോന്‍ അപരിചിതനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. " ഇതാണ് ശിവന്‍, അപാര പണ്ഡിതനാണ്; ഡബിള്‍ എം എ ഉള്ള ആളാണ്". ഉണ്ണി പറഞ്ഞ ഡബിള്‍ എം എ [ MAMA ]വൈകിയാണ് ജീന്‍സ് മനസ്സിലാക്കിയത്. അതിനു ശേഷം തിരിച്ചു ബാംഗ്ലൂര്‍ എത്തുന്നതുവരെ ജീന്‍സും ഉണ്ണിമോനും തമ്മില്‍ സംസാരിച്ചിട്ടില്ല ! ആ നിസ്സംഗ മൌനം ഇന്നും തുടരുന്നു. . . . . .
- സ്വന്തം നിഖില്‍.