This blog contains the random scribbles of "Nikhil Unnikrishnan".

The characters portraited here are completely imaginary.
Any resemblance noticed with any living or non-living
personalities is quite accidental and unintentional.

Hope you will enjoy your time here.

"അടി കപ്പ്യാരെ കൂട്ടമണി" !!!!


                                  കുറച്ച്  നാൾ  ഞാൻ തിരക്കിലായിരുന്നു; നിലം  തോടീക്കാതെ കാലം എന്റെ ജീവിതം  വെച്ച് 'FIFA WORLD  CUP' നടത്തുകയായിരുന്നു. പൂനെക്കെതിരെ സിക്സറുകൾ അടിച്ചു തളർന്ന Gayle കണക്കെ അവസാനം കാലക്കേടിനും എന്നെ നിലംപരിശാക്കി മടുത്തു എന്ന് തോന്നുന്നു. എന്റെ ബ്ലോഗിന് താഴെ വരുന്ന കമന്റ്‌ വായിച്ച് നെടുവീർപ്പിടുന്നതിലും  പരിതാപകരം ആയിരുന്നു എന്റെ ഈ ഇടവേളയിലെ ഭുതകാലത്തെ മനോനില [മനോരോഗം  ഇപ്പോഴും  പഴയത് പോലെത്തന്നെ ഉണ്ട് ]. നഷ്ട്ടപ്പെടാൻ ഇനിയൊന്നും ബാക്കി  ഇല്ലാത്തതുകൊണ്ട് [പണ്ടും ഒരു കോപ്പും ഇല്ലായിരുന്നല്ലോ !!] ഞാൻ  ഇപ്പോഴും പനപോലെ നിൽക്കുന്നു. അങ്ങനെ സാഹചര്യങ്ങൾ എന്നെ  വീണ്ടും  ഒരു എഴുത്തുകാരനാക്കി  എന്ന്  പറഞ്ഞാൽ  മതിയല്ലോ !

                               
                                    ഇത്തവണ ഞാൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നാണ് മലയാള സാഹിത്യശാഘയെ പുഷ്ട്ടിപ്പെടുത്തുന്നത് ! അതെ, ഞാൻ 4.5 വർഷത്തെ സംഭവബഹുല വാസത്തിനുശേഷം ബേങ്കലൂരുവിനോടു വിടപറഞ്ഞിരിക്കുന്നു ! ഇപ്പോൾ ശ്രീ പത്മനാഭന്റെ മണ്ണിലാണ് തമ്പടിച്ചിരിക്കുന്നത്‌ . നിങ്ങൾ പ്രതീക്ഷിച്ചപോലെ എന്നെ  ബേങ്കലൂരുവിൽ നിന്ന് ചവിട്ടിപ്പുറതാക്കിയതല്ല, ഞാൻ സ്വയം ഇറങ്ങി പോന്നതാണ് [ഞാൻ  ഒരു ഗണേഷ്‌കുമാർ ഫാൻ ആണ്; ഒരിക്കലും  സത്യം സമ്മതിക്കില്ല്യ !!] . വിദേശത്ത് സ്ഥിരമായി തോൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പോലെ ഈ ലോകത്ത് മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം ആണല്ലോ. എന്നെ നിറഞ്ഞ മനസ്സോടെ, ആത്മാർഥമായി, എന്നും എപ്പോഴും എന്തിനും കൂടെനിന്ന് 'കാലുവാരിയ'  എന്റെ സഹമുറിയന്മാരെ പിരിഞ്ഞു; എന്റെ വിചാര, വികാര, വിഷാദ വിചിന്ദനങ്ങളും ആത്മഹർഷങ്ങളും തൊട്ടറിഞ്ഞ എന്റെ ഫ്ലാറ്റ് മുറി ഉപേക്ഷിച്ചു പുറത്തിറങ്ങിയപ്പോൾ ഞാൻ അറിഞ്ഞു, എനിക്ക് ഈ ലോകം എന്തെന്ന് കാട്ടിതന്ന എന്റെ നയനങ്ങളിലെ നനവ്‌. അപ്പോൾ നിങ്ങൾ  തെറ്റിധരിക്കും ഞാൻ സെന്റി ആയിട്ടാണ് എന്ന്. നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല്യ, തെറ്റിദ്ധരിക്കാൻ മാത്രമല്ലെ നിങ്ങൾക്കറിയൂ !! ശരിക്കും എന്റെ കണ്ണ് നിറഞ്ഞത്‌ റൂം വൃത്തിയാക്കിയപ്പോൾ പൊടി പോയിട്ടാണെന്നെ  ഞാൻ പറയു; എനിക്ക്  വിവാദം  ഉണ്ടാക്കണമല്ലോ [നിങ്ങൾക്കും ] !!


                                തിരുവനന്തപുരതേക്ക് വരുന്ന വഴി ഞാൻ പത്മനാഭസ്വാമിയുടെ സഹോദരഭവനത്തിൽ [തിരുപ്പതി] ഒന്ന് കയറി. തിരുവനന്തപുരത്തു ചൂടാണെന്ന് നേരത്തെ അറിഞ്ഞത് കൊണ്ടും, ഈ ലോകത്ത് 10 രൂപക്ക് മറ്റെവിടെ നിന്നും അത് സാദ്ധ്യ മല്ലാത്തത്  കൊണ്ടും ഞാൻ എന്റെ രോമകൂപങ്ങൾ തിരുപ്പതി ഭഗവാന് നൽകി യാത്രയായി. ഒരാൾ തന്റെ അഹങ്കാരത്തെയാണ്  [അഹംഭാവത്തെയും] മുണ്ഡനം ചെയ്യുന്നതിലൂടെ ത്യജിക്കുന്നത്‌ . പണ്ടേ വിനയശീലനായ ഞാൻ ഇപ്പോൾ മൊട്ടയടിച്ചു വിനയകുനിയനായി കുനിഞ്ഞാണ് നടക്കുന്നത് . ഇനിയും വിനയം കൂടിയാൽ എന്റെ തല നിലത്ത് തട്ടും !! എന്തായാലും  മൊട്ടയടി കൊണ്ട് 2 ഗുണങ്ങൾ ഉണ്ട്. ഒന്ന്  ചൂടിൽനിന്നുള്ള രക്ഷ; രണ്ടു, എന്റെ വായനക്കാർക്ക് പെട്ടെന്ന് കണ്ടാൽ മനസ്സിലാകില്ല്യ എന്നതിനാൽ ചൂടൻ സമ്മാനങ്ങൾ വാങ്ങാതെ ഒപ്പിക്കാം !!!


                             ഞാൻ പോന്നതും കർണാടകത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ Congress അധികാരത്തിൽ എത്തി . ലങ്കാലക്ഷ്മി പോയ ലങ്കയിൽ ഹനുമാന്മാർ വിളയാടുമല്ലോ ! ബെല്ലാരിയുടെ മൊത്തം എല്ലൂരി BJP ആർമാദിച്ചു; പാവം  മന്ദബുദ്ധിയായ രാജമാണിക്യത്തെ പോലും അവർ ബാക്കി വെച്ചിട്ടില്ല്യ, ആഭസന്മാർ ! ഇനി അടുത്തത് എന്താണാവോ Congress കാണിക്കാൻ പോകുന്നത്  ! ഇന്ത്യയെ മോഡിയെക്കൊണ്ട് മൂടിവെക്കാനാണ് BJPയുടെ  അടുത്ത നീക്കം. 1 ലക്ഷം കോടി കട്ടുമുടിച്ച ഊമയും ബദിരനുമായ ഒരു വൃദ്ധനേക്കാൾ നളതാണല്ലോ 'മൂടി ' എന്നാശ്വസിക്കാം !!! അതിനിടയിൽ അപ്പുറത്തെ വീട്ടിലെ ചൈനക്കാർ നമ്മുടെ പറമ്പിൽ തമ്പുകെട്ടി താമസം തുടങ്ങി എന്ന് കേട്ടു . തറവാട്ടിലെ മുത്തശ്സൻ പറഞ്ഞത് 'അഥിതി ദേവോ ഭവ' എന്നാണ്. അല്ലെങ്കിലേ കാതും നാവും പ്രവർത്തിക്കാത്ത അദ്ദേഹം ഈ 'മങ്കി കാപ്പ് ' തലയിൽ സ്ഥിരമായി വെക്കുന്നതിന്റെ ഗുട്ടൻസ് ഇനിയും പിടികിട്ടിയിട്ടില്ല്യ .പടിഞ്ഞാട്ടിൽ അട്ടം നോക്കി ഇറ്റാലിയൻ മദാമയുടെ വിളികാത്തു കിടക്കുന്ന അങ്ങേർക്ക് തറവാട്ടിലെ സ്ത്രീജനങ്ങളിൽ ചൈനക്കാർ വിത്ത് പാകി എന്ന് കേട്ടാലും കൂടുതലൊന്നും പറയാൻ കാണില്ല്യ . കൂടിവന്നാൽ വാകീറിയവൻ അന്നവും തരും എന്ന്  ആശ്വസിക്കുമായിരിക്കും !!!


                              ഇപ്പുറത്തെ വീട്ടിലും 'പാക്കി' രിമാരുടെ കാര്യം ഇതിലും കഷ്ട്ടം തന്നെ. തറവാട്ടിലെ മക്കളെല്ലാം തരം കിട്ടിയാൽ നിരങ്ങി നിരങ്ങി എങ്ങോട്ടെങ്ങിലും പോകും! ഇതുവരെ നടക്കാൻ അവർ പഠിചിട്ടില്ല്യ . നിരങ്ങിപ്പോയി മിണ്ടാതിരുന്നാൾ തരക്കേടില്ലായിരുന്നു; ഇതു തരം കിട്ടിയാൽ അപ്പുറത്തെ വീടിലെ ഉമ്മറത്ത്‌ നിരങ്ങിചെന്നു പടക്കവും പൊട്ടിക്കും!!!! വിഷുവെന്നൊ ക്രിസ്മസ് എന്നോ ഒന്നും അവർക്കില്ല്യ , സുരേഷ് ഗോപി സിനിമ പോലെ കണ്ടിടതെല്ലാം അവർക്ക് വെടി വക്കണം, അമിട്ടും പൊട്ടിക്കണം. ചൊദിച്ചാൽ ഇതൊക്കെ ദൈവം പറഞ്ഞിട്ടാണെന്ന് കണ്ണും പൂട്ടി ഒരു പറച്ചിലും. തികഞ്ഞ ദൈവവിശ്വാസികളാ മക്കൾ എല്ലാവരും, ദൈവം  പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലല്ലോ.  ഒരിക്കൽ പടക്കം പൊട്ടിച്ചതിനു തറവാട്ടിലെ വല്യേട്ടൻ 'കാസിം' മോനെ കയറിട്ടു ഉമ്മറത്തെ തൂണിൽ കെട്ടിയിട്ടതാണ് . ഇപ്പോഴും നാണമില്ലാതെ നിരങ്ങി വരവ് നിർത്തി ആണുങ്ങളെപ്പോലേ മുൻവാതിൽ തുറന്നു വരാൻ പഠിച്ചിട്ടില്ല്യ. കുറ്റം പറഞ്ഞിട്ട് കാര്യമില്ല്യ; കഴിഞ്ഞ ആഴ്ച അവരുടെ തറവാട്ടിൽ കാരണവരെ തിരഞ്ഞെടുക്കാൻ നടത്തിയ നര്ക്കെടുപ്പിൽ 151 % പോളിംഗ്  നടന്നു എന്ന് ഔദ്യോഗികമായി പ്രസ്താവിച്ച മിടുക്കരല്ലേ ; ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളൂ .


                            ഇതൊന്നും കാണണ്ട, പുറത്തു പോകാം എന്ന് കരുതിയാലോ; 'ഒന്ന് വീതം മൂന്നു നേരം ' എന്നാ പോലെ ഡീസൽ വില കൂടിക്കൊണ്ടിരിക്ക്യാ സർക്കാർ . പണ്ട് പെട്രോൾ വില കണ്ട് ബോധം കേട്ടപ്പോളാണ് ഡീസൽ ജഗടം വാങ്ങിയത്. പെട്രോൾ കമ്പനികളും സ്വർണ്ണക്കടക്കാരും മത്സരിച്ചാണ്‌ ഇപ്പോൾ വില കുറക്കുന്നത്. പെട്രോൾ  ലിടറിനു 2 രൂപ കുറച്ചാൽ സ്വർണത്തിന് ഗ്രാമിന് 100  രൂപ കുറച്ചാണ്  പ്രതികാരം !! പക്ഷെ നമ്മുടെ ഓട്ടോക്കാർ തറവാടികൾ ആണുകേട്ടോ; അവർ എന്ത് വന്നാലും റേറ്റ് കുറക്കില്ല്യ. ലിറ്ററിന് 1 പൈസ കൂടുമ്പോൾ വൻ നഷ്ട്ടമാണെന്ന്  പറഞ്ഞു മിനിമം  ചാർജ് 5 രൂപ കൂട്ടുന്ന "തറവാടികൾ' പെട്രോളിന്  5 രൂപ കുറഞ്ഞപ്പോൾ തിരിച്ചറിഞ്ഞു  തങ്ങളുടെ വാഹനം ഇപ്പോൾ 'ഗ്യാസിലാണ്' ഓടുന്നത് എന്ന്. "Necessity ഈസ്‌ ദി മദർ ഓഫ്  Invention" എന്ന് വെറുതെയല്ല  പറയുന്നത് . ആ മദറെ ഒന്ന്  കണ്ടിരുന്നെങ്കിൽ  ..... !!!

                               എന്നാൽ ശെരി ഒരു ഫോണ്‍ വാങ്ങി കൂടുകാരോട് സംസാരിച്ചിരിക്കാം എന്ന്  കരുതി മൊബൈൽ കടയില എത്തി . അവിടെ ഉള്ള അത്യാധുനിക യന്ത്രങ്ങൾ എന്നെ ഭയചകിതനാക്കി. കൊറിയൻ മൊബൈൽ ഭീമന്മാരുടെ പുതിയ മാനസപുത്രനെ salesman എനിക്ക് പരിചയപ്പെടുത്തി . "സാർ ഇതിൽ  ഫോണ്‍ മാത്രമല്ല, ക്യാമറ, ബ്ലുടൂത്ത്, റേഡിയോ, ടിവി, മ്യൂസിക്‌ പ്ലയർ, ടോർച്,കലണ്ടർ ഒക്കെയുണ്ട്‌." ഞാൻ സ്തബിച്ചു നിൽക്കെ ഇതാവരുന്നു salesman ഒരു ചൈനീസ് മിടുക്ക്നെയും കൊണ്ട് !
"സാർ , ഇതിൽ നേരത്തെ പറഞ്ഞ ഫോണിന്റെ  ഫീച്ചറിന്റെ കൂടെ ഫ്രിഡ്ജ്‌ ,വാഷിംഗ്‌ മെഷീൻ, മിക്സി,കോഫി മേക്കർ, ട്രിമ്മർ, ടൂത്ത് ബ്രഷ്, വാട്ടർ ഹീറ്റർ, റോക്കറ്റ് ലോഞ്ചർ, റഡാർ, A K 47, ആറ്റം ബോംബ്‌  എന്നിവ കൂടെ  ഉണ്ട്. വില  നേരത്തെ കാണിച്ചതിന്റെ  5ഇൽ  ഒന്ന് . ഗ്യാരന്റി  ഇല്ല്യ ". ഇതു  കേട്ടതും ഞാൻ ജീവനും കൊണ്ടോടി !!!!


                             അങ്ങനെ കുറച്ചു മനസ്സമാധാനം തേടി ഞാൻ വൈകുന്നേരം എന്റെ  സുഹൃത്തിനേയും കൂട്ടി കോവളം കടപ്പുറത്തെ റോഡരികിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു. എന്റെ മുൻപിൽ ഇതാ കിടക്കുന്നു ഒരു പുതുപുത്തൻ  ഫെറാരി കാർ; 3-4 കൊടിയല്ലേ രൂപയുടെ മുതലല്ലേ അങ്ങനെ റോട്ടിൽ കിടക്കുന്നത് എന്നോർത്തപ്പോൾ എന്റെ മനസ്സിടറി . ഞാൻ കൗതുകം അടക്കാനാകാതെ ആ ആഡംബര നൗക ലക്ഷ്യമാക്കി നടന്നു . കാറിൽ ഒരു കുഞ്ഞു പൈയ്യൻ   സീറ്റിൽ ഇരിക്കുന്നു . അടുത്ത് ചെന്ന് നോക്കിയപ്പോൾ  മറ്റൊരു പെണ്‍പൈത്തൽ ഡ്രൈവിംഗ് സീറ്റിൽ ഒട്ടിപ്പിടിച്ചപോലെ ഇരിക്കിന്നു; രണ്ടാൾക്കും ഏറിവന്നാൽ 12 - 14 വയസ്സ് പ്രായം. അവരുടെ ഇരുപ്പും പിടിയും വലിയും കണ്ടപ്പോൾ രണ്ടാളും എന്തോ കളിപ്പാട്ടമോ ബലൂണോ മറ്റോ  തട്ടിപ്പറിക്കാനുള്ള  ശ്രമമാണെന്ന് ഞാൻ ഊഹിച്ചു.   ഈ പൈതങ്ങളെ ഒറ്റക്കാക്കി വിജനമായ വഴിയിൽ വണ്ടി ഇട്ടു  ബീച്ചിൽ നടക്കാൻ  ഇറങ്ങിയ പോയ മാതാപിതാക്കളുടെ ഉത്തരവാദിത്വം ഇല്ലായ്മ ഓർത്തു  ഞാൻ സഹതപിച്ചു. അവരെ ഉപദേശിക്കാൻ ഞങ്ങൾ തീരുമാനിച്ചു .


                          ആ 12  വയസ്സുകാരന്റെ അടുത്തുചെന്നു മാതാപിതാക്കളുടെ വിവരം അന്വേഷിക്കാൻ ഞാൻ കാറിനോടടുത്തു. എന്നെ കണ്ട മാത്രയിൽ ആ പെണ്‍കുട്ടി അലറി "ഡാർലിംഗ് വേഗം വണ്ടി വിട്, ആരോ നമ്മളെ കണ്ടു !!! "  പറഞ്ഞു  തീര്നില്ല, മുതുക്കാടിന്റെ 'വാനിഷിംഗ് ബ്യൂട്ടി' കണക്കെ  ആ കാർ നിന്നിടത് കുറച്ചു പുക മാത്രം അവശേഷിപ്പിച്ചു കടന്നു കളഞ്ഞു. പുകപടലങ്ങൾ നീങ്ങിയപ്പോൾ റോട്ടിൽ അവശേഷിച്ചത് അവർ ഉപേക്ഷിച്ച ആ ബലൂണ്‍ മാത്രം ആയിരുന്നു. അത് അടുത്ത് ചെന്ന് നോക്കിയ എന്റെ സുഹൃത്ത് എന്നോട് ഇങ്ങനെ ആക്രോശിച്ചു : "അടി കപ്പ്യാരെ കൂട്ടമണി; അൾത്താര ചെറുതാണേലും കർത്താവ് പൊന്കുരിശിലാ നിൽക്കണേ !! "


                        എവിടെ തിരിഞ്ഞാലും കൂട്ടമണികൾ അടിക്കുന്ന ഇക്കാലത്ത് ഒരു സാധാരണക്കാരന്  മണിയടി കേൾക്കാതെ  ഒരു ജീവിതം അസാധ്യമാണെന്ന തിരിച്ചരിവോടെ ഞങ്ങൾ ഒരു പൊതി കടലയും വാങ്ങി കടൽക്കരയിലൂടെ വിദൂരതയിലേക്ക് നടന്നു ........





                                                                                                                   - സ്വന്തം നിഖിൽ .