ഏതോവോരു ഇംഗ്ലീഷ് മാസം ഒന്നാം തിയതി സൂര്യൻ പുഞ്ചിരിച്ച് അനുഗ്രഹിക്കുന്ന പ്രഭാതത്തിലെ കേരളത്തിലെ ഇടത്തരം നഗരം. അവിടെ നഗരഹൃദയത്തിൽനിന്നു ഒരൽപം മാറി സസ്യലതാതികളാൽ താലോലിക്കപ്പെട്ടു സ്വച്ചവായുശ്വസിച്ചു നില്ക്കുന്ന ആ പഴയ കെട്ടിടം. മേടമാസത്തെ നെൽപ്പാടം പോലെ അതിന്റെ തൂണുകൾ വിണ്ടുകീറിയിരിക്കുന്നു. ഒരു ശരാശരി കൂട്ട്മന്ത്രിസഭയിലെ മുഖ്യമന്ത്രി കസേരപോലെ എപ്പോൾ വേണമെങ്കിലും ഇളകി താഴെവീഴാൻ പാകത്തിന് നിൽക്കുന്ന ഒരു പഴയ ഫാൻ ആ വൃദ്ധനാം മന്ദിരത്തിന്റെ പൂമുഖത് ആർക്കൊക്കെയോ വായുസഞ്ചാരം നല്കുന്നു. പടുതിരികത്തുന്ന ഒരു ബൾബും ആ ഫാനിനു കൂട്ടായി ആ ചുമരിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അവയ്ക്ക് മുന്നിലായി ആർക്കോവേണ്ടി കാത്തിരിക്കുന്ന കുറേ കസേരകളും ആ പൂമുഖത്തിന് ചാരുതയേകി. പൂമുഖതിനു പ്രൗഢിയേകി കുറച്ചു മാറി ഒരു വലിയ ഗേറ്റ് ഒരല്പം കാലിടറി നില്പുണ്ടായിരുന്നു. ആരും വായിക്കാനില്ലാതെ, അല്ല; ആർകും വായിക്കാൻ ആകാതെ അവിടെ ആ ഗേറിന് മുകളിൽ വലിയൊരു പുരാതന ബോർഡ്; അതിൽ എഴുതിയത് ഞാൻ പണിപ്പെട്ടു വായിച്ചെടുത്തു.
" കേരള സർകാർ സബ് ട്രഷറി ".
അന്നൊരു പ്രവർത്തി ദിവസമായിരുന്നു. സമയം ഏകദേശം 9 മണി ആയപ്പോൾ കാലിയായ ബെഞ്ച്കൾക്ക് അവരുടെ അന്നത്തെ ഇണയെ കിട്ടിത്തുടങ്ങി. ചിലര്‍ ഒറ്റക്കും മറ്റുചിലർ കൂട്ടമായും ആ വളഞ്ഞ ബോർഡിന് താഴെക്കൂടെ നടന്നു വന്നു. ചിലര്‍ക്ക് ഒറ്റക്ക് നടക്കാൻ മടി ആയത് കൊണ്ട് ഒരു വടിയുടെ ചങ്ങാത്തം തേടി. ചിലര്‍ കൊച്ചുമക്കളെ ആ സ്ഥാനത്തേക്ക് നിയമിച്ചു. വളർത്തു മൃഗത്തെ കൊണ്ടുവരുന്ന പോലെ സ്വന്തം അച്ഛനെയും മുത്തച്ചനേയും കൊണ്ട് വന്നവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. മറ്റുചിലർക്ക് സ്വന്തം വൃദ്ധമാതാപിതാക്കൾക്കൊപ്പം വരുന്നത് അപമാനം ആയത് കൊണ്ടായിരിക്കണം ഒരു 10 അടി ദൂരം പാലിച്ചിരുന്നു ! സ്ഥായിയായ ഒരാറപ്പ് ആ മാതാപിതാക്കളെ നോക്കുന്ന അവരുടെ കണ്ണുകളിൽ ഞാൻ കണ്ടു.
എന്താണ് ഇന്നു ഇത്ര തിരക്ക് ! സാധാരണ ഒരു ഭാർഗവിനിലയമായി കാണുന്ന ഈ സ്ഥലം ഇന്നു ജനനിപിടമാണ്. അപ്പോഴാണ് ആരോ ഒരു ചിരിയിൽ ചലിച്ചു ഇങ്ങനെ പറഞ്ഞുതന്നത് : "ഇന്നു ഒന്നംതിയതി അല്ലേ; പെൻഷൻ വാങ്ങാൻ ഉള്ളവരുടെ തിരക്കാണ്. പെൻഷൻ കാരേക്കാൾ തിരക്ക് അവരുടെ മക്കൾക്കും മരുമക്കൾക്കുമാ ..... !! ".
അങ്ങനെ ഇരിക്കെ ആ കോട്ടവാതിൽക്കൽ ഒരു ഓട്ടോറിക്ഷ വന്നു നിന്നു. ഏകദേശം ഒരു മുപ്പത് വയസ്സ് വരുന്ന കുലീനത്ത്വം തോന്നിക്കുന്ന ഒരു യുവതി അതില്‍നിന്നിറങ്ങി നടന്നു വന്നു. അപ്പോഴാണ് ഞാൻ ആ ഇടറിയ ശബ്ദം കേട്ടത്.
"മോളെ, എന്റെ കയ്യൊന്നു പിടിച്ചു താ മോളെ ; തല കറങ്ങുന്നു".
ആ ഓട്ടോയിൽനിന്ന് ഇറങ്ങാൻ കഴിയാതെ ഒരു സാധു സ്ത്രീ ആ യുവതിയ്യോട് അഭ്യര്തിക്കുകയാണ്. യുവതിക്ക് കെട്ട ഭാവമില്ല. ആ അമ്മൂമ്മ എങ്ങനെയോ പുറത്തിറങ്ങാൻ നേരത്ത് ഓടോക്കാരന്റെ സൌമ്യ ശബ്ദം ഇങ്ങനെ പറഞ്ഞു:
"വേഗം ഇറങ്ങ് തള്ളെ;പോയിട്ട് വേറെ ഓട്ടം ഉള്ളതാ ....."
ആ പരിഭ്രമം കൊണ്ടാവാം അവർ ആ വിറയുന്ന കാലുകള്‍ക്ക് വേഗം കൂട്ടി താഴെ ഇറങ്ങാൻ തുനിഞ്ഞു. ലക്ഷോപലക്ഷം കാതങ്ങൾ താണ്ടിയ ആ പാദങ്ങൾക്ക് പക്ഷെ ആ വേഗം താങ്ങാനുള്ള ത്രാണി നഷ്ട്ടപ്പെട്ടിരുന്നു. അയയിൽ നിന്നുതിർന്നു വീഴുന്ന നനഞ്ഞതുണി പോലെ അവർ ആ കവാടത്തിന്റെ മുന്നിൽ നിലം പതിച്ചു. ആ മുഷിഞ്ഞ ഉടയാടകൾ മണ്ണിന്റെ മണമറിഞ്ഞു. 'വീണ്ടും വരുന്ന ബല്യമാണ് വർധഘ്യം' എന്നാരോ പറഞ്ഞത് എത്ര ശെരിയാണ് !
ആ വൃദ്ധ വീണത് പക്ഷെ കൂടെ വന്ന യുവതിക്ക് സഹിക്കാനായില്ല; വീണു വല്ലതും പറ്റിയോ എന്നല്ല മറിച്ചു " നിലത്തു നിന്നെനീക്ക് തള്ളെ, ആൾക്കാരെ നാണം കേടുതത്തെ " എന്നാണ് ആ സുന്ദരി മൊഴിഞ്ഞത്.
യുവതലമുറക്ക് നാണക്കേട് ഉണ്ടാക്കിയതിൽ മനം നൊന്ദാണോ അതോ തന്റെ ജന്മം വ്യർത്ഥമായല്ലോ എന്നോർത്താണോ എന്നറിയില്ല, എഴുന്നേൽക്കുമ്പോൾ ആ മുത്തശ്ശിയുടെ കണ്ണുകൾ നനഞ്ഞിരുന്നു. ആരൊക്കെയോ അവരെ ഒരു ബെഞ്ചിൽ പിടിച്ചിരുത്തി വെള്ളം കൊടുത്തു. കൂടെ വന്ന നാരീരത്നം മരുമകൾ ആണെന്ന് ആ വൃദ്ധയുടെ ഇടറിയ വാക്കുകളിൽനിന്ന് മനസ്സിലായി. മരുമകൾ വെള്ളം കൊടുത്തില്ലെങ്കിലും ആ വൃദ്ധയുടെ പെൻഷൻ ടോക്കണ്‍ വാങ്ങി വരാൻ മടിച്ചില്ല.
ടോക്കണ്‍ വിളിക്കാൻ കത്ത് ആ പഴയ ബെഞ്ചിൽ ഇരിക്കെ അവർ സംസാരിക്കുന്നത് കുറേശേ എനിക്ക് കേൾക്കാമായിരുന്നു.
മുത്തശ്ശി : "വല്ലാതെ വിശക്കുന്നു മോളെ; നമുക്ക് വല്ലതും കഴിച്ചിട്ട് വരാം"
മരുമകൾ : " തള്ളെ മിണ്ടാതെ ഇരുന്നോണം; പത്തടി നടക്കാൻ വയ്യാ, അപ്പോഴാ ഭക്ഷണം."
മുത്തശ്ശി : എനിക്ക് ഒരു മസാല ദോശ കഴിക്കാൻ തോന്നുന്നു മോളെ. നീ എന്റെ പെൻഷൻ മുഴുവൻ എടുക്കില്ലേ, ഒരു മസാല ദോശ വാങ്ങിത്തായോ എനിക്ക്; വിശന്നിട്ടു വയ്യാത്തോണ്ടാ".
മരുമകൾ : "ദേ തള്ളെ, മരുന്നിനു തികയില്ല നിങ്ങടെ പെൻഷൻ ; അപ്പോഴ മസാല ദോശ. എന്നെക്കൊണ്ടൊന്നും പറയിക്കരുത്".
മുത്തശ്ശി : "നീ എനിക്കൊരു മരുന്നും തരണില്ലല്ലോ മോളെ; വെട്ടിലോ നീ ഒന്നും കഴിക്കാൻ തരില്ല. എന്റെ സ്വത്തു മുഴുവൻ നിനക്ക് തന്നില്ല്യെ ഞാൻ;എന്റെ ആകെക്കൂടെ ഉള്ള പെന്‍ഷനും നീ തരില്ല്യ. ഒരു ദോശ്യെങ്കിലും താ നിക്ക് നീയ് !"
അതിനു മറുപടിയായി മരുമകളുടെ വക നല്ല പിച്ചുകിട്ടു ആ വൃദ്ധമാതാവിന്റെ കൈക്ക്.
അങ്ങനെ ടോക്കണ്‍ നംബർ വിളിച്ചു. മരുമകൾ കൊണ്ടുവന്ന കടലാസ്സിൽ ആ പ്രായം ചെന്ന വിരലുകൾ പതിഞ്ഞു. അതിന്റെ ഫലമായി പച്ച നോട്ടുകൾ ആ യുവതി എണ്ണി വാങ്ങി. ഇറങ്ങാൻ നേരം ആ വൃദ്ധയുടെ വിറയ്ക്കുന്ന കൈകൾ മരുമകളുടെ കൈകളിൽ പതിയെ പിടിക്കുന്നത് ഞാൻ കണ്ടു .
മുത്തശ്ശി : "മോളെ , അടുത്ത മാസം ഞാൻ ഒന്നും ചോദിക്കില്ല. നീ എനിക്കൊരു ദോശ വാങ്ങിത്താ മോളെ. ഒന്നുല്ല്യെങ്കിലും എന്റെ കാശല്ലേ നിന്റെ കയ്യിൽ ..... "
ഇതു പറഞ്ഞു തീരുംബോഴേക്കും മുന്നില്‍ വന്ന ഓട്ടോയിലേക്ക് ആ വൃദ്ധയെ മരുമകൾ ചുരുട്ടിക്കയറ്റി. ആ മുറ്റത്ത് നിന്ന പലരുടേയും കണ്ണുകൾ ആ കാഴ്ച കണ്ടു നിറഞ്ഞൊഴുകി. ആ മുത്തശ്ശിയുടെ മുഖം എന്റെ മനസ്സിൽ മായാതെ കിടന്നു.
തൊട്ടടുത്ത ദിവസം ഒരു ചൂട് ചായയുടെ അകംബടിയോടെ ദിനപത്രം വായിക്കവേ പെട്ടെന്നെന്റെ കണ്ണുകൾ ഒരു വാർത്ത കണ്ടു ഞെട്ടി.
" 80 വയസ്സ് പ്രായമായ വൃദ്ധ വീട്ടുകിണറ്റിൽ വീണു മരിച്ചു".
സന്ധ്യക്ക് വെള്ളം കോരാൻ പോയപ്പോൾ കാൽ വഴുതി വീണു മരിച്ചു എന്നാണ് വാർത്ത. വൃദ്ധ ഞാൻ ഇന്നലെ കണ്ട ആ മുത്തശ്ശി തന്നെ ആയിരുന്നു. ആ മുഖം ഞാൻ എങ്ങനെ മറക്കാനാണ്. അവർക്ക് വെള്ളം കോരാൻ പോയിട്ട് നടക്കാൻ കൂടെ കഴിയില്ല എന്നറിയാവുന്ന എനിക്ക് ആ വാർത്ത ഇന്നും, എന്നും അവിശ്വസനീയം ആണ്.
ഓരോ തവണ ഹോട്ടൽ മെനുവിൽ 'മസാല ദോശ' എന്ന് കാണുംബോഴും അറിയാതെ എന്റെ കണ്ണുകൾ നനയാരുണ്ട്, ഇന്നും .....
സ്വന്തം ,
നിഖിൽ.