This blog contains the random scribbles of "Nikhil Unnikrishnan".

The characters portraited here are completely imaginary.
Any resemblance noticed with any living or non-living
personalities is quite accidental and unintentional.

Hope you will enjoy your time here.

സ്മരണകളുടെ കൊതുമ്പുവള്ളത്തിലൂടെ ..........



                                             ' ലോണാവാല ' , മുംബൈ പൂണെ ഹൈവേയിലെ അതിമനോഹരവും ശാന്തസുന്ദരവുമായ ഭൂപ്രദേശം. അവിടെ എന്നും മഴയാണ്. അവള്‍ക്കെന്നും നനഞ്ഞു വിറച്ചു സ്വന്തം തലമുടികള്‍ കാറ്റത്തുലച്ചു നാണം കുണുങ്ങി ഇരിക്കാനാണ് ഇഷ്ട്ടം. അത് കാണാന്‍ വരുന്നവരുടെ എണ്ണം അനുദിനം പെരുകുകയുമാണ്. ആദ്യമായി ഞാന്‍ അവളെ കാണുന്നതും അവിടെ വെച്ചാണ്. ചീറിപ്പായുന്ന ഒരു വോള്‍വോ ബസ്സിന്റെ നിര്‍ലോപ പ്രയാണത്തിന്റെ ഇടവേളകളില്‍ എപ്പോഴോ എന്നിലെ അനാവശ്യമായ ജലാംശം ഭൂമി ദേവിക്ക് സമ്മാനിക്കാന്‍ ഇറങ്ങിയതായിരുന്നു അന്ന് ഞാന്‍... കോടികള്‍ വിലമതിക്കുന്ന വോള്‍വോയുടെ മനുഷ്യ നിര്‍മിത ശീതളച്ചായ പരമാനന്തമാണെന്നു തെറ്റിദ്ധരിച്ചു അതില്‍നിന്നും പുറത്തിറങ്ങാന്‍ ഞാന്‍ ഒരു വേള മടി കാണിചിരുന്നെങ്കില്‍  ഒരു പക്ഷെ അവളുടെ നേര്‍ത്ത തലോടലില്‍ ഞാന്‍ അലിഞ്ഞു ഇല്ലാതാകില്ലായിരുന്നേനേ!

                                       പച്ചപരവതാനി വിരിച്ചു സ്വയം നനഞ്ഞു, വരുന്നവരെ നനച്ചു ഉല്ലസിക്കുന്ന ലോനാവാലക്കൊരു തൊടുകുറി പോലെ ഒരു ചുവന്ന ചുരിദാര് അണിഞ്ഞു അലക്ഷ്യമായ മുഖഭാവത്തോടെ പാറിപ്പറന്ന തലമുടി കൈകൊണ്ടു ചേര്‍ത്ത് പിടിച്ചു പ്രക്രിതിയോടലിഞ്ഞു നില്‍ക്കുന്ന അവളെ ആയിരുന്നു ലോണാവലയെക്കാള്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചത്, എന്നെയും!! അങ്ങനെ പ്രകൃതി ഭംഗി ആസ്വദിച്ചു നിന്ന എന്നെ നൈമിഷികമാണ് ഭൌതിക സൌന്ദര്യം എന്നോര്മപ്പെടുതിയത് ബസ്‌ കോണ്ടുക്ടരുടെ ആര്‍ത്തനാദമായിരുന്നു.മനസില്ലാമനസ്സോടെ ഞാന്‍ വീണ്ടും ബസ്സില്‍ കയറി എന്റെ യാത്ര തുടര്‍ന്നു. അപ്പോയും അവള്‍ എന്തോ നോക്കി അവിടെ നില്‍പ്പുണ്ടായിരുന്നു. എന്റെ കാഴ്ചയുടെ സീമകളെ ബസ്‌ ലങ്ഘിക്കുംവരെ എന്റെ നയനങ്ങള്‍ അവള്‍ക്കായി ഞാന്‍ സമര്‍പ്പിച്ചു. നിസ്വാര്‍ത്ഥമായി   പുരുഷന്മാര്‍ ചെയ്യുന്ന ഒരേ ഒരു കാര്യം വായനോട്ടമാണോ എന്ന് ഒരു വേള ഞാന്‍ ശങ്കിച്ചു.

                                   മാസങ്ങള്‍ കഴിഞ്ഞു. വീണ്ടും ഞാന്‍ ലോണാവാല വഴി എന്‍റെ ജീവിത നൗക തുഴഞ്ഞു പോകുകയായിരുന്നു. ഇത്തവണ ബസ്സില്‍ അല്ല മറിച്ചു കാറില്‍ ആണെന്ന് മാത്രം. ഹൈവേ ഡ്രൈവിംഗ് എന്നും എനിക്കൊരു ഹരമായിരുന്നു. സാധാരണ എന്‍റെ സഹചാരിയായി ആരെങ്ങിലും കാണും. എന്നാല്‍ ഇത്തവണ ഒറ്റക്കുള്ള യാത്ര ആയതിനാല്‍ ഞാന്‍ തികച്ചും ക്ഷീണിതനായിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെടുന്നത് എന്നും ഒരു വേദനയാണ്, അത്  കരുതി എന്‍റെ സുഹൃത്തുക്കളെ എന്‍റെ ജീവിതത്തിലേക്ക് അനാവശ്യമായി വലിച്ചിഴക്കാന്‍ ഞാന്‍ തല്പ്പര്യപ്പെട്ടിരുന്നില്ല. എന്‍റെ  വേദനകള്‍ എന്നും എന്‍റെ സ്വകാര്യ സമ്പത്താണ്‌.....; എല്ലാ  ചിരിക്കുന്ന  ചിരിപ്പിക്കുന്ന  മുഘങ്ങള്‍ക്ക്  പിന്നിലും  ഒട്ടും ചിരിക്കാത്ത  ചിരിപ്പിക്കാത്ത  ഒരു മനസ്സുണ്ട്; അത്  മനസ്സിലാക്കാന്‍  ആരും  മെനക്കെടാറില്ല്യ എന്നതൊരു പച്ചയായ  പരമാര്‍ത്ഥം  മാത്രം. എന്റെ സുഹൃത്തുക്കള്‍  പലരും എന്നെപോലെ അല്ല ഇപ്പോള്‍; സ്വന്തം മനസ്സും മനസാക്ഷിയും പലരുടെയും മുന്‍പില്‍ അടിയറവു വെച്ചുകഴിഞ്ഞവരാണവര്‍;. ഇനിയും പല അങ്കങ്ങള്‍ക്കും ബാല്യം അവശേഷിക്കുന്ന, ആര്‍ക്കുമുന്പിലും കീഴടങ്ങാന്‍  പാകമാകാത്ത മനസ്സുള്ള എന്‍റെ കൂടെ അവരെ കൂടെ കൊണ്ടുവരാന്‍ ഞാന്‍ ഒരു ക്രൂരനും അല്ലേ അല്ല. ഞാന്‍  എന്നും  പവങ്ങളിലെ പാവപ്പെട്ടവനായിരുന്നല്ലോ.


                                അങ്ങനെ വീണ്ടും ലോനാവാല യില്‍ ഞാന്‍ എത്തി. എന്നത്തേയും പോലെ അന്നും അവള്‍ നീരടുകയായിരുന്നു. അവിടെയുള്ള സന്ദര്‍ശകര്‍ക്കിടയില്‍ ഞാന്‍ എന്‍റെ ചുവന്ന ചുരിദാര്‍ അണിഞ്ഞ ഉണ്ടാക്കണ്ണിയെ തിരയുകയായിരുന്നു. അവളോട്‌ അവിടെ കത്ത് നില്ക്കാന്‍ പറഞ്ഞ പോലെ ആയിരുന്നു എന്‍റെ നോട്ടം.എന്നും അവിടെ വന്നു നില്ക്കാന്‍ അവള്‍ക്കു മാനസികമായി തകരാറൊന്നുംഇല്ലല്ലോ ! തെല്ലൊരു നിരശയോടെ ഞാന്‍ യാഥാര്ത്യത്തിലേക്ക് മടങ്ങി വന്നു. അവളില്ലാത്ത ലോണാവാല എന്തോ എനിക്ക് അസ്വസ്ഥതകള്‍ മാത്രമാണ് തന്നത്. അധിക സമയം അവിടെ ചിലവഴിക്കാന്‍ നില്‍ക്കാതെ ഞാന്‍ യാത്ര തുടര്‍ന്നു. ഒരു ഇരുപതു കിലോമീറ്റര് പോയിക്കാണും; വഴിവക്കില്‍ കേടായി കിടക്കുന ഒരു വോള്‍വോ. അതിനു ചുറ്റും അക്ഷമരായി കത്ത് നില്‍ക്കുന്ന ഒരു പറ്റം ജനങ്ങള്‍. എന്‍റെ കാറിനു നേരെ കൈ വീശി ആ ബസ്‌ ഡ്രൈവര്‍ ചാടി വീണു. എന്‍റെ കാറിനു പുറകില്‍ ഒരു മിനി ബസ്‌ വന്നു നില്‍ക്കുന്നത് ഞാന്‍ കണ്ടു. വോള്‍വോയിലെ ഭൂരിഭാഗം ആളുകളും അതില്‍ കയറാന്‍ തിരക്ക് കൂട്ടി.  ബാക്കി ആയത് നാലഞ്ചു പേരാണ്. അപ്പോഴേക്കും ഡ്രൈവര്‍ മറ്റൊരു കാരുകാരനെ കൂടെ തടഞ്ഞു നിര്‍ത്തിയിരുന്നു. അതില്‍ കഴിയാവുന്നത്ര ആള്‍ക്കാരെ കുത്തി കയറ്റി അയാള്‍ ബാക്കി ഉള്ള ഒരാളോട് എന്‍റെ വണ്ടി ചൂണ്ടിക്കാട്ടി. അപ്പോഴാണ്‌ ഞാന്‍ ആ ബസ്സിന്റെ സൈഡില്‍നിറഞ്ഞ മിഴികളുമായി ഒരു പെട്ടിയും കേട്ടിപ്പിടിചിരിക്കുന്ന ഒരു മഞ്ഞച്ചുരിദാറുകാരിയെ കണ്ടത്. ആ നനഞ്ഞ ഉണ്ടാക്കണ്ണ്‍കള്‍  എനിക്ക് സുപരിചിതമായിരുന്നു...... അതെ അത് അവളായിരുന്നു. ഉദയ സൂര്യന്റെ തേജസ്സോടെ എന്‍റെ മനോമണ്ഡലം കീഴ്പെടുത്തിയ ലോണാവാലയുടെ തിലകക്കുറി.

                        അങ്ങനെ അവളെയും ആ അവിസ്മരണീയ  സന്ദര്‍ഭത്തില്‍ അധികപ്പറ്റായ ഒരു യുവാവിനേയും കയറ്റി ഞാന്‍ യാത്ര തുടര്‍ന്നു. റോഡ്‌ പുറകിലാണ് എന്ന ഭാവത്തിലായിരുന്നു എന്‍റെ ഡ്രൈവിംഗ്. കുറച്ചു ദൂരം പോയപ്പോള്‍ അവളുടെ ഫോണ്‍ ശബ്ദിച്ചു. " അമ്മെ ഒരു കാര്‍  കിട്ടി. അതില്‍ വന്നുകൊണ്ടിരിക്ക്യാണ്, ആളെ കണ്ടിട്ട് മന്യനാണെന്ന് തോന്നുന്നു, എത്തിയിട്ട് വിളിക്കാം." മോനേ മനസ്സില്‍ ഒരായിരം ലഡ്ഡു പൊട്ടി. അവള്‍ മലയാളി ആയിരുന്നോ ദൈവമേ ! മൂപ്പര്‍ ചിലപ്പോള്‍ അങ്ങനെ ആണ്. സ്വപ്നത്തേക്കാള്‍ മനോഹരമായ യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് വെച്ച് നീട്ടും. അപ്പോള്‍ ഒരു കാര്യവുമില്ലാതെ എന്‍റെ ഫോണും ചിലച്ചു. ജോസഫ്‌, എന്‍റെ സുഹൃത്താണ്. ഞാന്‍ ഫോണ്‍ എടുത്തു. "എന്താ അളിയാ, ഞാന്‍ എത്തിയിട്ടില്ല;ലോണാവാല കഴിഞ്ഞതേ ഉള്ളു; നീ പോയി  ആഹാരം കഴിച്ചോളു ". ആ ഫോണ്‍ കട്ട്‌ ചെയ്തതും പുറകില്നിന്നൊരു കിളിനാദം; "മലയാളി ആണല്ലേ? എന്താ പേര്? നാട്ടില്‍ എവിടെയാ? എങ്ങോട്ടാ പോകുന്നെ? " ചോദ്യശരങ്ങള്‍ എന്‍റെ നേര്‍ക്ക് പാഞ്ഞു വന്നു. അവളുടെ കണ്ണില്‍ ഒരു തിളക്കം, ഞാന്‍ മലയാളി അന്നെന്നറിഞ്ഞ സന്തോഷമാണ്, ഒരു പ്രൊടെക്റ്റഡ് ആയ ഫീലിംഗ് ആ കണ്ണുകളില്‍ ഞാന്‍ വായിച്ചു. ഞാന്‍ എന്‍റെ പേര് പറഞ്ഞു,തൃശ്ശൂരാണ് നാട്, മുംബൈ വരെ പോകുകയാണെന്ന് അറിയിച്ചു. "മുംബയില്‍ എവിടെയാ?" ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല്യ.

"സന്തക്രുസ് ഈസ്റ്റ്‌";
"ഞാന്‍ ബാന്ദ്ര വെസ്ടിലാണ്, വാടര്‍ഫീല്‍ഡ് റോഡില്‍, ഗ്ലോബസിന്റെ അടുത്ത്".

 ഗ്ലോബസ്‌ അവിടുത്തെ അറിയപ്പെടുന്ന ഒരു ഷോപ്പിംഗ്‌ മാള്‍ ആണ്.
 "ഹോട്ടല്‍ മെട്രോ പാലസിന്റെ അടുത്തല്ലേ?" ഞാന്‍ ചോദിച്ചു.

"അതുതന്നെ; ബുധിമുട്ടില്ലെങ്കില്‍  എന്നെ അതിന്റെ മുന്‍പില്‍ ഒന്ന് കൊണ്ട് വിടാമോ? ഇപ്പോഴേ ഏഴുമണി ആയി."

ഇനിയും ഏകദേശം നൂറുകിലോമീറ്റര്‍ പോകാനുണ്ട്. ആ കുട്ടി പറഞ്ഞ സ്ഥലം എന്‍റെ സ്ഥലത്തുനിന്നും കഷ്ട്ടി ആറു കിലോമീട്ടറേ  ഉള്ളു. ചേതമില്ലാത്ത ഉപകാരമല്ലേ,ഞാന്‍ സമ്മതിച്ചു. കൂടെ ഉള്ളവനെ കലംബോളിയില്‍  ഇറക്കി ഞങള്‍ യാത്ര തുടര്‍ന്നു. എന്നെ ഡ്രൈവര്‍ അക്കാതിരിക്കാനായിരിക്കണം ആ നാരീരത്നം മുന്‍സീറ്റില്‍ ഇരിപ്പുറപ്പിച്ചു. ആദ്യമായി ഞാന്‍ നെഞ്ചിടിപ്പോടെ കാര്‍ ഓടിച്ചത് അന്നായിരുന്നു. ആ നാല്‍പ്പതു കിലോമീറ്റര്‍ 40 യുഗങ്ങള്‍ പോലെ എനിക്ക്  തോന്നി. ആദ്യമായി റോഡില്‍ കുറച്ചുകൂടെ ട്രാഫിക്‌ ഉണ്ടായിരുന്നെങ്ങില്‍ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ച നിമിഷങ്ങള്‍ .......

"എന്താ പേര് "
"മായ R മേനോന്‍ "
"ശരിക്കും തിരുവല്ല  ആണ് സ്ഥലം. വളര്‍ന്നതെല്ലാം തിരുവനന്തപുരത്താ; ഇപ്പോ അച്ഛന്‍ മുംബൈക്ക് ട്രാന്‍സ്ഫര്‍ ആയി. റിട്ടയര്‍ ആകാന്‍ ഇനി 2 വര്‍ഷമേ ഉള്ളു. "

എന്ത് ചെയ്യുന്നു ?
"ബാംഗ്ലൂരില്‍ വര്‍ക്ക്‌ ചെയ്യാണ്‌........; കഴിഞ്ഞ ആഴ്ച ജോയിന്‍ ചെയ്തെയുള്ളൂ;  പഠിച്ചത് കൊല്ലം  അമൃതയില്‍. ആണ്. വള്ളിക്കാവ്  അറിയില്ലേ; അമൃതാനന്ദമയി ആശ്രമത്തിനു അടുത്താ;  അവിടെ ഹോസ്റ്റലില്‍ അയിരുന്നു ..... !!!"

എന്‍റെ  ചെറിയ ചോദ്യത്തിനുള്ള ആ വളരെ  ചെറിയ ഉത്തരം  കേട്ടപ്പോള്‍ 'ആലിബാബയും 41 കള്ളന്മാരും' എന്ന  പുസ്തകം വായിച്ച  പ്രതീതി ആയിരുന്നു എനിക്ക് . തികച്ചും ഒരു അപരിചിതത്വം ഇല്ലാത്ത, തികഞ്ഞ നിഷ്കളങ്കതയാണ് ആ ഉല്‌പ്പല നേത്രങ്ങളില്‍ ഞാന്‍ വയിചെടുത്തത്. ആ  നിഷ്കളങ്കത തന്നെയായിരുന്നു  അവളുടെ ശക്തിയും സൌന്ദര്യവും. അതിനു മുന്‍പില്‍ അസുരനും സന്യാസി ആകുന്നു, കൊലയാളിയും നിര്‍നിമേശനായ പിഞ്ചുപൈതലാകുന്നു,വൃദ്ധനും യുവാവാകുന്നു ; ഞാന്‍ തികച്ചും  അസ്വസ്ഥനകുക്ന്നു! തികച്ചും യാന്ദ്രിമായി വാഹനം മുന്നോട്ടു നീങ്ങിക്കൊണ്ടേയിരുന്നു ; കുത്തേറ്റു വീണ സൂര്യന്‍റെ രക്തം തളംകെട്ടിനിന്ന അഭ്രപാളികള്‍ക്ക്താഴെ   കറുത്ത പട്ടില്‍ ചുകപ്പു പരവതാനി വിരിച്ച വാഹനങ്ങളുടെ പിന്‍ നിലാവിനേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് ഇടക്കിടെ മിന്നിമറയുന്ന പ്രഭാപൂരത്തില്‍ എരിഞ്ഞടങ്ങുന്ന അവളുടെ  കണ്ണുകളിലെ സാഗരശാന്ദതയാണ്.

     ആ ആത്മനിര്‍വൃതിയുടെ പരമാനന്ദം ഉണ്ണാന്‍ അധികനേരം എനിക്ക് സാധിച്ചില്ല. മുത്തശ്ശിക്കഥകളിലെ രാജകുമാരിയെ സ്വന്തമാക്കി എഴാം കടലിനക്കരെ ഉള്ള ദ്വീപിലേക്ക് പോയ രാജകുമാരനെപ്പോലെ  അവളെയും കൂട്ടി വാശി ബ്രിഡ്ജ് താണ്ടി ഞാന്‍ സമുദ്രം കീഴടക്കി സധൈര്യം മുന്നോട്ടു നീങ്ങി. പാലത്തിനു താഴെഉള്ള ആഴക്കടളിനെക്കാള്‍ അഗാഥമായിരുന്നു എനിക്ക്  ഞങ്ങള്‍ക്കിടയില്‍ ഉള്ള ആ 2 അടി ദൂരം. കലിങ്ക എത്തുമ്പോഴേക്കും എന്‍റെ  ഹൃദയതാളം ഉച്ചസ്ഥായിയില്‍ എതിയിരുന്നു. അധികം വൈകാതെ ഞാന്‍ അവളുടെ അപ്പാര്‍ട്ട്മെന്‍ടിന്‍റെ മുന്‍പില്‍ എത്തി. മകളുടെ വരവും കത്ത് ആ വത്സല മാതാവും സ്നേഹസമ്പന്നനായ പിതാവും കാത്തിരിപ്പുണ്ടായിരുന്നു. മകളെ ശാരീരിക, മാനസിക, സാംസ്‌കാരിക ദുഷ്കീര്‍ത്തി വരുത്താതെ വീട്ടില്‍ എത്തിച്ച അപരിചിതനായ യുവവിനോടുള്ള ആദരവു അവരുടെ സ്വരങ്ങളില്‍ നിറഞ്ഞുനിന്നു.
അര്‍ഹിക്കാത്ത അങ്കീകാരങ്ങള്‍ വ്യക്തിത്വത്തില്‍ പുരളുന്ന കറുത്ത ചായക്കൂട്ടുകളാണ് എന്ന് തിരിച്ചറിഞ്ഞ ഞാന്‍ അധികസമയം അവരുടെ സ്വസ്ഥതയെ വൃണപ്പെടുത്തിയില്ല. ഇറങ്ങാന്‍ നേരത്ത് അവളുടെ കണ്ണുകളില്‍ അനിര്‍വചനീയമായ  ഇതുവരെ  എനിക്ക് വായിച്ചെടുക്കാന്‍ വേണ്ടി ആരും എഴുതാത്ത ഒരു അവാച്യഭാവമായിരുന്നു; അതൊരു പിന്നീട് ഒരു ലഹരിയായി, അഭിവാഞ്ചയായി എന്നെ പിന്നെയുള്ള  ഒരുപാട് ഏകാന്ത സഞ്ചാരങ്ങളില്‍  തലോടിക്കൊണ്ടിരുന്നു .

                 എന്നിലെ ഏകാന്ത പഥികന്‍ സജ്ഞരിച്ചുകൊണ്ടേയിരുന്നു. മറക്കാത്ത ഓര്‍മകള്‍ക്ക് വെള്ളപൂശാന്‍ ഒരു നല്ല ഉപാധിയാണ് യാത്ര എന്നാരോ പറഞ്ഞത് ഓര്‍മ വന്നു. നവനവോന്മേഷ  ശാലിനീ പ്രജ്ഞകള്‍ വന്നുമൂടുന്ന മനസ്സില്‍ വിസ്മൃതിയുടെ മാറാലക്കെട്ടുകള്‍ അടിയുമെന്നത് വെറും മിഥ്യാധാരണയാണ് എന്നതൊരു പുതിയ തിരിച്ചറിവായിരുന്നു. രാജസ്ഥാനിലെ പൊടിക്കാറ്റേല്‍ക്കുന്ന പിലാനി മരുഭൂമിയിലെ ഒട്ടകങ്ങള്‍ക്കു നടുവില്‍ കുടങ്ങളില്‍ ദാഹജലം എന്തിവരുന്ന ഗ്രാമീണയുവതിയില്‍, ഇന്ദ്രപ്രസ്ഥത്തിലെ തിരക്കേറിയ കാന്നോട്ട്പ്ലേസിലെ നാനാമതസ്ഥരുടെ ലളിത്യമരുളുന്ന നിത്യഹരിത തെരുവുകളില്‍,  പൂര്‍ണചന്ദ്രികയില്‍ സ്വയമലിഞ്ഞു ആ ചന്ദ്രികാശോഭയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന താജ്മഹാളിനെ തഴുകിത്തലോടി ഒഴുകുന്ന യമുനാനദിക്കരയില്‍, പറങ്കിപ്പടയുടെ തിരുശേഷിപ്പുകള്‍ മാറിലണിഞ്ഞു പുത്തന്‍ സംസ്ക്കാര ശൂന്യതയില്‍ അഴിഞ്ഞാടുന്ന ഗോവന്‍ തീരങ്ങളില്‍,   പച്ചപ്പട്ടുടയാടപൂണ്ടോരുടലില്‍ തോടുകുറിയായ് വിരാചിക്കുന്ന കുട്ടനാടന്‍ കായലോളങ്ങളില്‍, അവളുടെ ആ കണ്ണുകള്‍ എന്നെ വേട്ടയാടി.

      വര്‍ഷം ഒന്ന് രണ്ടു കടന്നുപോയി . അങ്ങനെ താല്‍ക്കാലികമായി യാത്രകള്‍ക്ക് വിരാമമിട്ടു ജോലിയില്‍ ശ്രദ്ധചിലത്തി ഒതുങ്ങിക്കൂടുന്ന ഞാന്‍ എന്നത്തേയും പോലെ മഞ്ഞുമാസകുളിര്‍മയില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന പൂന്തോട്ടനഗരിയിലെ എന്റെ സ്വന്തം ഓഫീസില്‍ എത്തിയതായിരുന്നു അന്നും. ജോലിസമയത്തെ വിരസത മാറ്റാന്‍ ഒരു കപ്പു കാപ്പിയുമായി ഉലാത്തുക പതിവായിരുന്നു. അപ്പോളാണ് എന്‍റെ തിരക്കേറിയ ഉറ്റമിത്രങ്ങളുമായും വത്സല മാതാവുമായും കുശലസംഭാഷണങ്ങളില്‍ വ്യാപൃതനാകാറുള്ളത്.  അന്ന് പതിവിനുവിപരീതമായി എന്‍റെ ഫോണ്‍ ശബ്ദിച്ചില്ല. കാര്യാലയത്തിലെ ഇടനാഴികള്‍ മൗനവൃത്തത്തില്‍ ആയിരുന്നു അന്ന്. എങ്ങും ശാന്തത !ഞാന്‍ അതില്‍ സ്വയമലിഞ്ഞു നിലക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ മറ്റൊരു അറ്റത്തുനിന്നും എന്നപോലൊരു പൊട്ടിച്ചിരി എന്‍റെ  കര്‍ണപുടങ്ങളെ തഴുകി.
സംഭാഷണ ഭാഷ ശുദ്ധ മലയാളം; എവിടെയോ എവിടെയോ കേട്ടുമറന്ന  സംഭാഷണ  ശൈലി. ആ ശബ്ദം എന്നിലേക്ക് അടുത്തടുത്ത്‌ വന്നു.

      നിഷ്കളങ്കമായ കൌതുകത്തോടെ ആ വാഗ്ധരണീശ്രോതസ്സിലേക്ക് ദ്രിഷ്ട്ടി പായിച്ച ഞാന്‍ കണ്ടത് എന്‍റെ സ്വച്ചന്നജീവനെ തെല്ലോരിട സൂചിമുനയില്‍ നിര്‍ത്തിയ ഉണ്ടക്കണ്ണ്‍കളേയാണ്. അവ എന്നെ തിരിച്ചറിയുക പോലും ചെയ്യാതെ മറ്റേതോ ലോകത്ത് വിരാചിക്കുന്നുണ്ടായിരുന്നു. അതെന്നില്‍ ഉളവാക്കിയ അത്ഭുതം  ചെറുതല്ല.  അങ്ങനെ പലതവണ ആ കണ്ണുകളുടെ ഘോഷയാത്ര എന്‍റെ മുന്‍പില്‍ അരങ്ങേറി. പിന്നെ ഞാനും അത് ശ്രദ്ധിക്കാതെയായി. അങ്ങനെയിരിക്കെ മറ്റൊരു തണുത്ത തണുത്ത വെളുപ്പാംകാല കാപ്പിയുടെ നിര്‍വൃതിയില്‍  ഞാന്‍ മനസ്സിനെ അഴിച്ചുവിട്ടു നില്‍ക്കവേ എന്നെ ആരോ പുറകില്‍നിന്നു വിളിച്ചു.

   "നിഖിലല്ലേ ? എന്നെ ഓര്‍മയുണ്ടോ ?"
ആ ഉണ്ടക്കണ്ണ്കള്‍ ഇത്ര അടുത്ത് കാണുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല്യ. ഞാന്‍ ചുറ്റും നോക്കി, എന്നെ തന്നെയാണ് എന്ന് ഉറപ്പുവരുത്തി.

"സുഘമാണോ?"

"സുഖം. എനിക്ക് സംശയം ഉണ്ടായിരുന്നു ആള് മാറിയോ  എന്ന്."

ഞാന്‍ ഉത്തരം  ഒരു ചിരിയില്‍ ഒതുക്കി.

"സംസാരിക്കണം എന്ന് കരുതി രണ്ടു മൂന്നു തവണ; പിന്നെ മനസ്സിലയില്ലെങ്ങിലോ എന്ന് വിചാരിച്ചു"

ആ കണ്ണുകള്‍ ഒരായിരം വര്‍ഷം കഴിഞ്ഞാലും ഞാന്‍ മറക്കില്ല എന്ന് പറയണം എന്നുണ്ടായിരുന്നു ; പറഞ്ഞില്ല്യ.

"അച്ഛനും അമ്മയ്ക്കും സുഘമല്ലേ ?" ഞാന്‍ ചോദിച്ചു.

"സുഖം . അവരെപ്പോഴും പറയാറുണ്ട്. ഞാന്‍ ഒത്തിരി അന്വേഷിച്ചിരുന്നു ഇയാളെ, പക്ഷെ എവിടെയാണെന്നോ ആരാണെന്നോ അറിയാതെ .....  ഒരു ഫോണ്‍ നമ്പര്‍ പോലും തരാതെ പോയതല്ലേ; ഞാന്‍ പല മുഖങ്ങള്‍ക്ക് നടുവിലും തിരഞ്ഞിരുന്നു"

ഞാന്‍ നിര്‍വികാരനായി മന്ദഹസിച്ചു. എന്‍റെ തിരച്ചിലിന്‍റെ വ്യാപ്തി ഞാന്‍ അറിക്കാന്‍ പോയില്ല്യ. എന്നും മനസ്സിലുള്ള മുഖത്തെ  എന്തിനു  തിരയണം !!

"നാളെ എന്‍റെ മകന്‍റെ ഒന്നാം പിറന്നാളാണ്; ബുധിമുട്ടാകില്ലെങ്കില്‍ വീട് വരെ വരൂ, വീക്ക്‌എന്ഡ്   അല്ലെ; ചെറിയ ഒരു പാര്‍ടി ഉണ്ട്. അടുത്ത ആള്‍ക്കാര്‍ മാത്രമേ ഉള്ളു ... ... "

"അതിനെന്താ, ഇപ്പോഴും മാരുതി നഗറില്‍ അല്ലെ താമസം ?"

"അതെ"

"എന്താ മോന്‍റെ  പേര് ? "

അവള്‍ എന്നോട് പേര് പറഞ്ഞു. അപ്പോള്‍ ആ കണ്ണുകളില്‍ ഞാന്‍ കണ്ടു,അന്ന് അവസാനമായി അവളെ കണ്ടപ്പോള്‍  കണ്ട അതേ അവാച്യ ഭാവത്തിന്‍റെ തിരനോട്ടം.

[മകന്‍റെ പേര് എന്താണെന്നു ഞാന്‍ ഇനിയും പറയേണ്ടതില്ലല്ലോ !]

 അത്രയും പറഞ്ഞു അവള്‍ നടന്നു നീങ്ങി; ഓര്‍മയുടെ പടവുകള്‍ ഒരു  കാതം  പുറകിലേക്ക്‌  താണ്ടി നിര്‍വികാരനായി ഞാനും  ........








                                                                                                          -   സ്വന്തം  നിഖില്‍.




   






                                                                 










ജവാന്‍ ഓഫ് ശബരിമല !


                                             " സ്വമിയേ ശരണം അയ്യപ്പാ ...  " !                                             
                                            ==============================


                                           കോടമഞ്ഞിന്‍റെയും  കമ്പിളി പുതപ്പിന്‍റെയും കാലം വരവായി. അതിരാവിലെ എഴുന്നേല്‍ക്കാന്‍ ഇഷ്ടപ്പെടാതവര്‍ക്ക് ഇതു വസന്തകാലം. രാത്രി സജ്ഞാരികള്‍ക്ക് ഇതു സ്വപ്നകാലം ! ഈശ്വരവിശ്വാസികളായ മണ്ടന്മാര്‍ക്ക്,ക്ഷമിക്കണം ഭക്തന്മാര്‍ക്ക്  ഇതു മണ്ഡലകാലം! തിരുമണ്ടനായ എനിക്ക് എന്നത്തേയും പോലെ ഇതു കഷ്ട്ടകാലം !!


                                            എന്നെ പരിചയപ്പെടുത്തിയില്ലല്ലോ; ഞാന്‍ ഒരു പാവം പാപി. അറിവുകേട്‌ കൊണ്ടും, ജന്മസിദ്ധമായ അഹങ്കാരം [അസൂയാലുക്കള്‍  വെറുതെ പറയാട്ടോ !] കൊണ്ടും ചെയ്തു കൂട്ടിയ പാപങ്ങള്‍ നിരവധി! 2012 തുടക്കം വരെ ഉള്ള പാപങ്ങള്‍ expire ആയതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല്യ. ഓര്‍മക്കുറവു നല്ലോണം ഉള്ളതിനാല്‍ ലേറ്റസ്റ്റ് ആയി  ചെയ്ത പാപങ്ങള്‍ മാത്രം വിവരിക്കാം. 

                                            ഒരു വയറില്ലാത്ത ഫോണ്‍ വാങ്ങാന്‍ ഇറങ്ങിയതായിരുന്നു അന്ന് പാവം ഞാന്‍!! പാപി ചെല്ലുന്നിടം പാതാളം എന്നാണല്ലോ. ഒരു ആവശ്യവും ഇല്ലാതെ ഞാന്‍ അന്ന് എന്‍റെ  ഒരു പഴയ ആത്മമിത്രത്തിനെ ബെങ്കളൂരുവിലെ 'ഫോറം' അമ്പലത്തില്‍ വെച്ച് കാണാന്‍  ഇടയായി. അവന്‍റെ സ്നേഹം കണ്ടപ്പോള്‍ അവന്‍ ഇതുവരെ ജീവിച്ചിരിക്കുന്നതേ എന്നെ കാണാന്‍ വേണ്ടിയാണ് എന്ന് തോന്നിപ്പോയി ! 

                                           ആദ്യരാത്രിയില്‍ ഭര്‍ത്താവിനെ ആലിംഗനം ചെയ്യുന്ന പ്രിയതമയേക്കാള്‍ സ്നേഹാധിഘ്യത്തോടെ അവന്‍ എന്നെ പുണര്‍ന്നു. പരസ്പരം പരിസരബോധമില്ലാതെ ആലിങ്കനബദ്ധരായി  ആര്‍ത്തുല്ലസിക്കുന്ന  കമിതാക്കളെ തിരിഞ്ഞു നോക്കാത്ത IT ജനത ഞങ്ങളെ കൌതുകത്തോടെ നോക്കി എന്തൊക്കെയോ മനസ്സില്‍ ഉറപ്പിച്ചു!! ഒരു അവിവാഹിതനായ ചെറുപ്പക്കാരന്‍റെ മനസ്സില്‍ ഭാവിയെ  കുറിച്ചുള്ള  ഭീതിയുടെ വിത്തുകള്‍ പാകിയ നിമിഷങ്ങളായിരുന്നു  അത്.

                                        "എത്ര നാളായളിയാ കണ്ടിട്ട്; നമ്മള്‍ ഒരുമിച്ചൊരു പടം കണ്ടിട്ടെത്ര വര്‍ഷമായി ! എന്ത് വന്നാലും ഇന്ന് ഒരെണ്ണം കണ്ടിട്ടേ നിന്നെ ഞാന്‍ വിടുള്ളൂ ! അത് കഴിഞ്ഞു ഒരുമിച്ചു അത്താഴം !!" തോഴന്‍റെ സ്നേഹം മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ത്തു വരുന്ന പെരിയാര്‍ നദി പോലെ അണപൊട്ടി ഒഴുകി. ഈ  ദുര്‍ഗുണന്‍  എങ്ങനെ എന്‍റെ 'അളിയന്‍' ആയി എന്ന് മനസ്സിലാകാതെ  പെരിയാറിന്‍റെ  തീരത്തെ  നിരാലംബനായ തീരവാസി കണക്കേ  നിര്‍നിമേഷനായി, തികച്ചും സ്തബ്ദനായി കുറ്റിയടിച്ച് നിന്നു.


                                      സൗഹൃദങ്ങള്‍ക്ക് എന്നും മറ്റെന്തിനെക്കാളും വില കൊടുത്തിരുന്ന ഈ പാപി, മിത്രത്തിന്‍റെ  മനോവേദന അകറ്റാന്‍ സിനിമക്ക് വരാമെന്ന് സമ്മതിച്ചു. തുടര്‍ച്ചയായി 10 സൂപ്പര്‍ ഫ്ലോപ്പുകള്‍ സമ്മാനിച്ച അനിഷേധ്യ നടന്‍റെ പതിനൊന്നാം ഫ്ലോപ്പ് ആയ " SOLDIER OF SILVER HILLS " എന്ന ചിത്രമായിരുന്നു അത്.  ഒന്നാം പകുതി കണ്ടപ്പോഴേ ദുര്‍ബലഹൃദയനായ എന്‍റെ പാവം ഹൃദയം തേങ്ങി തേങ്ങി എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍ കണക്കേ ഇടിക്കാന്‍ തുടങ്ങി. ആ ഇടി നില്‍കാന്‍ അധികം സമയം ബാക്കി ഇല്ലെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

                                     ആദ്യം പുറത്തു ജീവനോടെ എത്തുന്നവര്‍ക്ക് സമ്മാനമുണ്ട് എന്ന് തോന്നുമാറാണ് ആള്‍ക്കാര്‍ ഇന്‍റര്‍വെല്‍ ആയപ്പോള്‍ പുറത്തേക്കു ഓടിയത്. 'ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ' എന്ന് കരുതി ഞാനും ജീവനും കൊണ്ടോടി.  എനിക്ക് പടത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ തൊട്ടടുത്തുള്ള St.Johns ആശുപത്രിയില്‍ എത്തിക്കാനുള്ള ആംബുലന്‍സ് വിളിക്കാന്‍ പറഞ്ഞിട്ടാണ് രണ്ടാം പകുതി കാണാന്‍ ഞാന്‍ അകത്തു കയറിയത്. 

                                        കുറ്റം പറയരുതല്ലോ; ഒന്നാം പകുതി സ്വര്‍ണം ആണെങ്കില്‍ രണ്ടാം പകുതി തനി തങ്കം ആണ് !!!! ഇടക്കിടെ പുറകിലെ സീറ്റില്‍ നിന്നും കേട്ടിരുന്ന അലമുറകള്‍ ഒടുവില്‍ ദീനരോദനങ്ങളായി വിഹായുസ്സില്‍ അലിഞ്ഞു; അത് പുറപ്പെടുവിച്ച ധീരയോദ്ധാവ് സ്വന്തം കസേരയില്‍ തലതല്ലി ആ നൈമിഷിക ജന്മം ഒടുക്കി. അദ്ദേഹം എത്രയോ ഭാഗ്യവാന്‍; ക്ലൈമാക്സ്‌ കാണുന്നതിനു മുന്‍പ് അങ്ങ് പോകാന്‍ സാധിച്ചില്ലേ! മുജ്ജന്മ സുകൃതം. തികഞ്ഞ പാപി ആയ ഞാന്‍ അതുമുഴുവന്‍ ഇരുന്നു കണ്ടു.


                                      അങ്ങനെ ഒരുവിധത്തില്‍ പടം കണ്ടു ജീവനും മുറുകേ പിടിച്ചു പ്രാഞ്ചി പ്രാഞ്ചി പുറത്ത് വന്ന എന്നെ നോക്കി "ക്ലാസ്സ്‌ പെര്‍ഫോമന്‍സ്; അല്ലെ അളിയാ ? " എന്ന് പറയാന്‍ ആ നിര്‍ഗുണബ്രമ്മം ആയ ആത്മമിത്രം മറന്നില്ല. ശവത്തില്‍ കുത്തുന്നത് മലയാളികള്‍ക്ക് എന്നും ഒരു ഹരമാണല്ലോ. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും എന്‍റെ  മനസ്സമാധാനം കളയാന്‍ അവനോളം ആര്‍ക്കും സാധിചിട്ടില്ല്യ. മഹാനാണവന്‍, അവന്‍റെ  കൂടെ ഇരിക്കുമ്പോള്‍ ഞാന്‍ ഒരു സാത്വിക ത്യാഗിയും !! എന്‍റെ  പാപഭാരം എനിക്കുതന്നെ താങ്ങാനാകുന്നത്തിലും മേലെയായി !!

                                      കുളിപ്പിച്ച് വൃത്തിയാക്കിയ ഐ ഫോണ്‍ കടക്കാരന് ദാനം ചെയ്യുന്നതാണ് അടുത്ത ചടങ്ങ്.കൂട്ടത്തില്‍ ആ മാന്ന്യദേഹം തരുന്ന ഭിക്ഷ സ്വീകരിക്കുകയും വേണം. അതുകൊടുത്തു മറ്റൊരു സമദൂര - വിദൂര സംഭാഷണ സഹായി വാങ്ങുകയും എന്‍റെ  ലക്ഷ്യമാണ്‌.......; എന്തിനും കൂട്ടായി ഒട്ടമിത്രം ഒപ്പത്തിനൊപ്പം. 


                                     അങ്ങനെ ഇപ്പോള്‍ ലോകത്തേറ്റവും  കൂടുതല്‍ വില്‍ക്കപ്പെടുന്ന മൊബൈല്‍ നിര്‍മാതാക്കളായ കൊറിയന്‍ കമ്പനിയുടെ അങ്കീകൃത  വില്‍പ്പനശാലയില്‍ ഞങ്ങള്‍ എത്തി. എന്‍റെ കുളിച്ച സുന്ദരനെ കൊടുത്തു ഞാന്‍ താരതമ്യേന വലുപ്പത്തില്‍ മികച്ച മറ്റൊരു മിടുക്കനെ സ്വന്തമാക്കി. ഞാനും ആത്മമിത്രവും ഹപ്പിയോട് ഹാപ്പി !! അത്താഴം കഴിച്ചു വീട്ടില്‍ എത്തുന്നത്‌ വരെ ഞാന്‍ ആ യന്ത്രത്തെ പ്രവര്‍ത്തിപ്പിക്കാന്‍ പെടപ്പടുപെട്ടു. മിത്രത്തിന്‍റെ കത്തി കൊടുവാള്‍ ആകുന്നതിനു മുന്‍പ് ഞാന്‍ ജീവനും കൊണ്ടോടി.

                                    
                                   പൊളിറെക്നിക്കില്‍ പഠിക്കാത്തത് കൊണ്ടാകണം, യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ പറ്റി എനിക്കത്ര ജ്ഞാനം ഇല്ലായിരുന്നു. സംസാരിക്കാന്‍ പറ്റുന്നില്ല എന്നതൊഴിച്ചാല്‍ മറ്റൊരു കുഴപ്പവും അതിനുണ്ടയിരുന്നില്ല്യ !! ആ ദിവ്യയന്ത്രവും പേറി  ഞാന്‍  മേല്‍പ്പറഞ്ഞ കമ്പനിയുടെ നന്നാക്കല്‍ ശാലയില്‍ എത്തിയപ്പോളാണ് ഇതും മറ്റാരോ ഉപയോഗിച്ച് കുളിപ്പിച്ച മിടുക്കനാണെന്ന് തിരിച്ചറിഞ്ഞത്. ഞാന്‍ വീണ്ടും ശശി  !! നേരെ വീണ്ടും ആ  ദിവ്യയന്ത്രവുമായി അതിന്‍റെ  തറവാടിലേക്ക്! അവിടെ ചെന്ന് കാരണവരോട് കാര്യം പറഞ്ഞു.

                                  കൈവിട്ട ആയുധവും വായ്‌ വിട്ട വാക്കും തിരിച്ചു എടുക്കാത്ത ആ മാന്യനെ മാറ്റി നിര്‍ത്തി ബാല്യത്തില്‍ എപ്പോഴോ കേട്ടുമറന്ന രാമായണത്തിലെ ശ്ലോകങ്ങള്‍ ഉരുവിട്ടപ്പോള്‍ മാനസാന്ദരം വന്ന വാല്മീകി കണക്കെ അദ്ദേഹം എനിക്ക് വരമായി കുളിക്കാത്ത, ആരും തൊട്ട് അശുദ്ധമാക്കാത്ത മറ്റൊരു യന്ത്രം സമ്മാനിച്ചു. എന്‍റെ  പാപങ്ങള്‍ പിന്നെയും വര്‍ധിച്ചു! 

                                 ഇതില്‍നിന്നും ഒരു മോചനം നേടാന്‍ സാക്ഷാല്‍ കലിയുഗവരദനായ അയ്യപ്പസ്വാമിയേ ചെന്ന് കണ്ടേക്കാം എന്ന് മനസ്സില്‍ ഉറച്ചു. മൂപ്പര് ക്ലീന്‍ വെജ്ജി ആണല്ലോ;പോരാത്തതിനു ബാച്ചിലറും. ചെന്ന് കാണുമ്പോള്‍ നമ്മളും അങ്ങിനെ തന്നെ ആകണം എന്നാണല്ലോ വെയ്പ്പ്. അതിനു മുന്നോടിയായി മാംസാഹാരങ്ങള്‍ വര്‍ജ്ജിക്കാന്‍ തീരുമാനിച്ചു. പക്ഷിപ്പനി അപ്പോളാണ് ഒരു അനുഗ്രഹമായി വന്നു ഭവിച്ചത്. ഈ IT ശ്മശാനത്തിലെ കാലന് പോലും വേണ്ടാത്ത 90 വയസ്സായ മാനേജര്‍ പോലും പക്ഷിപ്പനി പേടിച്ചു വെജിട്ടേറിയാന്‍ ആയതു കാണുമ്പോള്‍ ഏതൊരു കഠിനഹൃദയനും അറിയാതെ ചിരിച്ചുപോകും. 

   
                                 രണ്ടാമതായി വര്‍ജിക്കേണ്ടത് സ്ത്രീജനസംസര്‍ഗമാണ്. അക്കാര്യത്തില്‍ ഞാനും സമുദ്രമധ്യെ വസിക്കുന്ന ശ്വാനനും തുല്ല്യാവസ്തയിലാണ് ! ആറന്മുള പൊന്നമ്മയുടെ പ്രായമുള്ള തരുണീമണികള്‍ പോലും തിരിഞ്ഞു നമ്മളെ നോക്കതതിനാല്‍  ഇക്കാര്യം സാധ്യമാക്കുന്നതില്‍ അധികം ശ്രമം വീണ്ടിവരില്ല്യ. ഉര്‍വശീ ശാപം ഇക്കാര്യത്തില്‍ ഒരു ഉപകാരം തന്നെ എന്ന് പറയാതെ വയ്യ !! സംസാരിച്ചാല്‍ മുത്തും പവിഴവും വീണു അങ്കലാപ്പില്‍ ആകുമെന്നും ചാരിത്രം [എന്നൊന്ന്  ഇപ്പോഴും  ഉണ്ടെങ്കില്‍ !!!!] അത് നശിക്കുമെന്നും ഉറച്ചു വിശ്വസിക്കുന്ന IT തരുനീമാനികള്‍ക്കിടയില്‍ ആയതു എത്ര നന്നായെന്നു  മനസ്സില്‍ ഓര്‍ത്തു. 
                               
                                      
                                     ഇനി മനസ്സിലും ചിന്ദയിലും ആത്മീയത  നിറച്ചു  ഈ ജവാന്‍ ഭൂധനാഥന്‍റെ സന്നിധിയിലേക്ക്; ശാന്തിയുടെ വെള്ളിമലയിലേക്കു  ..... ! !


                                                " സ്വാമി ശരണം ".



അടിക്കുറിപ്പ്:
  
തരുണീമണികളേ : നിങ്ങള്‍  വിഷമിക്കരുത്; ഞാന്‍ ഉടന്‍തന്നെ തിരിച്ചെത്തും ; അണ്ണാന്‍ വലുതായാലും മരംകയറ്റം ഉപേക്ഷിക്കരുതെന്നാണല്ലോ ! 

യുവാക്കളെ : ഞാന്‍ വരുമ്പോള്‍ നിങ്ങള്‍ എനിക്കായി ഒരു മരമെങ്കിലും  മാറ്റിവെക്കണം !!ഹനുമാന്‍ കയറിയ ലങ്ക പോലെ എല്ലാം ചുട്ടുനശിപ്പിക്കരുത് !


-----------------
സമര്‍പ്പണം:
-----------------

"
       ദീപാവലിയുടെ പേരും പറഞ്ഞു കഴിഞ്ഞ 4 ദിവസമായി എന്‍റെ സ്വച്ചന്ന നിദ്രയെ ബോംബു പൊട്ടിച്ചു ഇക്കിളിപ്പെടുത്തുന്ന എന്‍റെ  പ്രിയപ്പെട്ട ഫ്ലാറ്റ് നിവാസികള്‍ക്ക് ഈ  മഹനീയ ലേഘനം ഞാന്‍ മനസ്സാ സമര്‍പ്പിച്ചുകൊള്ളുന്നു.  "




                                                                                                       - സ്വന്തം നിഖില്‍ 




                                           



ദുരന്ദങ്ങള്‍ക്ക് നടുവില്‍ ഒരു ഓണം !



                                  അങ്ങനെ നീണ്ട കാത്തിരിപ്പിനുശേഷം മറ്റൊരു ഓണം കൂടെ വരവായി ! കഴിഞ്ഞ ഓണത്തിന് വെട്ടിവിഴുങ്ങിയ പായസത്തിന്റെ മധുരം നാവില്‍നിന്നു ഇനിയും മാഞ്ഞിട്ടില്ല്യ ! എന്നും മധുര സ്മരണകള്‍ മാത്രം സമ്മാനിക്കാറുള്ള ആ നല്ല നാളുകള്‍ എന്റെ വത്സല മാതാവിന്റെയും ആദരണീയ പിതാവിന്റെയും ഒരേയൊരു  പെങ്ങളുടേയും കൂടെയാണ് ഞാന്‍ എല്ലാ വര്‍ഷവും ആഘോഷിക്കാറ് . ഇത്തവണയും അതിനൊരു മാറ്റം ഉണ്ടാകുന്നതു എനിക്ക് ആലോചിക്കാന്‍ കഴിയുമായിരുന്നില്ല്യ; മാറ്റത്തിനായി  എന്‍റെ വീട്ടുകാര്‍ [പ്രത്യേകിച്ച് അരുമ സഹോദരി ] പ്രാര്‍ഥിച്ചിരുന്നു എങ്കിലും! ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ട്ടമില്ലാത്തത്!!

                              തിരുവോണത്തിന് രണ്ടു ദിവസം മു ന്‍പേ എത്തിച്ചേരാനുള്ള  എല്ലാ ഒരുക്കങ്ങളും ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു ! പ്ലനിങ്ങില്‍ പണ്ടേ ഞാന്‍ മോശമല്ലല്ലോ [നടപ്പിലാക്കാന്‍ കഴിയാറില്ലെങ്ങിലും] ! ഇത്തവണ സ്വന്തം ജഗടത്തില്‍ ആണ് യാത്ര എന്നതിനാല്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു സമയം കളയേണ്ടിവന്നില്ല്യ,  ഒരു പണിയുമില്ലാതെ ഇരിക്കുകയാണ് എങ്കിലും സമയം വെറുതെ കളയാന്‍ പാടില്ല എന്നാണല്ലോ ഗാന്ധിജി പറഞ്ഞിരിക്കുന്നത്. ഇത്തവണ യാത്രക്ക് കൂട്ടായി കൊതുകിന്റെ സ്വന്തം നാട്ടില്‍നിന്നു [കൊച്ചി ഏലിയാസ് ഏറണാകുളം] വന്ന കുര്യാക്കോസ് [പേര് വ്യാജം]എന്ന ഉറ്റ മിത്രാമാണുള്ളത്. ആള്  സരസനും മാന്യനും സര്‍വോപരി  ധീരനും  ആയതിനാല്‍ പേടി  കൂടാതെ പോകാം എന്നുറപ്പ്.

                             അങ്ങനെ തിരുവോണത്തിന് രണ്ടു ദിവസം മുന്‍പേ, മഴ പെയ്യുന്ന ഒരു തെളിഞ്ഞ സായംസന്ധ്യയില്‍, ആഞ്ഞടിക്കുന്ന മന്ദമാരുതന്റെ ഇളം തലോടലേറ്റു ഞങ്ങള്‍ യാത്ര തുടങ്ങി. തലേന്നു രാത്രി പുലരും വരെ നീറുന്ന ദൈനംദിന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുയായിരുന്നതിനാല്‍ ഞങ്ങള്‍ വളരേ ഫ്രഷ്‌ ആയിരുന്നു. എന്‍റെ ധീര സുഹൃത്തിനു  കൊച്ചിയുടെ നീറുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ അതിരാവിലെ കൊതുകുകള്‍ ഉറങ്ങും മുന്‍പ് എത്തണം എന്നതിനാലും,  ഉറക്കത്തിന്റെ  അസുഘമുള്ള എനിക്ക് പുലരുംമുന്പേ വീട്ടിലെത്തി മരുന്ന് കഴിക്കണം എന്നുള്ളതിനാലും  കഴിവതും വേഗം ലക്‌ഷ്യം കാണുക നിര്‍ബന്ധമായിരുന്നു.

                               കര്‍ണാടകത്തോട് വേഗം വിടപറഞ്ഞു തമിഴ്നാട്ടിലെ നീണ്ടു നിവര്‍ന്നു കറുത്ത് കരിമത്തിപോലെ കിടക്കുന്ന റോഡുകളിലൂടെ ഞങ്ങള്‍ ആര്‍ക്കും പിടികൊടുക്കാതെ നിരങ്ങി നീങ്ങി. ആത്മീയ യാത്ര ആയതിനാല്‍ ഞാന്‍ തമിള്‍ ഭക്തിഗാനങ്ങള്‍ കേട്ടു വണ്ടിയോടിക്കുമ്പോള്‍ സംഗീതപ്രിയനായ എന്‍റെ സഹയാത്രികന് [ശുദ്ധസംഗീതത്തിനോടു അതിയായ മമത ഉള്ളതിനാല്‍!]    അവന്‍റെ Tarzan ഹെഡ്ഫോണില്‍ [TARZAN എന്നത് Dr. BEATS കഴിഞ്ഞാല്‍ ഏറ്റവും സംശുദ്ധ നാദം കേള്‍പ്പിക്കുന്ന ഉപകരണമാണ് എന്നാണെന്‍റെ സുഹൃത്തിന്റെ കണ്ടെത്തല്‍.... ]]]]! ഈ അമുല്യ ബ്രാണ്ടിന്റെ  ഹെഡ്സെറ്റ് എന്‍റെ സുഹൃത്തിന്റെ  കയ്യില്‍ മാത്രമേ ഇന്നു  ഈ ലോകത്തുള്ളൂ !]   എന്തോ കേട്ടുകൊണ്ടേയിരുന്നു.

                               സുഹൃത്തിനെ പാലക്കാട് ഇറക്കി ഷോര്‍ണൂര്‍ വഴി ഞാന്‍ കേച്ചേരി സിറ്റി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.  3 മണിയോടെ വീട്ടില്‍ എത്തി ഞാന്‍ മയക്കുവെടി കൊണ്ടമദയാന കണക്കേ കിടന്നുറങ്ങി. അതിരാവിലെ ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ അമ്മയും സഹോദരിയും ദീപാരാധന തൊഴുതു മടങ്ങി വീട്ടില്‍ എത്തിയിട്ടുണ്ടായിരുന്നു ! കുളിച്ച് ഭക്ഷണം കഴിച്ചു നേരം കുശലസംഭാഷണം നടത്തി ഞാന്‍ റസ്റ്റ്‌ എടുക്കാന്‍ ആരംഭിച്ചു. അടുത്ത ദിവസം  സുര്യന് മുന്‍പേ എഴുന്നേറ്റ് കുളിച്ചു അമ്പലത്തില്‍ പോയിവന്ന്‍ ഞാന്‍ എന്റെ കലാകാരിയായ അനുജത്തിയുടെ കൂടെ പൂക്കളമിടുന്നത് ഒരു ഞെട്ടലോടെ എന്‍റെ മാതാപിതാക്കള്‍ നോക്കിനിന്നു. നാളെ തിരുവോണമാണ്, അന്നത്തെ പൂക്കളം തലേന്നത്തെ പോലെ ആകരുത് എന്ന് എന്നേക്കാള്‍ ആഗ്രഹിച്ച എന്‍റെ വത്സല മാതാവ് ഉത്രാട ലുഞ്ചിനു ശേഷം പൂവാങ്ങാന്‍ എന്‍റെകൂടെ വരാമെന്നേറ്റു. അങ്ങനെ ഞങ്ങള്‍ രണ്ടുപെരുംകൂടെ അടുത്തുള്ള ഫ്ലവര്‍ മാര്‍കെറ്റില്‍ എത്തി. കാര്‍ പര്‍ക്ചെയ്തു ഞാനും അമ്മയെ സഹായിക്കാന്‍ ഷോപ്പിങ്ങില്‍ സജീവസാന്നിധ്യമായി !

                              താരതമ്യേന അന്ന് തിരക്ക് കുറവായിരുന്നു. റോഡു ഹര്‍ത്താലില്‍ എന്നപോലെ വിജനസമാനം. കടകളിലെ ജനസാന്ദ്രത ചില യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ കുറവ്! ആ  യാഥാര്‍ത്ഥ്യത്തോട്  പൊരുത്തപ്പെട്ടു ഞങ്ങള്‍ 15 മിനിട്ടിനുള്ളില്‍ ലിസ്റ്റിലുള്ള സാധനങ്ങള്‍ കരസ്ഥമാക്കി ജഗഡത്തില്‍ തിരിച്ചെത്തി. റോഡില്‍ മറ്റു ജഗഡങ്ങള്‍ കുറവായതിനാല്‍ ആകണം ഞങ്ങളുടെ പ്രിയജഗഡത്തിനു ഏകന്തത അനുഭവപ്പെട്ടിരുന്നു. വീട്ടിലേക്ക് തിരിച്ചു പോകാന്‍  തുടങ്ങിയ ഞങ്ങളുടെ മുന്പിലിതാ പാടത്തു കൊക്കിനെ പേടിപ്പിക്കാന്‍ കോലം വെച്ചപോലെ  മാന്യവസ്ത്രധാരിയായ ഒരു തൊപ്പിയില്ലാത്ത പോലീസ് സുഹൃത്ത്! ആ മാന്യദ്ദേഹം  വണ്ടിക്ക് കണ്ണ് പറ്റാതിരിക്കാന്‍ എന്നവണ്ണം മുന്‍പില്‍ മലപോലെ ഉറച്ചുനില്പ്പാണ് !   പതുക്കെ ആ മാന്യന്‍ എന്‍റെ അടുത്തെത്തി.  തികഞ്ഞ ബഹുമാനത്തോടെ ഗ്ലാസ്‌താഴ്ത്തിയ എന്നോട് അദ്ദേഹം  പറഞ്ഞ ആദ്യത്തെ വാക്കില്‍നിന്ന് തന്നെ പിത്രുസമാനരായ ഒന്നില്‍ കൂടുതല്‍ പേരുള്ള ഒരു തറവാട്ടില്‍ നിന്നാണ് ആ  ജ്ഞാനി   വരുന്നത് എന്നെനിക്ക് മനസ്സിലായി. [സര്‍വവിജ്ഞാനകോശത്തില്‍ പോലും  ആ വാക്കിന്‍റെ അര്‍ഥം എനിക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്യ !]

                             ഞാന്‍ ജഗഡം പാര്‍ക്ക്‌ ചെയ്തത് കൊണ്ട് നട്ടുച്ചക്ക് ആളൊഴിഞ്ഞ           ആ റോട്ടില്‍ നീണ്ട ജതാഗതക്കുരുക്ക് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും അതിനു വഴിവെച്ച എന്‍റെ ധീരധയെ ശ്ലാഘിക്കാന്‍ സ്റ്റേഷന്‍ വരെ ഉടനെ വരണമെന്നും
ഏതോ ഗോത്ര ഭാഷയില്‍ തിരുവായ് മൊഴിഞ്ഞു. ഞാന്‍ സ്റ്റേഷനില്‍  വരാതെ മുങ്ങാതിരിക്കാന്‍ എന്‍റെ മൊബൈല്‍ തിരുമേനി തട്ടിപ്പറച്ചെടുക്കുകയും ചെയ്തു. തിരുവായ്ക്ക് എതിര്‍വായ്‌ ഇല്ല്യല്ലോ! ഈ ആദരിക്കല്‍ ധൈഘ്യമേറിയതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ അമ്മയെ വീട്ടിലാക്കി ആ മന്യന്റെ സ്റ്റേഷനില്‍ എത്തി. അവിടെ അതാ വേറെ കുറേ മാന്യന്മാര്‍!!!!!!!!!!!!!!!!!! !!!!! എന്‍റെ പാണ്ടിത്യകുറവുകൊണ്ടാകണം അവരുടെ സംസാരത്തിലെ പകുതിയേ എനിക്ക് മനസ്സിലായുള്ളു!  റോഡില്‍ കണ്ട മാന്യന്‍  അവിടുത്തെ അഡിഷണല്‍ S.I. ആണെന്നും, തിരുമേനി സ്റ്റേഷനില്‍ എത്തിയിട്ടില്ലെന്നും,ജനസേവനം  കഴിഞ്ഞു എത്താന്‍ 4 മണിക്കൂര്‍ കഴിയുമെന്നും മറ്റൊരു മാന്യന്‍ ഗോത്രഭാഷയില്‍   പറഞ്ഞുതന്നു. മറ്റു മാര്‍ഗമില്ലാതെ ഞാന്‍ അവിടെ കാത്തിരുന്നു.

                       രണ്ടു സിനിമ കാണേണ്ട സമയം  കഴിഞ്ഞപ്പോള്‍ മഹാരാജന്‍ പല്ലക്കില്‍  എഴുന്നള്ളി ദര്‍ശനപുണ്യം നല്‍കി. മഴ കാത്ത്നിന്ന വേഴാമ്പലിനേപോലെ ഞാന്‍  നിര്‍വൃതി തൂകി. ഒരു TV സീരിയലിന്റെ എപിസോഡ് തെരേണ്ട സമയം കഴിഞ്ഞപ്പോള്‍ എനിക്ക് മുഖം കാണിക്കാന്‍
ഉത്തരവ് കിട്ടി. എന്‍റെ അക്ഷന്ദവ്യമായ   അപരാധത്തിന് 1000 രൂപ പിഴ അടച്ചാല്‍ എനിക്ക് മൊബൈല്‍ തരമെന്ന്‍ മഹാരാജന്‍!! ! അപ്പോളാണ് അദ്ദേഹം ഒരു തികഞ്ഞ ദേശസ്നേഹി കൂടെ ആണെന്ന്‍ എനിക്ക് മനസ്സിലായത്! എന്‍റെ ഉള്ളില്‍ അദ്ധേഹത്തോടും അദ്ധേഹത്തിന്റെ പരമ്പരയോടും ഉള്ള  ആദരവ് അപ്പോള്‍ ഇരട്ടിയായി. ഞാന്‍ പരിസരം മറന്നു ആദരവ് കാട്ടുമോ എന്ന് സ്വയം  ഭയന്നു.

                     അപ്പോളാണ് മഹാരാജന് ചക്രവര്‍ത്തിയുടെ [കമ്മിഷണര്‍]]]  സന്ദേശം വയര്‍ലെസ്സ് വഴി ലഭിക്കുന്നത്.  ആ  സന്ദേശം ഞാനും സ്റ്റേഷനിലെ   മറ്റു അന്തേവാസികളും ശ്രവിച്ചു. ചക്രവര്‍ത്തിയുടെ ജ്ഞാനത്തിന് മുന്‍പില്‍ മഹാരാജന്‍ വെറും നവജാത ശിശു !!!!  സത്യം പറഞ്ഞാല്‍ ചക്രവര്‍ത്തി പറഞ്ഞ വാക്കുകളില്‍ 90% dictionary യില്‍ എവിടെയും ഇല്ല്യ. ഇതു മനസ്സിലാക്കി അതിന്‍റെ അവസാനം "ROGER"  എന്ന് തിരിച്ചു പറഞ്ഞ മഹാരാജന്‍റെ  മുഖം ആസാം ആപ്പിള്‍ പോലെ തുടുത്തു. തുടര്‍ന്ന് ആ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍ രാജന്‍ മന്ദ്രിമാര്‍ക്ക് പറഞ്ഞു കൊടുത്തു. മന്ദ്രിമാര്‍ സിംല ആപ്പിള്‍ പോലെ തുടുത്ത മുഘവുമായി എങ്ങോട്ടോ യാത്രയായി. പക്ഷെ, അവര്‍  "ROGER " എന്ന് തിരിച്ചു പറഞ്ഞില്ല !!

                        മുഖം പഴയപടി ആകാന്‍ രാജന് വീണ്ടും അരമണിക്കൂര്‍ വേണ്ടിവന്നു. അപ്പോഴേക്കും രാജന്റെ ദേശസ്നേഹം നെര്പകുതിയായിരുന്നു !! 500 രൂപയാണ് എപ്പോള്‍ ദേശസ്നേഹം! എന്‍റെ ദേശസ്നേഹം അത്രയും വളര്‍ന്നിരുന്നില്ല്യ!! മനസ്സലിഞ്ഞ രാജന്‍ എന്‍റെ കയ്യിലുള്ള ദേശസ്നേഹം കൊടുത്താല്‍ എന്‍റെ മൊബൈല്‍ തരമെന്നരുളി. ദേശസ്നേഹത്തിന്റെ 2 നോട്ടുകള്‍ നല്‍കി ഞാന്‍ മൊബൈലുമായി അന്ദപ്പുരതുനിന്നും പുറത്തു കടന്നതും എന്‍റെ മൊബൈലില്‍ ഒരു ബാംഗ്ലൂര്‍ നമ്പര്‍ തെളിഞ്ഞു. ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത് എന്‍റെ സഹമുറിയാനാണ്. ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് അവനു പറയാനുണ്ടായിരുന്നത്. ഈ അടുത്തിടെ വിവാഹിതനായ എന്‍റെ മറ്റൊരു സുഹൃത്ത് കഴിഞ്ഞ 3 ദിവസമായി ഒരു മുറിയില്‍ അകപ്പെട്ടിരിക്കുകയാണ് എന്നും കൂടെ അദ്ദേഹത്തിന്റെ സഹധര്‍മിണിയും പെട്ടിട്ടുണ്ടെന്നും ആയിരുന്നു ആ വാര്‍ത്ത‍....

                     നാട്ടില്‍ ആയതിനാല്‍ ഓണത്തിന് നാട്ടില്‍ പോകാത്ത എന്‍റെ സുഹൃത്തുക്കളെ രക്ഷാപ്രവര്‍ത്തനത്തിന് അയച്ചു ഞാന്‍ ഫോണില്‍ സംഭവങ്ങളുടെ വിശദാംശങ്ങള്‍ക്കായി  കാത്തിരുന്നു. 4 മണിക്കൂര്‍ നീണ്ട ബെല്ലടിക്ക് ശേഷം എന്‍റെ സുഹൃത്ത് ശക്തി വീണ്ടെടുത്ത് ബെഡ്റൂമിന്‍റെ ഉള്ളില്‍നിന്ന് പൂട്ടിയ വാതില്‍ തുറന്നു പുറത്തു വന്നു എന്നെനിക്കറിയാന്‍  സാധിച്ചു. 3 ദിവസത്തെ പട്ടിണി കൊണ്ടും, തുറക്കാത്ത  വാതില്‍  തുറക്കാനു ള്ള
കഠിന പ്രയത്നം കൊണ്ടും എന്‍റെ സുഹൃത്ത് അതീവ ക്ഷീണിതനായി കാണപ്പെട്ടിരുന്നു എന്ന് അദ്ധേഹത്തോട്  അടുത്ത  വൃത്തങ്ങള്‍ അറിയിച്ചു.
അധികം വൈകാതെ സ്വധവെ  ബോധമില്ലാത്ത ആ സുഹൃത്ത് ബോധരഹിതനായി നിലം പതിച്ചു. ഹോസ്പിറ്റലില്‍  എത്തിച്ച സുഹൃത്ത് 2 ദിവസങ്ങള്‍ക്ക് ശേഷം ബോധം വീണ്ടെടുത്തു.

                     തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 3 ദിവസത്തെ ഉറക്കമില്ലായ്മയും ഭക്ഷണമില്ലായ്മയും, 3 ദിവസമായി തുടര്‍ച്ചയായി വാതില്‍ തുറക്കാനുള്ള പ്രയത്നവും ആണ് രോഗിയെ തളര്‍ത്തിയത്  എന്ന് ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു !! തന്‍റെ പത്നിയെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്താന്‍   കഴിയാത്തതിന്‍റെ നിരാശയും കുറ്റബോധവും അദ്ധെഹത്തെ ഒരു മാനസിക രോഗിയാക്കി മാറ്റി എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ബോധം വീണ്ടെടുത്ത സുഹൃത്ത് കഴിഞ്ഞ 48 മണിക്കൂറായി ഹോസ്പിറ്റലിലെ മറ്റു രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഭാര്യയെ നിരന്ദരമായി പരിചയപ്പെടുത്തി കൊടുത്തുകൊണ്ടിരിക്കയാണ് എന്നാണ് അറിയാന്‍ സാധിച്ചത്. ആ  ശല്ല്യം സഹിക്കവയ്യാതെ 3 ഡോക്ടര്‍മാരും 2 വാര്‍ഡിലെ രോഗികളും ഇതിനകം ഹോസ്പിറ്റല്‍ വിട്ടു കഴിഞ്ഞു !!!!

                       ഈ  ദുരന്ദങ്ങള്‍ക്ക് നടുവില്‍  ഞാന്‍ വിഭവ സമൃദമായ ഓണസദ്യയില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഇതു വായിക്കുന്ന എന്‍റെ മാന്യ സുഹൃത്തുക്കള്‍ എന്‍റെ മനോരോഗിയായ സുഹൃത്തിന്‍റെ നിത്യശാന്തിക്കും  എന്‍റെ ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ താല്‍പ്പര്യപ്പെടുന്നു  .......



                               " ഹാപ്പി ഓണം "  
                 





                                                   
                                                                                         - സ്വന്തം  നിഖില്‍ .

                         

ആത്മീയ തീര്‍ഥയാത്ര !

                                                     
                                         [" കുറച്ചു കാലമായി ഈ ആസുഖം ഇല്ലായിരുന്നു. ഈ അടുത്ത്  പിന്നെയും തുടങ്ങീയിരിക്കുന്നു. സസ്നേഹം സഹിക്കുക."]

                                         പുതുതായി  എന്തെങ്കി ലും ചെയ്യണം എന്ന ആഗ്രഹമുള്ള, എന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത [കഴിവില്ലാതെയല്ല, അതിനെ മറികടക്കുന്ന അലസതയുടെ ആധിഘ്യം ഉള്ള ] ഒരു പറ്റം ചെറുപ്പക്കാര്‍ പതിവുപോലെ ഒരു സന്ധ്യക്ക് [ഉദ്ദേശ്യം രാത്രി 10   മണിക്ക്] കട്ടന്‍ ചായ കുടിക്കാനായി ഗോവിന്ദ ഗൌഡയുടെ ചായക്കടയില്‍ ഒത്തുക്കൂടി.

                                      അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി മാറ്റാനുള്ള ഉപായങ്ങള്‍ ചര്‍ച്ച ചെയ്തു മടുത്തു. ഇന്ത്യ - പാകിസ്ഥാന്‍ പ്രശനം ഒരു 100 തവണ  പരിഹരിച്ചു  കഴിഞ്ഞതാണ്. ബംഗാളൂരില്‍ മെട്രോ തീവണ്ടി കൊണ്ടുവരുത്തിച്ചു.  മന്ത്രി രാജയെ രാജി വെപ്പിച്ചു. ഐശ്വര്യയേ ബച്ചന്‍ മോനെക്കൊണ്ട്  [ അങ്ങനെ വിശ്വസിക്കുന്നു ]  അമ്മയാക്കി. പെട്രോള്‍ വില വര്‍ധന   അങ്ങനെ ഒരു പരിധിവരെ  എണ്ണക്കംമ്പനികളോട് പറഞ്ഞു കൂട്ടാതെ നിര്‍ത്തി വെച്ചിരിക്കുന്നു. ബഡ്ജറ്റില്‍   ഡീസല്‍  കാറുകളുടെ വില വര്‍ധിപ്പിക്കണ്ട എന്ന് തീരുമാനിപ്പിച്ചു. സച്ചിനെ  ശല്ല്യം ചെയ്തു സഹിക്കാനാകാതെയാക്കി  നൂറു സെഞ്ച്വറി അടിപ്പിച്ചു. ഇനി എന്ത് എന്നാലോചിച്ചു വീര്‍പ്പുമുട്ടുന്ന സമയം. ഈ നൈമിഷിക ലോകത്തിന്റെ വീര്‍പ്പുമുട്ടലുകളില്‍ നിന്ന് ഒരു ആശ്വാസം തേടി ഒരു തീര്‍ത്തയാത്ര പോകാം എന്ന് തീരുമാനമെടുത്തു.

                                      എങ്ങോട്ട് പോകണം എന്നതായി അടുത്ത പ്രശനം. ആത്മീയത തേടിയുള്ള  യാത്ര ആണ്. എല്ലാ ആത്മീയവാദികളും അവരവരുടെ ഇഷ്ട്ടദേവന്‍റെ വാസസ്ഥലങ്ങള്‍ തേടി പോകാം എന്ന് പറഞ്ഞു ചാടിവന്നു. യാത്രാസ്ഥലം നിശ്ചയിക്കല്‍ ഒരു ലോകമഹായുദ്ധം സൃഷ്ട്ടിക്കുമെന്നായപ്പോള്‍ ഈയുള്ളവന്‍ എല്ലാ ആത്മീയവാദികള്‍ക്കും ഒരേപോലെ ഇഷ്ട്ടമാകുന്ന ഒരു തീര്‍ഥാടന കേന്ദ്രം നിര്‍ദേശിച്ചു. "ഗോവ" ! ! കേട്ട പാതി കേള്‍ക്കാത്ത പാതി എല്ലാവരും പറഞ്ഞു "ഇതാണ് ഉത്തമം, ഇതാകുമ്പോള്‍ എല്ലാര്ക്കും ഒരേപോലെ  പ്രാര്‍ഥിക്കാം. ഇതു മതി ". അങ്ങനെ അതിലും ഒരു തീരുമാനമായി.


                                     ജീവിത സാഗരത്തില്‍ പ്രശ്നങ്ങള്‍ തീരില്ലല്ലോ. ഇപ്പോളത്തെ പ്രശനം എന്ന് പോകണം എന്നതായി. 1 മുതല്‍ 31 വരെ ഉള്ള എല്ലാ ഡേറ്റുകളും പലര്‍ക്കും പ്രശനം ആയതിനാല്‍ അതും ഈ പാവം നിശ്ചയിച്ചു. "നാളെ വൈകുന്നേരം പുറപ്പെടാം". ശുഭസ്യ ശീഘ്രം എന്നാണല്ലോ ! ഇത്തവണയും എല്ലാരും എന്നെ അനുകൂലിച്ചു. ദൈവത്തിനു സ്തുതി.




                                      അങ്ങനെ അടുത്ത ദിവസം രാത്രി 10 മണിയോടെ ഞങ്ങള്‍ ബംഗ്ലൂരില്‍ നിന്നും യാത്ര പുറപ്പെട്ടു. ആത്മീയതയും ലാളിത്യവും യാത്രയുടെ ഉദ്ദേശം ആയതിനാല്‍ ആ ലാളിത്യം ഞങ്ങളുടെ വേഷവിധാനങ്ങളിലും പ്രകടമായിരുന്നു. പണ്ട് സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ ഇതിലും വലിയ ട്രൌസര്‍ ആണ് എല്ലാരും ഇട്ടിരുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വിശ്വാസം, അതല്ലേ എല്ലാം! തുംകൂര്‍ വഴി ആണ് ഗോവക്കുള്ള യാത്ര. പോകുന്ന വഴിക്ക് ഭിക്ഷക്കാര്‍ക്ക് [ടോള്‍ ബൂത്ത്‌ ] വേണ്ടുവോളം ദാനധര്‍മങ്ങള്‍ നടത്താന്‍ ഞങ്ങള്‍ മടിച്ചില്ല. മടിച്ചാലും ഇലനക്കി പട്ടികളുടെ ചിറിനക്കി  പട്ടികളായ  ഇവര്‍ ഭിക്ഷ കടിച്ചു വാങ്ങും. തടിക്കു കേട്  പറ്റരുതല്ലോ എന്ന്  കരുതി ഞങ്ങള്‍ ദാനധര്‍മങ്ങള്‍ അനസ്യൂതം തുടര്‍ന്നു. " ശിവനെ, കാത്തോളണേ"; പുറകില്‍നിന്നും ഉണ്ണിമോന്റെ [ പേര്  ഉണ്ണികുട്ടന്‍; 23 വയസ്സ് ; 5  അടി 6  ഇഞ്ച്‌ പൊക്കം; 55 കിലോഗ്രാം തുക്കം; ഇളം നിറം; മലയാളം , തമിള്‍, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ സംസാരിക്കും; കാണുന്നവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.]  നിഷ്കളങ്ക പ്രാര്‍ഥന ഞങ്ങള്‍ക്ക് ശക്തി പകര്‍ന്നു.




                                    കര്‍ണാടകത്തില്‍  ഈ ഭിക്ഷക്കാരുടെ ശല്ല്യം അനുദിനം കൂടി വരികയാണ്. ഒരേ വീടിന്റെ ഒരു മുറിയില്‍ നിന്നും അടുത്ത മുറിയിലേക്ക് കടക്കുമ്പോള്‍ പോലും ഭിക്ഷ [ടോള്‍] കൊടുക്കേണ്ടിവരുന്ന കാലം വിദൂരമല്ല! ഞങ്ങള്‍ ഭിക്ഷ കൊടുത്ത തുക ഉണ്ടായിരുന്നെങ്കില്‍ നാട്ടില്‍ 5 സെന്റു പറമ്പും ഒരു വീടും വെക്കാമായിരുന്നു. കേരളത്തില്‍ 3  രൂപ  ടോള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ സമരം  ചെയ്ത പാര്‍ട്ടിക്കാര്‍ തുടര്‍ച്ചയായി  15  വര്‍ഷമായി  ഭരിക്കുന്ന  കര്‍ണാടകത്തില്‍ എന്തായാലും ടോളിനു ഒരു പഞ്ഞവുമില്ല;  കൊടുക്കാന്‍ സമരങ്ങളുടെ ദത്തു പുത്രന്മാരായ   മലയാളികള്‍ക്ക് ഒരു മനസ്താപവും ലവലേശം ഇല്ല!  എന്തായാലും കര്‍ണാടക വളരട്ടെ ! പാവം മലയാളികള്‍ ഭിക്ഷാം ദേഹികളായി ജീവിതം തീര്‍ക്കട്ടെ. സോറി, ഞാന്‍ മാറ്ററില്‍ നിന്ന് പോയി !! !!


                               
                                         രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഹുബ്ലിയില്‍ എത്തിയ ഞങ്ങള്‍ അവിടുത റോഡരികില്‍ ഉണ്ടായിരുന്ന വഴിയമ്പലത്തിലെ [തട്ടുകട] ഊട്ടുപുരയില്‍നിന്നും നെദ്യച്ചോറും തീര്‍ഥവും [ ഓംലെറ്റും  ചായയും ] കഴിച്ചു യാത്ര തുടര്‍ന്നു. ഇടക്കിടെ ഉണരുന്ന  ഉണ്ണിമോന്‍ ശിവസ്തുതികള്‍ പാടി ഞങ്ങളുടെ ഉറക്കം കെടുത്തി. ഒരു ഉത്തമ  ശിവ ഭക്തന്‍ കൂടെ ഉള്ളപ്പോള്‍ എന്ത് അപടം വരാനാണു എന്നത്  ഞങ്ങള്‍ക്ക് ധൈര്യം തന്നു. അതിരാവിലെ തുറമുഖപട്ടണമായ  കാര്‍വാറില്‍ ഞങ്ങള്‍ എത്തി. പ്രഭാത സ്നാനം കഴിഞ്ഞു ചുവപ്പുപട്ടണിഞ്ഞു വരുന്ന സൂര്യദേവന്‍ അവിടെ ഞങ്ങളെ സ്വീകരിച്ചാനയിച്ചു. അതിമനോഹരമായ കടല്‍ തീരത്ത് കുറച്ചു സമയം വിശ്രമിക്കുമ്പോള്‍ എല്ലാവരും മനസ്സുകൊണ്ട് ഗോവയില്‍ എത്തിയിരുന്നു. പ്രഭാതഭക്ഷണത്തിന് ശേഷം പ്രിയ കര്‍ണാടകയോട് വിടപറഞ്ഞു ഞങ്ങള്‍ ഗോവാ ബോര്‍ഡര്‍ കടന്നു. ബോര്‍ഡര്‍ കഴിഞ്ഞപ്പോളേ  മണ്മറഞ്ഞ പോര്‍ച്ചുഗീസ്  സംസ്കാരത്തിന്റെ അവശിഷ്ട്ടങ്ങള്‍ ഞങ്ങളുടെ ദ്രിഷ്ട്ടി മേഘലയെ വാരിപ്പുണരാന്‍  തുടങി. ഇന്ത്യയെ ലോകത്തിനു മുന്‍പില്‍ ആദ്യമായി വ്യപിച്ചരിച്ച ആ സംസ്ക്കാരത്തിന്റെ കാല്‍പ്പാടുകളിലൂടെ  അധികം പോകേണ്ടി വന്നില്ല ഞങ്ങള്‍ക്ക് ആ സൌന്ദര്യത്തിന്റെ മൂര്‍ത്തിമത് ഭാവത്തെ നേരില്‍ കാണാന്‍.


                                        ഈറനുടുത്ത് തെല്ലൊരു നാണത്തോടെ മിഴിമുനകളാല്‍ മാടി വിളിക്കുന്ന സുന്ദരിയാണ്‌ ഗോവ. അതിലും മനോഹരമാണ് അവളുടെ തോഴികളായ നിഷ്കലങ്ങകളായ  മദാമ സഹോദരികള്‍. മദാമമാരെക്കാള്‍ നിഷ്കലങ്ങകളാണ് ഇന്ത്യന്‍ മദാമകള്‍; ലാളിത്യമാണ് അവരുടെയും മുഖമുദ്ര. രണ്ടാം ക്ലാസ്സില്‍ അച്ഛന്‍ വാങ്ങിക്കൊടുത്ത ഉടയാടകള്‍ ഇരുപതാം വയസ്സിലും അവര്‍ ഉപേക്ഷിച്ചിട്ടില്ല. പിതൃ സ്നേഹം അവരില്‍നിന്നു പഠിക്കാം. കടലമ്മയെ കാണുമ്പോള്‍ അവര്‍ക്ക് പിതൃസ്നേഹം പിന്നെയും കൂടും. 2 വയസ്സുള്ളപ്പോള്‍ അച്ഛന്‍ വാങ്ങികൊടുത്ത ഉടയടകളാണ് അത്തരം സാഹചര്യങ്ങളില്‍ അവര്‍ അണിയുക. അവര്‍ക്ക് കുറച്ചുകൂടെ സ്നേഹം അച്ഛനോട് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആശിച്ചു പോയി. നേരം ഉച്ചയായപ്പോള്‍ ചിലര്‍ക്ക് പിതൃസ്നേഹം പിന്നെയും കൂടി! അത് ഞങ്ങളിലെ ആത്മീയതയെ പരിപോഷിപ്പിച്ചു.

                                       സ്നേഹം സഹിക്കവയ്യാതെ ആയപ്പോള്‍ ഞങ്ങള്‍ കടല്‍ക്കര വിട്ടു ഒരു മുറി എടുത്ത് വിശ്രമിക്കാന്‍ തീരുമാനിച്ചു. ഒരു  ഉച്ചര ഉചെമുക്കാള്‍ ആയപ്പോള്‍ ഞങ്ങള്‍ ദാഹം സഹിക്കവയ്യാതെ നാരങ്ങ വെള്ളം കുടിക്കാന്‍ പുറത്തിറങ്ങി. തൂവാനംതുംബികളിലെ മോഹന്‍ലാലിനെപോലെ ഐസ് ഇട്ട നാരങ്ങവെള്ളം ഞങ്ങള്‍ക്കും കിട്ടിയില്ല. എന്തൊക്കെ ആയാലും കര്‍ണാടകത്തില്‍ നിന്നാണ് ഞങ്ങള്‍ വരുന്നത് എന്നോര്‍മ ഉള്ളതുകൊണ്ടും, തികഞ്ഞ ദേശസ്നേഹിയും   സര്‍വോപരി ഗാന്ധിയനും ആയ ആളാണ് "വിജയ്‌ മല്ല്യ" എന്നതുകൊണ്ടും മൂപ്പരുടെ തട്ടുകടയിലെ ജീരക സോഡാ കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഗാന്ധിജിയുടെ സാധന സമഗ്രഹികള്‍ ലേലത്തില്‍ വാങ്ങാനും ഇന്ത്യക്ക്  സിന്ദൂരവര്‍ണമുള്ള, നിഷ്കളങ്കകളും   ലാളിത്യ സമ്പന്നരുമാരായ  എയര്‍ ഹോസ്ടസ്സുമാരെ കാഴ്ച വെക്കാനും മനസ്സ് കാണിച്ച  മഹാനാണ് അദ്ദേഹം. സദാസമയവും തീര്‍ത്ഥം മാത്രം കഴിച്ചു സന്യാസി ജീവിതം നയിക്കുന്ന  കലിയുഗ  യോഗിയാണ് ആ മഹാനുഭാവന്‍.            വിമാനം പറത്തി നഷ്ട്ടം വന്ന ആ പാവം ഞങളുടെ കയ്യില്‍ നിന്നും വാങ്ങിയ സോഡാ വിട്ടു കിട്ടിയ കാശുകൊണ്ട് രക്ഷപ്പെടട്ടെ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ റൂമിലേക്ക്  നടന്നു. വഴിനീളെ ഉണ്ണി ശിവനെ സ്മരിച്ചുകൊണ്ടേ ഇരുന്നു. ഭക്തന് സമയവും കാലവും ഇല്ലല്ലോ.


                                    കൂടെ ഉള്ളവരില്‍ മറ്റൊരു വ്യത്യസ്തനായ മാന്യനാണ് ജീന്‍സ് [ 'സവാള'  എന്നാണ്  ഓമന പേര് ]. പേര് പോലെ തന്നെ കഠിനമാണ്  ആളും. ഇന്ത്യ മുഴുവന്‍ 2  ദിവസം  കൊടുത്താല്‍ ഓടിച്ചു കാണിച്ചു തരും ഇദ്ദേഹം. ഏതു നാട്ടിലേയും ഇടവഴികള്‍  മൂപ്പര്‍ക്ക് മനപ്പാഠം! കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ  ഹൈവേ  വരുന്നതിനു മുന്‍പ് ഇടവഴികളിലൂടെ  1  ദിവസം കൊണ്ട്  റോഡുമാര്‍ഗം സഞ്ചരിച്ച  മഹാനുഭാവന്‍. ഇടവഴിയില്‍ ആനന്ദം കണ്ടെത്തുകയാണ്  ജീവിത ലക്‌ഷ്യം. ഇന്ത്യയുടെ ആത്മാവ്  ഇടവഴിയില്‍ ആണെന്നാണ്  മൂപരുടെ വാദം.  ക്ഷീണം, വിശ്രമം എന്നീ പദങ്ങള്‍ മൂപ്പരുടെ ഡിക്ഷ്ണറിയില്‍ ഇല്ല. അതിനാല്‍ തന്നെ ബാക്കി ഉള്ളവരെ അതിനു സമ്മതിക്കുകയും ഇല്ല.  ഒരു ഇടവഴിയില്‍ നിന്നും മറ്റൊരു ഇടവഴിയിലീക്ക് നീളുന്ന സഞ്ചാരം. മൂപരുടെ സഹായം കൊണ്ട് മാത്രമാണ് ഞങ്ങള്‍ ഗോവ 2 ദിവസം കൊണ്ട് കണ്ടു തീര്‍ത്തത്. കണ്ണ് തുറന്നടക്കുന്ന സമയം കൊണ്ട് മൂപ്പര്‍ ഞങ്ങളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടെത്തിച്ചു, എല്ലാം ഇടവഴിയിലൂടെ മാത്രം. മൂപ്പരുടെ കൂടെ യാത്ര ചെയ്തു 56  ടക്കീല സ്ഥിരമായി കഴിച്ചിട്ടും തളരാത്ത  സതീഷ്‌ മോന്‍ വരെ ഓരൊറ്റ  മല്ല്യ സോഡാ കഴിച്ചപ്പോള്‍ തളര്‍ന്നു വീണു ! സതീഷിനെ വീഴ്ത്തിയതിന്റെ  ക്രെഡിറ്റ്‌ മല്ല്യക്കോ ജീന്‍സ് മോനോ എന്നത് ഇന്നും തര്‍ക്ക വിഷയമാണ്.


                                       ഗോവയിലെ വാട്ടര്‍ റൈഡ്സ്  ആരെയും ഭയപ്പെടുതുന്നവയാണ്. ദുര്‍ബല  ഹൃദയനായ ഞാന്‍  കാശു കൊടുത്തു പേടിക്കാന്‍ നിന്നില്ല. കൂടെ ഉള്ളവരില്‍ സഹസികനാണ്  സന്തു മോന്‍. വെള്ളം മൂപര്‍ക്കൊരു ഹരമാണ്. മണിച്ചിത്രതാഴിലെ പപ്പുവിനീപ്പോലെ എവിടെ വെള്ളം കണ്ടാലും അത് ചാടി / നീന്തി കടക്കും.  ഇല്ലെങ്ങില്‍ സമാധാനം കിട്ടില്ല്യ.  "കടല്‍ കുറേ കണ്ടവനാണ് ഈ K.A. സന്തോഷ്‌" എന്ന് പറഞ്ഞു പോയ സന്തുവിനെപറ്റി വാട്ടര്‍ രൈഡിനു   ശേഷം ഞാന്‍ കേള്‍ക്കുന്നത്  'ബീച്ചില്‍ പേടിച്ചു ഓടി  നടന്നു ശര്‍ഥിച്ചു'  എന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് ! .  

                                      കഞ്ചാവ് തേടി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ യാത്ര ചെയ്തു എത്തുന്ന മദാമ  സഹോദരികളെ സസ്നേഹം സ്വീകരിച്ചു അതീവ സൂക്ഷ്മതയോടെ കഞ്ഞാവ്‌ ബീഡി വലിപ്പിക്കുന്ന സഹോദരന്‍മാര്‍; കഞ്ചാവ് വലിച് തളരുന്ന  അതിഥികളെ സ്വന്തം കിടപ്പറയില്‍ കിടത്തി ഉറക്കുന്നത് ആര്‍ഷഭാരത  സംസ്ക്കാരത്തിന്റെ അത്യന്ധാതുനിക പകര്‍പ്പ്. തളര്‍ന്നു വീഴുന്നവരെ ഉപേക്ഷിക്കരുത്  എന്ന് യേശു പറഞ്ഞതുകൊണ്ടാകണം അവര്‍ മദാമകളുടെ കൂടെ  തന്നെ  കിടന്നുറങ്ങാന്‍ തീരുമാനിച്ചതും. സാമ്പത്തിക പ്രതിസന്ധി ബാധിച്ചു അവശരായ  സായിപ്പന്മാരെക്കാളും  മെച്ചം ഇന്ത്യന്‍ കഞ്ചാവ് വില്പ്പനക്കാറാണെന്നു മദാമകള്‍ വൈകിയെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു. ഈ കാഴ്ച കണ്ടു മനം നൊന്തു ഉണ്ണിമോന്‍ ശിവനെ ഉറക്കെ വിളിച്ചു കരഞ്ഞു. കരയാന്‍ മാത്രം വിധിക്കപ്പെട്ട സാധാരണക്കാരന്റെ വിളി ആരുകേള്‍ക്കാന്‍ !


                                      ശിവന്‍ കേട്ടാലും ഇല്ലെങ്കിലും  ഇത്തവണ ആ വിളി  ജീന്‍സ് മോന്‍ കേട്ടു! "ഇനി നീ 'ശിവന്‍' എന്ന് മിണ്ടിയാല്‍ നിന്നെ കൊന്നു കളയും; കുറേ ആയി ഞാന്‍ ആ പേര് കേള്‍ക്കുന്നു. എവിടെയാണെന നിന്റെ ശിവന്‍? എനിക്കൊന്നു കാണണം മൂപ്പരെ." പറഞ്ഞു തീരുമ്പോളേക്കും " ഞാന്‍ ലേറ്റ് ആയോ എത്താന്‍" എന്ന് ചോദിച്ചു ഒരാള്‍ കയറി വന്നു.  അദ്ധേഹത്തെ കണ്ട ഉണ്ണിമോന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. "എവിടെപ്പോയി കിടക്കായിരുന്നു, എത്ര നേരമായി ഞാന്‍ അന്വേഷിക്കുന്നു" എന്ന് പറഞ്ഞു ഉണ്ണി അയാളെ വാരിപ്പുണര്‍ന്നു. അല്‍പ്പനേരത്തെ സംഭാഷണത്തിന് ശേഷം ഉണ്ണി മോന്‍ അപരിചിതനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. " ഇതാണ് ശിവന്‍, അപാര പണ്ഡിതനാണ്; ഡബിള്‍ എം എ ഉള്ള ആളാണ്". ഉണ്ണി പറഞ്ഞ ഡബിള്‍ എം എ [ MAMA  ]വൈകിയാണ് ജീന്‍സ് മനസ്സിലാക്കിയത്‌.  അതിനു ശേഷം തിരിച്ചു ബാംഗ്ലൂര്‍ എത്തുന്നതുവരെ ജീന്‍സും ഉണ്ണിമോനും തമ്മില്‍ സംസാരിച്ചിട്ടില്ല ! ആ നിസ്സംഗ മൌനം ഇന്നും തുടരുന്നു. . . . . .
                                       



                         
                                                                                                       -  സ്വന്തം നിഖില്‍.