" സ്വമിയേ ശരണം അയ്യപ്പാ ... " !
==============================
==============================
കോടമഞ്ഞിന്‍റെയും കമ്പിളി പുതപ്പിന്‍റെയും കാലം വരവായി. അതിരാവിലെ എഴുന്നേല്‍ക്കാന്‍ ഇഷ്ടപ്പെടാതവര്‍ക്ക് ഇതു വസന്തകാലം. രാത്രി സജ്ഞാരികള്‍ക്ക് ഇതു സ്വപ്നകാലം ! ഈശ്വരവിശ്വാസികളായ മണ്ടന്മാര്‍ക്ക്,ക്ഷമിക്കണം ഭക്തന്മാര്‍ക്ക് ഇതു മണ്ഡലകാലം! തിരുമണ്ടനായ എനിക്ക് എന്നത്തേയും പോലെ ഇതു കഷ്ട്ടകാലം !!
എന്നെ പരിചയപ്പെടുത്തിയില്ലല്ലോ; ഞാന്‍ ഒരു പാവം പാപി. അറിവുകേട് കൊണ്ടും, ജന്മസിദ്ധമായ അഹങ്കാരം [അസൂയാലുക്കള്‍ വെറുതെ പറയാട്ടോ !] കൊണ്ടും ചെയ്തു കൂട്ടിയ പാപങ്ങള്‍ നിരവധി! 2012 തുടക്കം വരെ ഉള്ള പാപങ്ങള്‍ expire ആയതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല്യ. ഓര്‍മക്കുറവു നല്ലോണം ഉള്ളതിനാല്‍ ലേറ്റസ്റ്റ് ആയി ചെയ്ത പാപങ്ങള്‍ മാത്രം വിവരിക്കാം.
ഒരു വയറില്ലാത്ത ഫോണ്‍ വാങ്ങാന്‍ ഇറങ്ങിയതായിരുന്നു അന്ന് പാവം ഞാന്‍!! പാപി ചെല്ലുന്നിടം പാതാളം എന്നാണല്ലോ. ഒരു ആവശ്യവും ഇല്ലാതെ ഞാന്‍ അന്ന് എന്‍റെ ഒരു പഴയ ആത്മമിത്രത്തിനെ ബെങ്കളൂരുവിലെ 'ഫോറം' അമ്പലത്തില്‍ വെച്ച് കാണാന്‍ ഇടയായി. അവന്‍റെ സ്നേഹം കണ്ടപ്പോള്‍ അവന്‍ ഇതുവരെ ജീവിച്ചിരിക്കുന്നതേ എന്നെ കാണാന്‍ വേണ്ടിയാണ് എന്ന് തോന്നിപ്പോയി !
ആദ്യരാത്രിയില്‍ ഭര്‍ത്താവിനെ ആലിംഗനം ചെയ്യുന്ന പ്രിയതമയേക്കാള്‍ സ്നേഹാധിഘ്യത്തോടെ അവന്‍ എന്നെ പുണര്‍ന്നു. പരസ്പരം പരിസരബോധമില്ലാതെ ആലിങ്കനബദ്ധരായി ആര്‍ത്തുല്ലസിക്കുന്ന കമിതാക്കളെ തിരിഞ്ഞു നോക്കാത്ത IT ജനത ഞങ്ങളെ കൌതുകത്തോടെ നോക്കി എന്തൊക്കെയോ മനസ്സില്‍ ഉറപ്പിച്ചു!! ഒരു അവിവാഹിതനായ ചെറുപ്പക്കാരന്‍റെ മനസ്സില്‍ ഭാവിയെ കുറിച്ചുള്ള ഭീതിയുടെ വിത്തുകള്‍ പാകിയ നിമിഷങ്ങളായിരുന്നു അത്.
"എത്ര നാളായളിയാ കണ്ടിട്ട്; നമ്മള്‍ ഒരുമിച്ചൊരു പടം കണ്ടിട്ടെത്ര വര്‍ഷമായി ! എന്ത് വന്നാലും ഇന്ന് ഒരെണ്ണം കണ്ടിട്ടേ നിന്നെ ഞാന്‍ വിടുള്ളൂ ! അത് കഴിഞ്ഞു ഒരുമിച്ചു അത്താഴം !!" തോഴന്‍റെ സ്നേഹം മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ത്തു വരുന്ന പെരിയാര്‍ നദി പോലെ അണപൊട്ടി ഒഴുകി. ഈ ദുര്‍ഗുണന്‍ എങ്ങനെ എന്‍റെ 'അളിയന്‍' ആയി എന്ന് മനസ്സിലാകാതെ പെരിയാറിന്‍റെ തീരത്തെ നിരാലംബനായ തീരവാസി കണക്കേ നിര്‍നിമേഷനായി, തികച്ചും സ്തബ്ദനായി കുറ്റിയടിച്ച് നിന്നു.
സൗഹൃദങ്ങള്‍ക്ക് എന്നും മറ്റെന്തിനെക്കാളും വില കൊടുത്തിരുന്ന ഈ പാപി, മിത്രത്തിന്‍റെ മനോവേദന അകറ്റാന്‍ സിനിമക്ക് വരാമെന്ന് സമ്മതിച്ചു. തുടര്‍ച്ചയായി 10 സൂപ്പര്‍ ഫ്ലോപ്പുകള്‍ സമ്മാനിച്ച അനിഷേധ്യ നടന്‍റെ പതിനൊന്നാം ഫ്ലോപ്പ് ആയ " SOLDIER OF SILVER HILLS " എന്ന ചിത്രമായിരുന്നു അത്. ഒന്നാം പകുതി കണ്ടപ്പോഴേ ദുര്‍ബലഹൃദയനായ എന്‍റെ പാവം ഹൃദയം തേങ്ങി തേങ്ങി എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍ കണക്കേ ഇടിക്കാന്‍ തുടങ്ങി. ആ ഇടി നില്‍കാന്‍ അധികം സമയം ബാക്കി ഇല്ലെന്നു ഞാന്‍ തിരിച്ചറിഞ്ഞു.
ആദ്യം പുറത്തു ജീവനോടെ എത്തുന്നവര്‍ക്ക് സമ്മാനമുണ്ട് എന്ന് തോന്നുമാറാണ് ആള്‍ക്കാര്‍ ഇന്‍റര്‍വെല്‍ ആയപ്പോള്‍ പുറത്തേക്കു ഓടിയത്. 'ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ' എന്ന് കരുതി ഞാനും ജീവനും കൊണ്ടോടി. എനിക്ക് പടത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ തൊട്ടടുത്തുള്ള St.Johns ആശുപത്രിയില്‍ എത്തിക്കാനുള്ള ആംബുലന്‍സ് വിളിക്കാന്‍ പറഞ്ഞിട്ടാണ് രണ്ടാം പകുതി കാണാന്‍ ഞാന്‍ അകത്തു കയറിയത്.
കുറ്റം പറയരുതല്ലോ; ഒന്നാം പകുതി സ്വര്‍ണം ആണെങ്കില്‍ രണ്ടാം പകുതി തനി തങ്കം ആണ് !!!! ഇടക്കിടെ പുറകിലെ സീറ്റില്‍ നിന്നും കേട്ടിരുന്ന അലമുറകള്‍ ഒടുവില്‍ ദീനരോദനങ്ങളായി വിഹായുസ്സില്‍ അലിഞ്ഞു; അത് പുറപ്പെടുവിച്ച ധീരയോദ്ധാവ് സ്വന്തം കസേരയില്‍ തലതല്ലി ആ നൈമിഷിക ജന്മം ഒടുക്കി. അദ്ദേഹം എത്രയോ ഭാഗ്യവാന്‍; ക്ലൈമാക്സ് കാണുന്നതിനു മുന്‍പ് അങ്ങ് പോകാന്‍ സാധിച്ചില്ലേ! മുജ്ജന്മ സുകൃതം. തികഞ്ഞ പാപി ആയ ഞാന്‍ അതുമുഴുവന്‍ ഇരുന്നു കണ്ടു.
അങ്ങനെ ഒരുവിധത്തില്‍ പടം കണ്ടു ജീവനും മുറുകേ പിടിച്ചു പ്രാഞ്ചി പ്രാഞ്ചി പുറത്ത് വന്ന എന്നെ നോക്കി "ക്ലാസ്സ് പെര്‍ഫോമന്‍സ്; അല്ലെ അളിയാ ? " എന്ന് പറയാന്‍ ആ നിര്‍ഗുണബ്രമ്മം ആയ ആത്മമിത്രം മറന്നില്ല. ശവത്തില്‍ കുത്തുന്നത് മലയാളികള്‍ക്ക് എന്നും ഒരു ഹരമാണല്ലോ. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും എന്‍റെ മനസ്സമാധാനം കളയാന്‍ അവനോളം ആര്‍ക്കും സാധിചിട്ടില്ല്യ. മഹാനാണവന്‍, അവന്‍റെ കൂടെ ഇരിക്കുമ്പോള്‍ ഞാന്‍ ഒരു സാത്വിക ത്യാഗിയും !! എന്‍റെ പാപഭാരം എനിക്കുതന്നെ താങ്ങാനാകുന്നത്തിലും മേലെയായി !!
കുളിപ്പിച്ച് വൃത്തിയാക്കിയ ഐ ഫോണ്‍ കടക്കാരന് ദാനം ചെയ്യുന്നതാണ് അടുത്ത ചടങ്ങ്.കൂട്ടത്തില്‍ ആ മാന്ന്യദേഹം തരുന്ന ഭിക്ഷ സ്വീകരിക്കുകയും വേണം. അതുകൊടുത്തു മറ്റൊരു സമദൂര - വിദൂര സംഭാഷണ സഹായി വാങ്ങുകയും എന്‍റെ ലക്ഷ്യമാണ്.......; എന്തിനും കൂട്ടായി ഒട്ടമിത്രം ഒപ്പത്തിനൊപ്പം.
അങ്ങനെ ഇപ്പോള്‍ ലോകത്തേറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മൊബൈല്‍ നിര്‍മാതാക്കളായ കൊറിയന്‍ കമ്പനിയുടെ അങ്കീകൃത വില്‍പ്പനശാലയില്‍ ഞങ്ങള്‍ എത്തി. എന്‍റെ കുളിച്ച സുന്ദരനെ കൊടുത്തു ഞാന്‍ താരതമ്യേന വലുപ്പത്തില്‍ മികച്ച മറ്റൊരു മിടുക്കനെ സ്വന്തമാക്കി. ഞാനും ആത്മമിത്രവും ഹപ്പിയോട് ഹാപ്പി !! അത്താഴം കഴിച്ചു വീട്ടില്‍ എത്തുന്നത് വരെ ഞാന്‍ ആ യന്ത്രത്തെ പ്രവര്‍ത്തിപ്പിക്കാന്‍ പെടപ്പടുപെട്ടു. മിത്രത്തിന്‍റെ കത്തി കൊടുവാള്‍ ആകുന്നതിനു മുന്‍പ് ഞാന്‍ ജീവനും കൊണ്ടോടി.
പൊളിറെക്നിക്കില്‍ പഠിക്കാത്തത് കൊണ്ടാകണം, യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ പറ്റി എനിക്കത്ര ജ്ഞാനം ഇല്ലായിരുന്നു. സംസാരിക്കാന്‍ പറ്റുന്നില്ല എന്നതൊഴിച്ചാല്‍ മറ്റൊരു കുഴപ്പവും അതിനുണ്ടയിരുന്നില്ല്യ !! ആ ദിവ്യയന്ത്രവും പേറി ഞാന്‍ മേല്‍പ്പറഞ്ഞ കമ്പനിയുടെ നന്നാക്കല്‍ ശാലയില്‍ എത്തിയപ്പോളാണ് ഇതും മറ്റാരോ ഉപയോഗിച്ച് കുളിപ്പിച്ച മിടുക്കനാണെന്ന് തിരിച്ചറിഞ്ഞത്. ഞാന്‍ വീണ്ടും ശശി !! നേരെ വീണ്ടും ആ ദിവ്യയന്ത്രവുമായി അതിന്‍റെ തറവാടിലേക്ക്! അവിടെ ചെന്ന് കാരണവരോട് കാര്യം പറഞ്ഞു.
കൈവിട്ട ആയുധവും വായ് വിട്ട വാക്കും തിരിച്ചു എടുക്കാത്ത ആ മാന്യനെ മാറ്റി നിര്‍ത്തി ബാല്യത്തില്‍ എപ്പോഴോ കേട്ടുമറന്ന രാമായണത്തിലെ ശ്ലോകങ്ങള്‍ ഉരുവിട്ടപ്പോള്‍ മാനസാന്ദരം വന്ന വാല്മീകി കണക്കെ അദ്ദേഹം എനിക്ക് വരമായി കുളിക്കാത്ത, ആരും തൊട്ട് അശുദ്ധമാക്കാത്ത മറ്റൊരു യന്ത്രം സമ്മാനിച്ചു. എന്‍റെ പാപങ്ങള്‍ പിന്നെയും വര്‍ധിച്ചു!
ഇതില്‍നിന്നും ഒരു മോചനം നേടാന്‍ സാക്ഷാല്‍ കലിയുഗവരദനായ അയ്യപ്പസ്വാമിയേ ചെന്ന് കണ്ടേക്കാം എന്ന് മനസ്സില്‍ ഉറച്ചു. മൂപ്പര് ക്ലീന്‍ വെജ്ജി ആണല്ലോ;പോരാത്തതിനു ബാച്ചിലറും. ചെന്ന് കാണുമ്പോള്‍ നമ്മളും അങ്ങിനെ തന്നെ ആകണം എന്നാണല്ലോ വെയ്പ്പ്. അതിനു മുന്നോടിയായി മാംസാഹാരങ്ങള്‍ വര്‍ജ്ജിക്കാന്‍ തീരുമാനിച്ചു. പക്ഷിപ്പനി അപ്പോളാണ് ഒരു അനുഗ്രഹമായി വന്നു ഭവിച്ചത്. ഈ IT ശ്മശാനത്തിലെ കാലന് പോലും വേണ്ടാത്ത 90 വയസ്സായ മാനേജര്‍ പോലും പക്ഷിപ്പനി പേടിച്ചു വെജിട്ടേറിയാന്‍ ആയതു കാണുമ്പോള്‍ ഏതൊരു കഠിനഹൃദയനും അറിയാതെ ചിരിച്ചുപോകും.
രണ്ടാമതായി വര്‍ജിക്കേണ്ടത് സ്ത്രീജനസംസര്‍ഗമാണ്. അക്കാര്യത്തില്‍ ഞാനും സമുദ്രമധ്യെ വസിക്കുന്ന ശ്വാനനും തുല്ല്യാവസ്തയിലാണ് ! ആറന്മുള പൊന്നമ്മയുടെ പ്രായമുള്ള തരുണീമണികള്‍ പോലും തിരിഞ്ഞു നമ്മളെ നോക്കതതിനാല്‍ ഇക്കാര്യം സാധ്യമാക്കുന്നതില്‍ അധികം ശ്രമം വീണ്ടിവരില്ല്യ. ഉര്‍വശീ ശാപം ഇക്കാര്യത്തില്‍ ഒരു ഉപകാരം തന്നെ എന്ന് പറയാതെ വയ്യ !! സംസാരിച്ചാല്‍ മുത്തും പവിഴവും വീണു അങ്കലാപ്പില്‍ ആകുമെന്നും ചാരിത്രം [എന്നൊന്ന് ഇപ്പോഴും ഉണ്ടെങ്കില്‍ !!!!] അത് നശിക്കുമെന്നും ഉറച്ചു വിശ്വസിക്കുന്ന IT തരുനീമാനികള്‍ക്കിടയില്‍ ആയതു എത്ര നന്നായെന്നു മനസ്സില്‍ ഓര്‍ത്തു.
ഇനി മനസ്സിലും ചിന്ദയിലും ആത്മീയത നിറച്ചു ഈ ജവാന്‍ ഭൂധനാഥന്‍റെ സന്നിധിയിലേക്ക്; ശാന്തിയുടെ വെള്ളിമലയിലേക്കു ..... ! !
" സ്വാമി ശരണം ".
അടിക്കുറിപ്പ്:
തരുണീമണികളേ : നിങ്ങള്‍ വിഷമിക്കരുത്; ഞാന്‍ ഉടന്‍തന്നെ തിരിച്ചെത്തും ; അണ്ണാന്‍ വലുതായാലും മരംകയറ്റം ഉപേക്ഷിക്കരുതെന്നാണല്ലോ !
യുവാക്കളെ : ഞാന്‍ വരുമ്പോള്‍ നിങ്ങള്‍ എനിക്കായി ഒരു മരമെങ്കിലും മാറ്റിവെക്കണം !!ഹനുമാന്‍ കയറിയ ലങ്ക പോലെ എല്ലാം ചുട്ടുനശിപ്പിക്കരുത് !
-----------------
സമര്‍പ്പണം:
-----------------
"
ദീപാവലിയുടെ പേരും പറഞ്ഞു കഴിഞ്ഞ 4 ദിവസമായി എന്‍റെ സ്വച്ചന്ന നിദ്രയെ ബോംബു പൊട്ടിച്ചു ഇക്കിളിപ്പെടുത്തുന്ന എന്‍റെ പ്രിയപ്പെട്ട ഫ്ലാറ്റ് നിവാസികള്‍ക്ക് ഈ മഹനീയ ലേഘനം ഞാന്‍ മനസ്സാ സമര്‍പ്പിച്ചുകൊള്ളുന്നു. "
സമര്‍പ്പണം:
-----------------
"
ദീപാവലിയുടെ പേരും പറഞ്ഞു കഴിഞ്ഞ 4 ദിവസമായി എന്‍റെ സ്വച്ചന്ന നിദ്രയെ ബോംബു പൊട്ടിച്ചു ഇക്കിളിപ്പെടുത്തുന്ന എന്‍റെ പ്രിയപ്പെട്ട ഫ്ലാറ്റ് നിവാസികള്‍ക്ക് ഈ മഹനീയ ലേഘനം ഞാന്‍ മനസ്സാ സമര്‍പ്പിച്ചുകൊള്ളുന്നു. "
- സ്വന്തം നിഖില്‍