2014, ഏപ്രില്‍ 10.
അയാള്‍ അന്ന് പതിവിലും നേരത്തേ എഴുന്നേറ്റിരുന്നു.
എന്ത് വന്നാലും ഇന്നു ഓഫീസില്‍ നേരത്തേ എത്തണം എന്ന് തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു.
ഓഫീസിലേക്ക് പോകുമ്പോഴാണ് ആ കാഴ്ച അയാള്‍ കണ്ടത്.
റോഡിന്റെ അരികുപറ്റി ഒരു പേപ്പട്ടി കറങ്ങിക്കറങ്ങി നടക്കുന്നു. പിറകെ ഒരുകൂട്ടം തെണ്ടിപിള്ളേരുമുണ്ട്.
യാത്രക്കാർ ആ വശത്തുകൂടി നടക്കാൻ ഭയപ്പെടുന്നത് അയാൾ കണ്ടു. കുറെ ദൂരെയെത്തുമ്പോൾ തന്നെ ആ റോഡിന്റെ മറ്റേ അരികിലേക്കു നീങ്ങുന്നു.
“ഇതിനെ തല്ലിക്കൊല്ലാനാരുമില്ലേ”, അയാൾ തെണ്ടിപിള്ളാരോട് ചോദിച്ചു.
“ഇല്ല.”
“അതെന്താ?”
“എല്ലാവരെയും കടിക്കട്ടെ.”
അയാൾ ഞെട്ടി. മനുഷ്യവിദ്വേഷികളായ ഒരു കൂട്ടം പിള്ളേർ, ഒരു പേപ്പട്ടിയേയും കൊണ്ട് നടക്കുന്നു. മനുഷ്യർക്ക് ഭ്രാന്തുപിടിപ്പിക്കാൻ.
തല്ലിക്കൊല്ലണം അയാൾ തീരുമാനിച്ചു. ഓഫീസിലേക്ക് ഒരു ദിവസത്തെ ലീവിനപേക്ഷിച്ചിട്ട് അയാൾ പേപ്പട്ടിയുടെ പിറകേ കൂടി. വെയിൽ മൂത്തു.
തെണ്ടിപ്പിള്ളേർ പിരിഞ്ഞുപോയി. പേപ്പട്ടി മാത്രം, ആരെയും കടിക്കാതെ എന്നാൽ എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് അലഞ്ഞു നടന്നു. അയാൾ അൽപം പിന്നിലായി എതിരെ വരുന്നവർക്ക് മുന്നറിയിപ്പ് കൊടുത്തുകൊണ്ട് ഊർജ്ജ്സ്വലതയോടെ ഓടി.
ഉച്ച വന്നു.
അയാൾ വിയർത്തൊലിച്ചു. കയ്യിൽ ഒരു ചെറിയ വടി കരുതി. ഈ വെയിലിൽ ഇവനെ കാച്ചണം.
വെയിൽ താണു.
പേപ്പട്ടി അപ്പോഴും അലഞ്ഞു നടക്കുക തന്നെ. ഇടയ്ക്കിടെ അയാളുടെ നേരെ തിരിഞ്ഞു നോക്കിക്കൊണ്ട്, ക്രൂരമായി പല്ലിളിച്ചു കാട്ടി. അയാൾ എറിഞ്ഞു. പേപ്പട്ടി പിടഞ്ഞു വീണു. പിന്നെ കുടഞ്ഞെണീറ്റ് പൂർവ്വാധികം വേഗതയിൽ ഓടി.
ഓട്.
നീ സമുദായത്തിൽ വിഷം ചേർക്കാൻ ഓടുകയാണ്, അല്ലേ?
സമുദായത്തെ കളിപ്പിക്കാൻ നടക്കുകയാണ്, അല്ലേ?
ഓട്. എവിടെ വരെ ഓടുമെന്ന് ഒന്ന് കാണട്ടെ! അയാൾ വീണ്ടും എറിഞ്ഞു. ഏറുകൾക്ക് ശക്തിയേറി. ഏറിൽ നിന്നൊഴിഞ്ഞ്, അവൻ അടുത്തുള്ള മദ്യഷാപ്പിലേക്ക് ഓടിക്കയറി. അയാൾ ഒപ്പമെത്തിയപ്പോഴേക്കും, അവൻ ചെറ്റ പൊളിച്ചു പുറത്തു ചാടിയിരുന്നു.
“എന്താ? എന്താ?” ചാരായം കുടിച്ചു കൊണ്ടിരുന്നവർ ചാടിയെണീറ്റു.
“പേപ്പട്ടി.”
“എവിടെ?”
“ഇതിലേ പോയി”, അയാൾ ഭയത്തോടെ പറഞ്ഞു. “അത്രേയുള്ളോ?” അവർ ഇരുന്നു.
“ഹ!ഹ!!” അവരെല്ലാം കൂടി ആർത്തുചിരിച്ചു. അയാൾ കൂടുതൽ കനമുള്ള ഒരു വടി കണ്ടുപിടിച്ച് പുറത്തേക്കോടി.
വൈകുന്നേരമായപ്പോഴേക്കും, പേപ്പട്ടിയും അയാളും കൂടി നഗരം മുഴുവൻ ചുറ്റിക്കഴിഞ്ഞിരുന്നു.
പേപ്പട്ടി മദ്യപിച്ചിരുന്നു. കാറ്റിൽ മണം തങ്ങിനിന്നു.
പേപ്പട്ടിക്കും അയാൾക്കും പിന്നിലായി ഒരു കൂട്ടം ആളുകൾ നടന്നും ഓടിയും പിൻതുടർന്നിരുന്നു.
അയാൾ തിരിഞ്ഞു നോക്കുമ്പോൾ അവർ നിന്നു.
അയാൾ നടക്കുമ്പോൾ അവരും നടന്നു. ക്ഷുഭിതമായ ജനക്കൂട്ടം.
“പേപ്പട്ടി,” അയാൾ അവരോടു പറഞ്ഞു. അതുകേട്ടപ്പോൾ അവർ ഒരുമിച്ചു ഭയന്നുകൂവി.
അയാൾ അവരെ ശ്രദ്ധിക്കാതെ വീണ്ടും തന്റെ കൃത്യത്തിൽ വ്യാപൃതനായി. അനുധാവനം തുടർന്നു. പിറകിൽ അംഗസംഖ്യ കൂടുന്നതായും അവർ ഭയപ്പെടുന്നത് തന്നെയാണെന്നും അയാൾക്ക് മനസ്സിലായിരുന്നു. അവർ എറിയുന്ന കല്ലുകൾ പിന്നിൽ വന്നു വീഴുന്നു.
സന്ധ്യ എത്തി.
പേപ്പട്ടിയെ കാണാൻ കൂടി വിഷമമായി. അത് ഒന്നും ശ്രദ്ധിക്കാത്തതുപോലെ ഓടിക്കൊണ്ടിരുന്നു. അയാൾ തിരിഞ്ഞു നോക്കുമ്പോൾ ഒരുകൂട്ടം ആളുകൾ ടോർച്ചു ചൂട്ടുമൊക്കെയായി പിറകെയുണ്ട്. ഇടയ്ക്കിടെ ഏറുകൾ വന്നു വീഴുന്നുമുണ്ട്.
അയാൾ ഓടിയപ്പോൾ അവർ ഓടി. അയാൾ നിന്നപ്പോൾ അവർ നിന്നു. അയാളുടെ ദേഹത്ത് കല്ലുകൾ വന്നുവീണു. പിറകിൽ നിന്ന് ആരോ ‘പേപ്പട്ടി, പേപ്പട്ടി’ എന്നു വിളിച്ചു പറയുന്നത് അയാൾക്ക് കേൾക്കാമായിരുന്നു.
ഓടി ക്ഷീണിച്ചപ്പോൾ അയാൾ നിന്നു. അയാളുടെ കാലുകൾ തളർന്നിരുന്നു. അതുകൊണ്ട് മുൻകൈകളിലും കാലുകളിലുമായി ശരീരം താങ്ങി നിർത്തിക്കൊണ്ട് അയാൾ അണച്ചു.
എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഒന്നിനും സാധിച്ചില്ല. നാവ് ഉണങ്ങി വരണ്ടിരുന്നു. അയാൾ അലറി.
ശബ്ദം പുറത്തുവന്നപ്പോൾ അയാൾക്ക് അത്ഭുതം തോന്നി. താൻ കുരയ്ക്കുന്നു; ശരിയായ ഒരു പട്ടിയെപ്പോലെ.
ജനക്കൂട്ടം അടുത്തുവന്നു. അയാൾ കുരച്ചുകൊണ്ട്, വൈരാഗ്യത്തോടെ അവരുടെ നേരെ ചാടിവീണു.
അപ്പോൾ ഒരു പരന്ന കാർ പതറിപ്പാഞ്ഞ് ഒഴുകി വന്നു. ജനക്കൂട്ടത്തെ കണ്ട് കാറിന്റെ വേഗത കുറഞ്ഞു. പിൻസീറ്റിൽ മലർന്നു കിടക്കുന്ന രൂപത്തെ അയാൾ കണ്ടു. ഞെട്ടിപ്പോയി.
അയാൾ അതിന്റെ നേരെ കുരച്ചു.
പേപ്പട്ടി, നിസ്സംഗഭാവത്തോടെ, തളർന്നു കിടന്നു കുരയ്ക്കുന്ന അയാളെയും ജനക്കൂട്ടത്തെയും നോക്കിയിരുന്നു.
കാർ നീങ്ങിക്കൊണ്ടേ ഇരുന്നു. അയാൾ കല്ലേറുകള്‍ക്ക് നടുവില്‍ അത്യുച്ചത്തിൽ കുരച്ചുകൊണ്ടുമിരുന്നു !!
- സ്വന്തം നിഖില്‍.

No comments:
Post a Comment