ഭക്തജനങ്ങളേ , ഇതാ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത !ഞാന്‍ ഒരു 'ആല്‍ബം' ചെയ്യാന്‍ പോകുന്നു!! നിങ്ങള്‍ ആഗ്രഹിച്ചപോലെ നായകനായി അഭിനയിക്കുന്നത് [സോറി ജീവിക്കുന്നത്] വിനീതനായ ഞാന്‍ തന്നെ ആണ്. നായികയായി അതിസുന്ദരിയും സുമുഘയും നിഷ്കളങ്കയുമായ ഒരു മോഡല്‍ ! ആ കുട്ടിക്ക് 3 വയസ്സായപ്പോള്‍ അവളുടെ അച്ഛന്‍ വാങ്ങികൊടുത്ത ഉടയാടകളാണ് ഈ മഹത് കലാസൃഷ്ടിയില്‍ ആ വെണ്ണതോല്‍ക്കുമുടല്‍ അലങ്കരിക്കുന്നത് ! നിഷ്കളങ്കതയുടെ മൂര്‍ത്തിമത്ത് ഭാവം എന്നവളെ വിശേഷിപ്പിക്കാം [ കണ്ടാലേ അത് അറിയാം]! എന്റെ നിഷ്ക്കളങ്കത പിന്നെ 2G സ്പെക്ട്രം അഴിമതി പോലെ ലോകം മുഴുവന്‍ അറിയാവുന്ന പച്ച പരമാര്‍ത്ഥം ആണല്ലോ.
സുപ്രസിദ്ധ ഡയറക്ടര്‍ "സന്തോഷ് പണ്ഡിറ്റ്" ചെയ്തപോലെ നായികയെ സെലക്ട് ചെയ്യാന്‍ ഞാന്‍ പാറശാല മുതല്‍ കാശ്മീര്‍ വരെ നടന്നു ഇന്റര്‍വ്യൂ എടുത്തു [എന്നെ സമ്മതിക്കണം,കലയെ ഉദ്ധരിക്കാന്‍ പെടുന്ന ഒരോ പാടേയ് !] ; മിനിമം ഒരു 1000 നിഷ്കളങ്കകള്‍ എങ്കിലും എന്റെ ഇന്റര്‍വ്യൂവില്‍ അവരുടെ നിഷ്കളങ്കത വ്യക്തമാക്കികാണും. അതില്‍ ഏറ്റവും നിഷ്കളങ്കയായ കുട്ടിയേ ആണ് ഞാന്‍ നായികയായി തീരുമാനിച്ചത്, വെറും നിഷ്കളങ്ക !
നമുക്ക് നേരിട്ടു ആല്‍ബത്തിന്റെ അഗാധതകളിലീക്ക് കടക്കാം. പച്ച പരവതാനി വിരിച്ച മൂന്നാറിലെ തേയില തോട്ടം. തേയില തമിള്‍നാട്ടിലേക്കു പോകാതിരിക്കാന്‍ കാവല്‍ നില്‍ക്കുന്ന, കരിങ്കല്‍ ലോബിയുടെ കണ്ണുകള്‍ ഇനിയും പതിയാത്ത, നല്ല കിടിലന്‍ ഉരുക്ക് പാറ മലകള്‍; ഇന്ത്യയിലീക്ക് ചുമ്മാ വായനോക്കി ഇരിക്കുന്ന പാകിസ്ഥാന്‍ തീവ്രവാദികളെപോലെ മലയുടെ മുകളിലൂടെ തെയിലയെ എത്തി നോക്കുന്ന മേടമാസ സൂര്യന്‍. ഹര്‍ത്താല്‍ എന്ന്നു കേട്ടാല്‍ ബീവറേജിലേക്ക് ഓടുന്ന മലയാളി യുവത്വത്തെപോലെ മലകള്‍ക്കിടയിലൂടെ എന്തിനു എന്നറിയാതെ ഒഴുകുന്ന കാട്ടരുവി. അതിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയാതുര ഗാനം ഒഴുകി എത്തുന്നു. . . . . . .
"രാത്രി ശിവരാത്രിയില്‍ ഒരു സിലസില, അങ്കനവാടിയില്‍ ഒരു സില്‍സിലാ, മ മ മ മ സിലസിലാ, മായാവി ഒരു സിലസിലാ, രാധായാം സിലസിലാ . . . . . ." എന്ന് തുടങ്ങുന്ന അതി സുന്ദരമായ ഗാനം അന്തരീക്ഷത്തില്‍ നിറയുന്നു. ഈ ഗാനം എഴുതി, അത് സംഗീതത്തില്‍ മുക്കി നിങ്ങളുടെ മനസ്സ്കളിലേക്ക് പണ്ടാറമടങ്ങുന്നത് മറ്റാരുംമല്ല, വിനീതനായ ഞാന്‍ തന്നെ. കലയെ ഉദ്ധരിക്കാന്‍ ഞാന്‍ പെടുന്ന ഒരോ കഷ്ട്ടപാടേയ് ! എന്നെ ശരിക്കും സമ്മതിക്കണം !
തീര്‍നില്ല... ഗാനത്തിനൊപ്പം നേരത്തെ പറഞ്ഞ 3 വയസ്സുള്ളപ്പോള്‍ വാങ്ങിയ ഉടയാടകളണിഞ്ഞു ഓടി വരുന്ന നായിക, സ്ലോ മോഷനില്‍ നടന്നു വരുന്ന നായകന്‍ [ഞാന്‍ തന്നെ !] പ്രണയവിവശയായ നായികയുടെ മുഖത്തു നാണം കളിയാടുന്നു ! ['നാണം' എന്താണെന്നു അവരെ പഠിപ്പിക്കാന്‍ ഞാന്‍ പെട്ടപാട്, ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു !] നാണം സഹിക്കവയ്യാതെ നായകന്റെ മാറിലേക്ക് ചാടിവീഴുന്ന നായിക !; അത് ബാലന്‍സ് ചെയ്യാനാകാതെ രണ്ടു പേരും തേയിലതോട്ടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് കെട്ടിപ്പിടിച്ചു ഉരുണ്ടു വീഴുന്നു !അത് വീണ്ടും വീണ്ടും കാണിക്കുന്നു . . . ഇതേ പശ്തലത്തില്‍ നായകന്റെ പുറകിലൂടെ നായിക ചാടി വീഴുന്ന സീക്വന്‍സ് ആണ് അടുത്തത് ! ഒരു കാരണവും ഇല്ലാതെ നായകനെ വീണ്ടും വീണ്ടും കേട്ടിപിടിക്കുന്ന നായിക . . . [നിരൂപകരേ, നായകന്‍ മന്യനെന്നു തെളിയിക്കാന്‍ ആണോ അതോ നായികക്ക് 18 വയസ് ആകാതതതുകൊണ്ടാണോ നായികയെ കേട്ടിപിടിക്കാത്തത് എന്ന് വിവാദമുണ്ടാക്കാന്‍ ചോദിയ്ക്കാന്‍ മറക്കരുത് !]അവസാനം സുര്യന്‍ അസ്തമിക്കുമ്പോള്‍ നായകനും നായികയും കൈകോര്‍ത്തു തേയില തോട്ടത്തിലൂടെ നടന്നകലുന്നു, അന്തരീക്ഷത്തില്‍ '.. .. ഓ .... ഡാകിനി നീ സിലസില......ഓ .... ഡാകിനി നീ സിലസില .....' എന്ന അവസാന വരി ശാന്തമായി സൌമ്യമായി ഉച്ചത്തില്‍ അലയടിക്കുന്നു !!
ഈ മഹനീയ സൃഷ്ട്ടിക്ക് മിനിമം 2 ഓസ്കാര്‍ എങ്കിലും കിട്ടുമെന്ന് ഉറപ്പാണ്. കലയെ പ്രോത്സാഹിപ്പിക്കാന്‍ അറിയാത്ത കേരള സര്‍കാര്‍ അവാര്‍ഡ് ഞാന്‍ കാര്യമാക്കുന്നില്ല ! സലിം കുമാറിന് വരെ കിട്ടിയ നാഷണല്‍ അവാര്‍ഡ് എനുക്കു വേണ്ട. പ്രേക്ഷക ലക്ഷങ്ങള്‍ എന്റെ കൂടെ ഉണ്ടാകും എന്നുറപ്പാണ്. സില്സിലയും കൃഷ്ണനും രാധയും തകര്‍ത് ആടുന്ന ഈ നാട്ടില്‍ എന്റെ ഈ പ്രയത്നം വെറുതെ ആകില്ല !!!!
ഉടനെ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങുന്നുണ്ട്, സന്തോഷ് പണ്ഡിറ്റ് ടിനു ആകാമെങ്കില്‍ ഏതോരള്‍ക്കും ആകാം ! .
[അടിക്കുറിപ്പ്: നിലവാരമില്ലാത്ത ആല്‍ബങ്ങളും സിനിമകളും ഉണ്ടാക്കുന്നവര്‍ ഇതു വായിച്ചു ഒരു നിമിഷം തങ്ങളുടെ പ്രയത്നങ്ങള്‍ വിലയിരുതിയാല്‍, ഇതു വായിക്കുന്ന ഒരുവനെങ്ങിലും ഇത്തരം തരം താഴ്ന ചവിട്ടു നാടകങ്ങളെ മനസ്സുകൊണ്ട് നിരാകരിച്ചാല്‍, ഈയുള്ളവന്റെ പ്രയതനം വൃധാവില്‍ ആയില്ല എന്ന് ഞാന്‍ ആശ്വസിക്കും.]
തുടരും .......
[ക്ഷമക്ക് നന്ദി]
- സ്വന്തം നിഖില്‍.

No comments:
Post a Comment